Thursday
22 Nov 2018

ഹാര്‍ദിക് പട്ടേലിന്റെ നിരാഹാര സമരം

By: Web Desk | Monday 27 August 2018 12:30 AM IST

അഹമ്മദാബാദ്: പട്ടേല്‍ സംവരണം ആവശ്യപ്പെട്ട് പട്ടീദാര്‍ അനാമത്ത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അഹമദാബാദിലെ സ്വന്തം വീടാണ് സമരവേദി.
സമരം പരാജയപ്പെടുത്താന്‍ പൊലീസിനെ ഉപയോഗിച്ച് ബിജെപി ശ്രമിക്കുകയാണെന്നും ആയിരക്കണക്കിന് അനുയായികളെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചു.
2015ല്‍ നടന്ന പട്ടേല്‍ സംവരണ സമരത്തിന്റെ മൂന്നാം വാര്‍ഷികദിനത്തിലാണ് പട്ടേല്‍ സംവരണ വിഷയം വീണ്ടും ഗുജറാത്തില്‍ സജീവമാക്കിക്കൊണ്ട് ഹാര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. ഗാന്ധിനഗറിലെ പൊതുവേദിയില്‍ നിശ്ചയിച്ചിരുന്ന സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് ഹാര്‍ദിക് പട്ടേലിന്റെ ഉടമസ്ഥതയിലുള്ള അഹമദാബാദിലെ ഫാം ഹൗസാണ് സമര വേദി. പട്ടീദാര്‍ അനാമത്ത് ആന്തോളന്‍ സമിതി അനുഭാവികളായ കോണ്‍ഗ്രസ് എംഎല്‍എമാരുടെ സാന്നിധ്യത്തിലാണ് സമരം തുടങ്ങിയത്.
ഹാര്‍ദികിന്റെ സമരത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഗുജറാത്തിലുടനീളം ഒരുക്കിയിരിക്കുന്നത്.

Related News