Friday
14 Dec 2018

ജലനിരപ്പ് ഉയരുന്നു; ആലപ്പുഴ ജില്ലയില്‍ റെഡ് അലര്‍ട്ട്

By: Web Desk | Friday 10 August 2018 6:29 PM IST

സ്വന്തം ലേഖിക
ആലപ്പുഴ: പമ്പാ ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാലും പമ്പാ ഡാമിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിരിക്കുന്നതിനാലും കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ 11 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ തകഴി, പുളിങ്കുന്ന്, കൈനകരി, എടത്വ, തലവടി, ചമ്പക്കുളം, രാമങ്കരി, മുട്ടാര്‍ കാര്‍ത്തികപ്പള്ളി താലൂക്കിലെ വീയപുരം, ചെറുതന, പള്ളിപ്പാട്, കരുവാറ്റ, ചേപ്പാട്, തൃക്കുന്നപ്പുഴ, കുമാരപുരം, ചെങ്ങന്നൂര്‍ താലൂക്കിലെ പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, കൊരട്ടിശ്ശേരി, മാന്നാര്‍ എന്നീ വില്ലേജുകളിലും ചെങ്ങന്നൂര്‍ നഗരസഭയുടെ കീഴില്‍ വരുന്ന എടനാട്, മുണ്ടങ്കാവ്, മംഗലം എന്നീ സ്ഥലങ്ങളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ടെന്ന് തഹസില്‍ദാര്‍മാരും ഇറിഗേഷന്‍ വകുപ്പുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജലനിരപ്പ് ഉയരുന്നത് കുട്ടനാട്ടിലെ ജനങ്ങളില്‍ വീണ്ടും ആശങ്കയുയര്‍ത്തിയിട്ടുണ്ട്. രണ്ടാഴ്ച പെയ്ത കനത്ത മഴയില്‍ കുട്ടനാട്ടില്‍ കനത്ത നാശമാണുണ്ടായത്. മൂന്നാഴ്ചയോളം എ സി റോഡില്‍ ഗതാഗത തടസവും നേരിട്ടു. എ സി റോഡ് പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് വീണ്ടും വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുന്നത്. എന്നാല്‍ വീണ്ടുമെത്തുന്ന മലവെള്ളപ്പാച്ചില്‍ കുട്ടനാട്ടുകാരുടെ പ്രതീക്ഷ തകര്‍ക്കുകയാണ്. 9 മീറ്ററാണ് പമ്പയിലെ ജല വിതാനം. ഇപ്പോള്‍ 5.65 മീറ്റര്‍ ഉയരത്തിലാണ് പമ്പാനദി ഒഴുകുന്നത്.ആനത്തോട് ഡാം തുറന്നതോടെ 1.5 മീറ്ററും പമ്പാ ഡാം തുറന്നതോടെ മൂന്നു മീറ്ററും ജലവിതാനം ഉയര്‍ന്നിട്ടുണ്ട്.പമ്പയാറ്റിലെ വെള്ളം പൂര്‍ണ്ണമായും കുട്ടനാട്ടിലേയ്ക്കാണ് എത്തുന്നത്.ഇതോടെ കുട്ടനാട്ടിലെ ജലനിരപ്പ് മുന്‍പത്തേക്കാള്‍ ഇരട്ടിയാകും.ഇടുക്കി ഡാമുകളും  ഒപ്പം മറ്റുഡാമുകളും  തുറന്നു വിട്ടതും കുട്ടനാടിനെ ബാധിക്കും. കടലിലേയ്ക്ക്  കൂടുതല്‍ വെള്ളമെത്തുന്നതാണ് ഇതിന് കാരണം.വേമ്പനാട്ടു കായല്‍ വഴി കടലിലേയ്ക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയും.ഇതാണ് കുട്ടനാടിനെ ബാധിക്കുന്നത്. പാടശേഖരങ്ങള്‍ മിക്കതും തുറന്നുകിടക്കുന്നത് അനുകൂലമാകുവാന്‍  സാധ്യതയുള്ളതായി  കുട്ടനാട്ടുകാര്‍ പറയുന്നു. പത്തനംതിട്ടയിലെ കക്കി, ശബരിഗിരി പദ്ധതിയുടെ ഭാഗമായ ആനത്തോട് അണക്കെട്ടുകള്‍ തുറന്നതാണ് സ്ഥിതിഗതികള്‍ മാറിമറിയുവാന്‍ കാരണമായത്. മാത്രമല്ല പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍, മീനച്ചിലാര്‍ എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. വീയപുരം, ചെറുതന, പള്ളിപ്പാട്, കരുവാറ്റ, ചേപ്പാട് , തൃക്കുന്നപ്പുഴ, കുമാരപുരം, തകഴി, പുളിങ്കുന്ന്, കൈനകരി, എടത്വ, നിരണം, ചമ്പക്കുളം, രാമങ്കരി, മുട്ടാര്‍, നെടുമ്പ്രം, കടപ്ര, എടനാട്, മുണ്ടങ്കാവ്, മംഗലം, മാന്നാര്‍, തിരുവന്‍വണ്ടൂര്‍, കരട്ടിശ്ശേരി, മാന്നാര്‍ എന്നിവിടങ്ങളിലാണ് ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കുട്ടനാട്ടില്‍ നിറുത്തിയ ക്യാമ്പുകള്‍ ഇനിയും തുടങ്ങാനാണ് സാധ്യതയുള്ളത്. പമ്പാ ഡാം തുറന്ന് നാലു മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടനാട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു തുടങ്ങിയത്.കുട്ടനാട്ടിലെ ഇടവഴികളിലാണ് ആദ്യം വെള്ളം കയറിയത്.എല്ലാ വകുപ്പുകളും സജ്ജമായിരിക്കുവാന്‍ കലക്ടര്‍ പ്രത്യേകനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കലക്ട്രേറ്റിനെ കൂടാതെ താലൂക്ക് തലത്തിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.