Wednesday
16 Jan 2019

ഇന്ത്യ മുന്നേറുന്നുവെന്ന് ലോകബാങ്ക്

By: Web Desk | Wednesday 11 July 2018 10:27 PM IST

പാരീസ്: അതിസമ്പന്നരായ ഫ്രാന്‍സിനെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യ, ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി.
ലോകബാങ്കിന്റെ 2017ലെ പുതുക്കിയ പട്ടികയാണ് ഇപ്പോള്‍ പുറത്ത് വന്നത്. ലോകബാങ്കിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉല്‍പാദനം (ജിഡിപി) 2.597 ട്രില്യണ്‍ ഡോളറാണ്. ഈ കാലയളവില്‍ ഫ്രാന്‍സിന്റേത് 2.582 ട്രില്യണ്‍ ഡോളറാണ്.
അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്. ചൈന. ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്.
നേരത്തെ മന്ദഗതിയിലായിരുന്ന സമ്പദ്‌വ്യവസ്ഥ 2017 ജൂലായ്ക്ക് ശേഷം കുതിച്ചു കയറുകയായിരുന്നു. നിര്‍മാണ മേഖലയും ഉപഭോക്തൃ മേഖലയുമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചാലക ശക്തികളായി ലോകബാങ്ക് വിലയിരുത്തിയിരിക്കുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെങ്കിലും പിന്നീടുണ്ടായ തിരിച്ചുവരവിനേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഒരു ദശാബ്ദത്തിനിടെ ഇന്ത്യയുടെ ജിഡിപി ഇരട്ടിയായിരുന്നു. ചൈനയുടെ സമ്പദ്‌വ്യവസ്ഥ താഴേക്ക് പോയപ്പോള്‍ ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രതിബിംബമായി ഇന്ത്യ മാറുകയായിരുന്നു.
അന്താരാഷ്ട്ര നാണ്യനിധിയുടെ വിലയിരുത്തല്‍ അനുസരിച്ച് ഈ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 7.4 ശതമാനാണ്. 2019ല്‍ അത് 7.8 ശതമാനം ആകുമെന്നാണ് കണക്ക്.
ഭവന പദ്ധതികള്‍ക്കുള്ള ചെലവിടലും നികുതി പരിഷ്‌കരണവുമാണ് ഈ വിലയിരുത്തലിന് അടിസ്ഥാനം.