Monday
25 Jun 2018

സ്വാതന്ത്ര്യസമര ചരിത്രത്തിലൂടെ

By: Web Desk | Tuesday 29 August 2017 9:09 PM IST

ആദ്യശ്രമം വിഫലം

ഗൗതം എസ് എം

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരുറ്റ ബന്ധുവായ റാല്‍ഫ് ഫിട്ച് എന്ന സഞ്ചാരി ബര്‍മ സന്ദര്‍ശിക്കുന്നതിനായി ഇന്ത്യയിലൂടെ കടന്നുപോയപ്പോള്‍ കണ്ട കാഴ്ചകളുടെ വിവരണമാണ് കമ്പനിയെ നമ്മുടെ രാജ്യത്തേക്കടുപ്പിച്ചത്. സമൃദ്ധി വിളയുന്ന ഇന്ത്യയെക്കുറിച്ചും ഉദാരമതികളായ രാജാക്കന്മാരെക്കുറിച്ചും മുഗള്‍ ചക്രവര്‍ത്തിമാരെപ്പറ്റിയും അവര്‍ മുന്‍പേ തന്നെ കേട്ടറിഞ്ഞിരുന്നു. മുഗള്‍ കൊട്ടാരങ്ങള്‍ ആയിരത്തൊന്ന് രാവുകളിലെ മാന്ത്രികക്കൊട്ടാരങ്ങളെക്കാള്‍ വിസ്മയം ജനിപ്പിക്കുന്നതും അവയെ താങ്ങിനിര്‍ത്തുന്ന കൂറ്റന്‍ സ്തംഭങ്ങള്‍ പോലും സ്വര്‍ണചിറകുകളോടു കൂടിയവയും രത്‌നം പതിച്ചവയുമാണ്… ഇങ്ങനെയുള്ള കേട്ടുകേള്‍വികള്‍ ഈസ്റ്റിന്ത്യാ കമ്പനിയെ ഇന്ത്യയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുകയുണ്ടായി. അങ്ങനെ 1608 ല്‍ ക്യാപ്ടന്‍ വില്യം ഹോക്കിന്‍സ് എന്ന നാവികപ്രമാണി മുഗള്‍ചക്രവര്‍ത്തിയെ നേരിട്ടു കാണുവാന്‍ സൂറത്തില്‍ കപ്പലിറങ്ങി. അവിടെനിന്നും ദിവസങ്ങളോളം നടന്നാണ് ഹോക്കിന്‍സ് അന്നത്തെ ചക്രവര്‍ത്തിയായ ജഹാംഗീറിനെ കാണുവാനെത്തിയത്. മിടുക്കനായ ഹോക്കിന്‍സ് ഒരു ദ്വിഭാഷി ഇല്ലാതെ തന്നെ ചക്രവര്‍ത്തിയോട് സംസാരിച്ചു. അദ്ദേഹത്തിന്റെ തുര്‍ക്കിഭാഷയിലുള്ള പ്രാവീണ്യവും എല്ലാംകൂടി ചക്രവര്‍ത്തിക്ക് ഹോക്കിന്‍സിനെ നന്നേ ബോധിച്ചു. എന്നാല്‍ താന്‍ വന്നതിന്റെ ലക്ഷ്യം നടപ്പാക്കാന്‍ കഴിയാതെ ഹോക്കിന്‍സിന് തിരിച്ചു പോകേണ്ടിവന്നു. അതിനു കാരണക്കാര്‍ പോര്‍ച്ചുഗീസുകാരായിരുന്നു. അവര്‍ അക്ബര്‍ ചക്രവര്‍ത്തിക്ക് വരെ വേണ്ടപ്പെട്ടവരായിരുന്നു. വ്യാപാരബന്ധത്തിലൂടെയായിരുന്നില്ല, മറിച്ച് ക്രിസ്ത്യന്‍ മിഷണറിമാര്‍ എന്ന രീതിയില്‍. സര്‍വമത മൈത്രിയുടെ പ്രചാരകനായ അക്ബര്‍ക്ക് അവരെ വളരെ ഇഷ്ടമായിരുന്നു. അക്ബറിന്റെ കാലത്ത് അവര്‍ മതപ്രചാരകര്‍ മാത്രമായിരുന്നു. അക്ബറിന് ശേഷം ജഹാംഗീറിന്റെ കാലത്താണ് വ്യാപാരക്കരാര്‍ ഉടലെടുത്തത്. പിതാവിന്റെ മിത്രങ്ങളെന്ന കാരണത്താല്‍ ജഹാംഗീറിന് പോര്‍ച്ചുഗീസുകാരെ ഒഴിവാക്കാന്‍ കഴിയില്ലായിരുന്നു. ഹോക്കിന്‍സ് ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ ഉറ്റമിത്രമായി മൂന്ന് വര്‍ഷത്തോളം കൊട്ടാരത്തില്‍ സര്‍വസുഖഭോഗങ്ങളോടും കൂടി കഴിഞ്ഞു എന്നതൊഴിച്ചാല്‍ അദ്ദേഹത്തിന് മറ്റൊന്നും നേടാനായില്ല. വന്നതുപോലെ തിരിച്ചുപോകേണ്ടിവന്നു.