Thursday
24 May 2018

കുന്നത്തൂരില്‍ ‘പടയൊരുക്കം’  ജാഥ പ്രതിസന്ധിയില്‍

By: Web Desk | Sunday 26 November 2017 10:00 PM IST

ശൂരനാട്: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സംഘത്തിന്റെ പേരില്‍ നാലു കോടിയില്‍പ്പരം രൂപാ തട്ടിപ്പു നടത്തിയ കേസില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന വനിതാനേതാവ് ജയിലിലായതോടെ ഇന്ന് നടക്കേണ്ട രമേശ് ചെന്നിത്തലയുടെ ‘പടയൊരുക്കം’ ജാഥ പ്രതിസന്ധിയിലായി. ഇന്ന് വൈകിട്ട് ഭരണിക്കാവിലാണ് പ്രതിപക്ഷ നേതാവ് നയിക്കുന്ന ജാഥയ്ക്ക് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സ്വീകരണം ആലോചിച്ചിരുന്നത്.ഇതിനിടയിലാണ് കെപിസിസി മുന്‍ സെക്രട്ടറിയും, മുന്‍ നിര്‍വാഹക സമിതി അംഗവുമായിരുന്ന എ വിശാലാക്ഷിയെ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് തട്ടിപ്പിനു സഹായം ചെയ്ത ചില പ്രാദേശിക നേതാക്കന്‍മാര്‍ക്കെതിരെ കൂടി അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം ആശങ്കയിലായിരിക്കുന്നത്.
ചക്കുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്ന കുന്നത്തുര്‍ താലൂക്ക് റസിഡന്‍ഷ്യല്‍ സഹകരണ സംഘത്തിന്റെ മറവില്‍ 2012 -15 കാലയളവില്‍ നടത്തിയ കോടികളുടെ നിക്ഷേപങ്ങളുടെ തിരിമറിയും, ചിട്ടി തട്ടിപ്പും, വ്യാജരേഖ ചമച്ച് വായ്പയെടുക്കലും അടക്കം നാലരക്കോടി രൂപയുടെ തട്ടിപ്പു നടത്തിയത്.
2012ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അധികാരമേറ്റ കോണ്‍ഗ്രസിന്റെ ഭരണ സമിതി തട്ടിപ്പിനു തുടക്കമിട്ടിരുന്നു. സഹകരണ നിയമത്തിലെ ബൈലാ പ്രകാരമുള്ള നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി രജിസ്റ്റര്‍ ചെയ്ത കടലാസ് സംഘത്തില്‍ സ്വന്തം ഇഷ്ടക്കാരെ മുഴുവന്‍ ഭരണം കയ്യാളിയിരുന്നവര്‍ തിരുകി കയറ്റി ബോര്‍ഡ് മെമ്പര്‍മാരാക്കിയിരുന്നു. ഒരേ കുടുംബത്തില്‍ നിന്നുള്ള നിരവധി പേര്‍ ഇങ്ങനെ ഭരണ സമിതി അംഗങ്ങളായിരിക്കുന്നുവെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ തുടക്കത്തില്‍ ആക്ഷേപമുന്നയിക്കുകയും ചെയ്തിരുന്നു.
സംഘത്തിന്റെ മറവില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തും, സ്വാധീനം ഉപയോഗിച്ചും നിരവധി ആളുകളെ സംഘത്തില്‍ നിക്ഷേപം ചെയ്യിപ്പിച്ചിരുന്നു. അഞ്ചു ലക്ഷം വരെയുള്ള നിക്ഷേപക്കാര്‍ നിരവധി പേരുണ്ട്. നിക്ഷേപകര്‍ അറിയാതെ വ്യാജരേഖ ചമച്ച് നിക്ഷേപം പിന്‍വലിക്കല്‍, വ്യാജ രസീത് അച്ചടിച്ച് ജിസിസി എസ് ചിട്ടി നടത്തി പണം അപഹരിക്കല്‍, രജിസ്റ്ററ്റുകളില്‍ കൃത്യമം കാണിക്കല്‍, സര്‍ക്കാര്‍ മുദ്രയുടെ ദുരുപയോഗം, തുടങ്ങിയ വന്‍ ക്രമക്കേടുകളാണ് സംഘത്തില്‍ നടത്തിയത്.
കാലയളവു കഴിഞ്ഞിട്ടും നിക്ഷേപതുക തിരികെ നല്‍കാതെയും, ലേല ചിട്ടിയില്‍ ചേര്‍ന്ന ചിറ്റാളന്‍ മാര്‍ക്ക് ചിട്ടി പിടിച്ച് നാളുകള്‍ കഴിഞ്ഞിട്ടും തുക ലഭിക്കാതായതേടെയാണ് അംഗങ്ങള്‍ പരാതിയുമായി ബാങ്കിനെ സമീപിച്ചെങ്കിലും ഭീഷണിപ്പെടുത്തുകയും കള്ളക്കേസുകളില്‍പ്പെടുത്തി ഇതിനെയൊക്കെ ഭരണ സമിതി നേരിടുകയായിരുന്നു. അംഗങ്ങളായവര്‍ക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ വായ്പ കുടിശിഖയെ തുടര്‍ന്ന് നോട്ടീസ് അയച്ചപ്പോഴാണ് തട്ടിപ്പു വിവരം പുറത്തറിയുന്നത്.തുടര്‍ന്ന് സഹകരണ സംഘം ഓഡിറ്റ് വിഭാഗത്തിന്റെ പരിശേധനയില്‍ ഏകദേശം നാലു കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തുകയായിരുന്നു.അന്വേഷണം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക വിഭാഗത്തിന് നല്‍കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. നാനൂറിലധികം പരാതികളാണ് തട്ടിപ്പു സംബന്ധിച്ച് ലഭിച്ചത്.
ആകര്‍ഷകമായ പലിശ വാഗ്ദാനം ചെയ്ത് പണം നിക്ഷേപിച്ച നിരവധി പേര്‍ക്ക് പണം നഷ്ടമായി. സംഘത്തിലേക്ക് ഫര്‍ണ്ണീച്ചറുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ നല്‍കിയ കമ്പനികള്‍ക്കും ലക്ഷങ്ങള്‍ ബില്‍ തുക ഇനത്തില്‍ നല്‍കാനുണ്ട്.സംഘം ഓഫീസ് പ്രവര്‍ത്തിച്ചു വന്ന കെട്ടിടത്തിന്റെ വാടകയും നല്‍കാനുള്ളതില്‍പ്പെടുന്നു. സംഘത്തിലും സംഘത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ച നന്‍മ സ്റ്റോറുകളിലും നിയമനത്തിനായി ലക്ഷങ്ങള്‍ വാങ്ങിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണവകുപ്പും, സഹകരണ ഓമ്പുഡ്‌സ്മാനും ക്രമക്കേടുകള്‍ കണ്ടെത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഒരു നടപടികളും സ്വീകരിച്ചിരുന്നില്ല. അന്വേഷണം ക്രൈംബ്രാഞ്ച് എറ്റെടുക്കുകയും തട്ടിപ്പുകാരെ അറസ്റ്റു ചെയ്തു തുടങ്ങിയതോടെ പണം നഷ്ടമായവര്‍ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.