Wednesday
21 Nov 2018

ഇനി ഏകദിന പരീക്ഷ

By: Web Desk | Thursday 12 July 2018 7:20 PM IST

ട്രോഫിയുമായി വിരാട് കോലിയും ഓയിന്‍ മോര്‍ഗനും

ട്രെന്റ്ബ്രിഡ്ജ്: ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് ഇനി ഏകദിന പരീക്ഷണം. മൂന്ന് മത്സരങ്ങളടങ്ങിയ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനപരമ്പരയ്ക്ക് ഇന്ന് തുടക്കമായി. ഇംഗ്ലണ്ടില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി തങ്ങളുടെ പ്രകടനം വിലയിരുത്താനുള്ള അവസരം കൂടിയാണ് ഏകദിനക്രിക്കറ്റിലെ മുന്‍നിരയിലുള്ള രണ്ട് ടീമുകള്‍ക്കും ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചുമണിക്കാണ് മത്സരം ആരംഭിച്ചത്. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കെതിരെ 32 ഓവറുകള്‍ക്കുശേഷം  ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു.

ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് അവസാനം നടന്ന 12 പരമ്പരകളില്‍ പത്തെണ്ണവും വിജയിച്ചിട്ടുണ്ട്. അവസാനം നടന്ന ഒമ്പത് ഏകദിനപരമ്പരകളിലും ജയിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. ലോകറാങ്കിങില്‍ ആദ്യ 20 ല്‍ ഉള്‍പ്പെടുന്ന എട്ട് ബാറ്റ്‌സ്മാന്‍മാര്‍ രണ്ട് ടീമുകളിലായിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ മികച്ച ഏകദിന ബൗളര്‍മാരെ ഇരുടീമിനും നഷ്ടമാണ്. ഇന്ത്യയുടെ ജസ്പ്രീത് ബുംറയും ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സും കളിക്കുന്നില്ല.
പരമ്പര തൂത്തുവാരാനായാല്‍ ലോക റാങ്കിങിലെ പുതിയ ഒന്നാംസ്ഥാനക്കാരായി ഇന്ത്യ മാറും. 126 പോയിന്റുമായാണ് നിലവില്‍ ഇംഗ്ലണ്ട് ഒന്നാംറാങ്കില്‍ നില്‍ക്കുന്നത്. രണ്ടാംസ്ഥാനത്തുള്ള ഇന്ത്യക്കു 122 പോയിന്റാണുള്ളത്. 113 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് മൂന്നാംസ്ഥാനത്ത്. ഇന്ത്യക്കെതിരായ പരമ്പര 3-0ന് തൂത്തുവാരിയാല്‍ റാങ്കിങില്‍ തങ്ങളുടെ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ ഇംഗ്ലണ്ടിനാവും. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കു മേല്‍ ഇംഗ്ലണ്ടിന്റെ ലീഡ് 10 പോയിന്റായി ഉയരും.

ഇംഗ്ലണ്ട് ഒന്നാം റാങ്ക് കാക്കുന്നതിനൊപ്പം ട്വന്റി20 പരമ്പരയില്‍ ഇന്ത്യയോടേറ്റ തോല്‍വിക്കു പകരം ചോദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. എന്നാല്‍ ഇന്ത്യയാവട്ടെ ടി20യിലെ പ്രകടനം ഏകദിനത്തിലും ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.
ഏകദിന ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും മികച്ച ഫോമിലുള്ള ബാറ്റ്‌സ്മാനാണ് ഇംഗ്ലണ്ട് താരമായ ജോണി ബെയര്‍സ്‌റ്റോ. അവസാനമായി കളിച്ച എട്ട് എകദിനങ്ങളില്‍ നിന്നും നാലു സെഞ്ച്വറികള്‍ നേടാന്‍ ബെയര്‍‌സ്റ്റോയ്ക്കായിരുന്നു.

ബെന്‍ സ്‌റ്റോക്ക്‌സ് ടീമിലേക്ക് തിരികെയെത്തുമ്പോള്‍ ആരെ പുറത്താക്കും എന്നതാണ് ഇംഗ്ലണ്ട് നേരിടുന്ന ചോദ്യം. അലക്‌സ് ഹെയ്ല്‍സിനാകും മിക്കവാറും സ്ഥാനം നഷ്ടപ്പെടുക. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, ജാസന്‍ റോയി, ജോ റൂട്ട്, ജോസ് ബട്ട്‌ലര്‍, മോയീന്‍ അലി എന്നിവരും ചേരുന്ന ഇംഗ്ലണ്ട് ബാറ്റിങ് സ്‌ഫോടനാത്മകമാണ്.

ഏകദിനത്തില്‍ പ്രത്യേകിച്ചും ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റിങിലെ നെടുന്തൂണാകുന്ന ഓപ്പണര്‍ ശിഖര്‍ ധവാന്‍ മികച്ച ഫോമിലാണ്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ട്വന്റി20 പരമ്പരയില്‍ ഫോം തെളിയിച്ചതിനാല്‍ ഇന്ത്യക്ക് ബാറ്റിങില്‍ ആശങ്കപ്പെടാനില്ല. ഏകദിന പരമ്പരയിലും ഇംഗ്ലണ്ട് ഭയപ്പെടുന്ന ഇന്ത്യന്‍ ബൗളര്‍ കുല്‍ദീപ് യാദവ് ആയിരിക്കും.

Related News