Saturday
26 May 2018

വേനല്‍ച്ചൂടിലുരുകി കോട്ടയം

By: Web Desk | Tuesday 13 February 2018 9:23 PM IST

കോട്ടയം: വേനല്‍ച്ചൂടിലുരുകി കോട്ടയം. ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് കടന്നതോടെ റെക്കോര്‍ഡ് ചൂടാണ് കോട്ടയത്ത് അനുഭവപ്പെടുന്നത്. മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ ഇനിയും ചൂടു കൂടുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് കോട്ടയത്താണ്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അന്തരീക്ഷ ഊഷ്മാവില്‍ 2 ഡിഗ്രിയുടെ വര്‍ദ്ധനവാണ് കോട്ടയത്ത്. ഈ മാസം 5 മുതല്‍ 11 വരെയുള്ള ആഴ്ചയില്‍ ശരാശരി താപനില 33.6- 20.8 ഡിഗ്രി ആയിരുന്നത് തിങ്കളാഴ്ച യോടെ 35.5 ഡിഗ്രിയും കുറഞ്ഞത് 24.4 ഡിഗ്രിയുമായി ഉയര്‍ന്നു. സാധാരണ നിലയില്‍ പുനലൂര്‍, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെടാറുള്ളത്.

എന്നാല്‍ കൊച്ചിയില്‍ കൂടിയചൂട് 35.4 ഡിഗ്രിയും പുനലൂരില്‍ 35 ഡിഗ്രിയുമായിരുന്നു. അടുത്ത 18 വരെയുള്ള ആഴ്ചയില്‍ ഉയര്‍ന്ന അന്തരീക്ഷതാപനം 35 ഡിഗ്രിയില്‍ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

വേനല്‍ മഴയിലുണ്ടായ കുറവും അന്തരീക്ഷത്തിലെ കൂടിയ ആര്‍ദ്രതയുമാണ് ചൂടുകൂടാന്‍ കാരണം. 17.4 മില്ലിമീറ്റര്‍ വേനല്‍മഴ പ്രതീക്ഷിച്ചെങ്കിലും 0.2 മില്ലിമീറ്റര്‍ മാത്രമാണ് ഈ കാലയളവില്‍ കിട്ടിയത്. 99 ശതമാനം കുറവ്. കാലവര്‍ഷവും തുലാവര്‍ഷവും കനിഞ്ഞനുഗ്രഹിച്ചതു മാത്രമാണ് ഏക ആശ്വാസം. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലവര്‍ഷത്തില്‍ 1.7 ശതമാനവും തുലാവര്‍ഷത്തില്‍ (ഒക്ടോബര്‍ ഡിസംബര്‍) 20.55 ശതമാനവും മഴ കൂടുതല്‍ ലഭിച്ചിരുന്നു.

വേനലിന്‍റെ രൂക്ഷത ഏറെ ബാധിക്കുന്നത് ജില്ലയിലെ കാര്‍ഷിക മേഖലയെ തന്നെയാവും. കൂടാതെ കിഴക്കന്‍ മേഖലയില്‍ പൊതുവെ രൂക്ഷമായ കുടിവെള്ള ക്ഷാമം ഇത്തവണ ഏറെ പ്രതിസന്ധി സൃഷ്ടിക്കും.

Related News