Friday
18 Aug 2017

ഇന്ത്യയിൽ സോറിയാസിസ്‌ രോഗികൾ വിവേചനം നേരിടുന്നുവെന്ന്‌ സർവേ റിപ്പോർട്ട്‌

By: Web Desk | Wednesday 26 July 2017 4:45 AM IST

കൊച്ചി: സോറിയാസിസ്‌ രോഗം ബാധിച്ച 60 ശതമാനം ജനങ്ങൾക്ക്‌ ഇന്ത്യയിൽ വിവേചനവും അപമാനവും നേരിടേണ്ടിവരുന്നുണ്ടെന്ന്‌ നൊവാർട്ടിസ്‌ നടത്തിയ ആഗോള സോറിയാസിസ്‌ സർവെ റിപ്പോർട്ട്‌. ലോകത്തെമ്പാടുമുള്ള സോറിയാസിസ്‌ ബാധിതരിൽ 84 ശതമാനം പേരും വിവിധ രീതിയിൽ വിവേചനവും അപമാനവും നേരിടുന്നുവെന്നാണ്‌ സർവെ ഫലം കാണിക്കുന്നത്‌. 40 ശതമാനം പേരും പൊതു സ്ഥലങ്ങളിലാണ്‌ വിവേചനവും അപമാനവും നേരിടുന്നത്‌.
രോഗം പൂർണമായും ഭേദമാകുന്ന കാര്യത്തിൽ സോറിയാസിസ്‌ ബാധിതർക്ക്‌ പ്രതീക്ഷ വളരെ കുറവാണെന്നും സർവെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ നിന്ന്‌ സർവെയിൽ പങ്കെടുത്തവരിൽ 36 ശതമാനം പേരും രോഗാവസ്ഥയിൽ അപകർഷതയുള്ളവരാണ്‌. 48 ശതമാനം പേരും സോറിയാസിസ്‌ തങ്ങളുടെ പ്രൊഫഷണൽ ജീവിതത്തെ ബാധിച്ചതായി പറയുന്നുണ്ട്‌. അസുഖം തങ്ങളുടെ വ്യക്തിബന്ധങ്ങളെ ബാധിച്ചെന്ന്‌ പറയുന്നവർ 30 ശതമാനമാണ്‌. 18 ശതമാനം പേർക്ക്‌ രോഗം പകരുമോ എന്ന ചോദ്യത്തെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്‌. സർവെയിൽ പങ്കെടുത്ത 31 ശതമാനം ഇന്ത്യക്കാർ അസുഖം പൂർണമായും മാറുമെന്ന പ്രതീക്ഷ ഇല്ലാത്തവരാണ്‌. ക്ലിയർ എബൗട്ട്‌ സോറിയാസിസ്‌ എന്ന പേരിൽ 8300 പേരെ പങ്കെടുപ്പിച്ചാണ്‌ സർവെ നടന്നത്‌. സർവെയിലെ കണ്ടെത്തലുകൾ 25-ാ‍മത്‌ യൂറോപ്യൻ അസോസിയേഷൻ ഓഫ്‌ ഡെർമറ്റോളജി ആന്റ്‌ വെനറോളജി കോൺഗ്രസിൽ അവതരിപ്പിച്ചു. സ്വിറ്റ്സർലന്റിലെ മാർക്കറ്റ്‌ റിസർച്ച്‌ കമ്പനിയായ ജി എഫ്‌ കീയാണ്‌ നോവാർട്ടിസിന്‌ വേണ്ടി സർവെ നടത്തിയത്‌. 31 രാജ്യങ്ങിൽ നിന്നുള്ളവർ സർവെയിൽ പങ്കെടുത്തു. സോറിയാസിസ്‌ രോഗികൾ മാനസികവും ശാരീരികവുമായി നേരിടേണ്ടിവരുന്ന വിഷമതകളാണ്‌ സർവെയിൽ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളതെന്ന്‌ എറണാകുളം ലിസി ആശുപത്രിയിലെ ഡെർമറ്റോളജി വിഭാഗം മേധാവി ഡോ. സോമൻ പീറ്റർ ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ ഈ അസുഖത്തിന്‌ ഏറ്റവും മികച്ച ചികിത്സ നൽകാൻ ഡെർമറ്റോളജിസ്റ്റുകൾക്ക്‌ കഴിയണമെന്ന്‌ അദ്ദേഹം വിലയിരുത്തി.

Related News