Thursday
24 Jan 2019

ഇന്ത്യയിലെ നവ-ഉദാരവല്‍ക്കരണം കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍

By: Web Desk | Monday 9 April 2018 11:01 PM IST

നവ-ഉദാരവല്‍ക്കരണം ഇന്ത്യയില്‍ കാലുറപ്പിക്കുന്നത് 1991 മാര്‍ച്ച് 4ന് ചന്ദ്രശേഖര്‍ മന്ത്രിസഭയിലെ ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ അവതരിപ്പിച്ച ഇടക്കാല ബജറ്റിലാണ്. ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് എന്നായിരുന്നു ഉപയോഗിച്ച വാക്ക്. തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖല സ്ഥാപനങ്ങളില്‍ 20 ശതമാനം ഓഹരി സ്വകാര്യവല്‍ക്കരിച്ച് 2500 കോടി സമാഹരിക്കും എന്നായിരുന്നു പ്രഖ്യാപനം. പക്ഷെ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ചന്ദ്രശേഖര്‍ മന്ത്രിസഭ നിലംപതിച്ചു. തുടര്‍ന്ന് 1991ല്‍ തന്നെ വന്ന നരസിംഹറാവു സര്‍ക്കാരിലെ ധനകാര്യമന്ത്രിയും മുന്‍ ലോകബാങ്ക് ജീവനക്കാരനുമായിരുന്ന മന്‍മോഹന്‍സിങാണ് ഇന്ത്യയില്‍ ആഗോളവല്‍ക്കരണത്തിന് നാന്ദികുറിച്ചത്. 1998ല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ബിജെപി 1968-78 കാലഘട്ടത്തില്‍ ലോകബാങ്ക് ജീവനക്കാരനായിരുന്ന അരുണ്‍ ഷൂറിയെ ‘വിറ്റഴിക്കല്‍ മന്ത്രി’യായി തന്നെ നിശ്ചയിച്ച് രാജ്യത്തെ ഏറ്റവും ലാഭമുണ്ടാക്കിയിരുന്ന മാരുതി ഉദേ്യാഗ് ലിമിറ്റഡ്, വിഎസ്എന്‍എല്‍, ബാല്‍കോ, ഹിന്ദുസ്ഥാന്‍ സിങ്ക് തുടങ്ങിയ കമ്പനികളൊക്കെ വിറ്റുതുലച്ചു. തുടര്‍ന്നുവന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരുകളും ഇതേനയം പിന്തുടര്‍ന്നു. സ്‌പെക്ട്രം വില്‍പനയിലും കല്‍ക്കരിപാടങ്ങള്‍ വിറ്റഴിക്കുന്നതിലും അഴിമതിയുടെ ദേശീയ റെക്കോഡുകള്‍ കുറിച്ചു. പഞ്ചവത്സരപദ്ധതികളിലൂടെ നേടിയ വികസനം കാറ്റില്‍പറത്തി. പിന്നീട് 2014ല്‍ അധികാരത്തില്‍ വന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ നിയന്ത്രിക്കുന്ന ബിജെപി സര്‍ക്കാര്‍ ലക്കും ലഗാനുമില്ലാതെ പൊതുമുതല്‍ വിറ്റഴിക്കുകയും രാജ്യം മുഴുവന്‍ വര്‍ഗീയ, വംശീയ ധ്രുവീകരണം നടത്തുകയും ചെയ്യുന്നു. രാഷ്ട്രവും എന്തിന് ഈ രാഷ്ട്രത്തിന്റെ ഭരണഘടന പോലും ഏറ്റവും വലിയ ഭീഷണികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ മുതല്‍ ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായും മതനിരപേക്ഷ, സോഷ്യലിസ്റ്റ് സമൂഹനിര്‍മിതിക്കായും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ മുന്നിലുള്ള ഇന്നത്തെ ഏറ്റവും പ്രാധാന്യമേറിയ കര്‍ത്തവ്യം രാജ്യത്തെ വര്‍ഗീയമായി ധ്രുവീകരിക്കുന്ന, ശിഥിലീകരിക്കുന്ന, വിറ്റഴിക്കുന്ന സംഘപരിവാര്‍ അജന്‍ഡയെ ചെറുക്കുക എന്നതുതന്നെയാണ്.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നവലിബറല്‍ നയങ്ങളുടെ കുത്തൊഴുക്കിനോടൊപ്പം തന്നെ തൊഴിലില്ലായ്മയും അഴിമതിയും വര്‍ധിച്ചുവരികയും സംഘടിത തൊഴിലാളി മേഖലയില്‍ നിന്നും രാജ്യമൊട്ടൊകെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്നുകൊണ്ടുള്ള ഐക്യം രൂപപ്പെടുകയും ചെയ്തു. ഈ ഐക്യം ശക്തിപ്രാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ ഗുജറാത്ത് സംസ്ഥാനത്തില്‍ അവര്‍ക്ക് ചുവന്ന പരമാവതാനി വിരിച്ച നരേന്ദ്രമോഡി എന്ന മുഖ്യമന്ത്രിയെ പ്രധാനമന്ത്രി പദവിയിലെത്തിക്കുക എന്ന അജന്‍ഡയുമായി മുന്നോട്ടു നീങ്ങിയത്. ദുര്‍ബലമായ യുപിഎ നേതൃത്വത്തിന്റെ എല്ലാ ബലഹീനതകളും ചൂഷണം ചെയ്തുകൊണ്ട്, മനംമയക്കുന്ന വ്യാജവാഗ്ദാനങ്ങളുടെ പെരുമഴ വര്‍ഷിച്ചുകൊണ്ട് അധികാരത്തില്‍ വന്ന എന്‍ഡിഎ രാജ്യം കണ്ട ഏറ്റവും നീചമായ വര്‍ഗീയ ധ്രുവീകരണത്തിനും അഴിമതികള്‍ക്കും ഹീനമായ കോര്‍പറേറ്റ് കൊള്ളകള്‍ക്കും ഒത്താശ ചെയ്യുന്നതാണ് പിന്നീട് കാണുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പോലും അനുവദിക്കാതെ പൊതുമേഖല ബാങ്കുകളുടെയും ഇന്ത്യന്‍ ജുഡീഷ്യറിയുടെ പോലും വിശ്വാസ്യതയുടെ നെല്ലിപ്പലക കണ്ട ഈ കാലഘട്ടത്തില്‍ സംഘപരിവാര്‍ തേര്‍വാഴ്ച തുടരുന്നു. ഇന്ത്യന്‍ പീനല്‍കോഡിലെ 124 എ എന്ന, 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി എഴുതിചേര്‍ത്ത സര്‍ക്കാര്‍ വിരുദ്ധപ്രസംഗം രാജ്യദ്രോഹമാണെന്ന, ബ്രിട്ടീഷുകാര്‍ മഹാത്മാഗാന്ധിക്കും നെഹ്‌റുവിനും എണ്ണമറ്റ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുമെതിരെ പ്രയോഗിച്ച അതേ വകുപ്പ് ജെഎന്‍യുവിലെ പ്രബുദ്ധരായ വിദ്യാര്‍ഥികള്‍ക്കും ഡി രാജ, സീതാറാം യെച്ചൂരി, രാഹുല്‍ഗാന്ധി തുടങ്ങിയ വിവിധ ദേശീയകക്ഷി നേതാക്കള്‍ക്കെതിരെയും മോഡി സര്‍ക്കാര്‍ പ്രയോഗിച്ചത് അടിച്ചമര്‍ത്തല്‍ നയത്തിന്റെ വ്യക്തമായ സൂചനയായിരുന്നു. ഇപ്പോള്‍ വാര്‍ത്താപോര്‍ട്ടലുകളെ നിശബ്ദമാക്കാനുള്ള നിയമനിര്‍മാണം നടക്കുന്നു.
നവ-ഉദാരവല്‍ക്കരണത്തിന്റെ 25 വര്‍ഷങ്ങള്‍ ഇന്ത്യയില്‍ പൂര്‍ത്തിയായപ്പോള്‍ മനസിലാവുന്ന ഒരു പ്രധാന കാര്യം ഇന്ത്യയിലെ മിശ്ര സമ്പദ്‌വ്യവസ്ഥയും പഞ്ചവത്സര പദ്ധതികളും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് നല്‍കിയ അസാമാന്യമായ കരുത്താണ്. അര്‍ജന്റീന എന്ന സമ്പന്ന രാഷ്ട്രവും മറ്റു ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളും നവലിബറല്‍ നയങ്ങള്‍, ലോകബാങ്ക്-ഐഎംഎഫ് മാര്‍ഗനിര്‍ദേശങ്ങളോടെ നടപ്പിലാക്കി, വളരെ ചെറിയ കാലയളവിനുള്ളില്‍ അര്‍ജന്റീനയുടെ കാര്യത്തില്‍ 1971 മുതല്‍ 80 വരെയുള്ള പത്ത് വര്‍ഷക്കാലം കൊണ്ടുതന്നെ പാപ്പരാവുകയും നാളിതുവരെ ആ ദാരിദ്ര്യത്തില്‍ നിന്നും, ആഭ്യന്തര യുദ്ധങ്ങളടക്കമുള്ള നരകയാതനകളില്‍ നിന്നും കരകയറാനാവാതെ നില്‍ക്കുകയുമാണ് എന്ന വസ്തുത കണക്കിലെടുത്താല്‍ കഴിഞ്ഞ 25 വര്‍ഷം കോര്‍പ്പറേറ്റുകള്‍ കിണഞ്ഞുശ്രമിച്ചിട്ടും ഇന്ത്യയിലെ മിശ്ര സമ്പദ്‌വ്യവസ്ഥ പൂര്‍ണമായും തകരാതെ പിടിച്ചുനിന്നു എന്നത് ഇന്ത്യയില്‍ സോവിയറ്റ് സഹകരണത്തോടെ പഞ്ചവത്സരപദ്ധതികള്‍ വഴി ജവഹര്‍ലാല്‍ നെഹ്‌റു നടപ്പിലാക്കിയ, അടിസ്ഥാന വ്യവസായങ്ങള്‍ പൊതുമേഖലയില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള വികസനത്തിന്റെയും സോഷ്യലിസ്റ്റ് മാതൃക പിന്തുടര്‍ന്നുകൊണ്ടുള്ള മിശ്ര സമ്പദ്‌വ്യവസ്ഥയുടേയും മാത്രം ബലംകൊണ്ടാണ്.
പക്ഷേ ആഗോളീകരണം ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ ആ പിടിവള്ളികളെല്ലാം തന്നെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് നഷ്ടമായി കഴിഞ്ഞിരിക്കുന്നു. 2014ല്‍ അധികാരത്തിലെത്തിയ മോഡി സര്‍ക്കാര്‍ 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെപോലും കുലുക്കമില്ലാതെ നേരിട്ട ഇന്ത്യന്‍ പൊതുമേഖല ബാങ്കുകളുടെ അസ്ഥിവാരമിളക്കികഴിഞ്ഞു. പൊതുമേഖല സ്ഥാപനങ്ങള്‍ മുഴുവനായി വിറ്റുതുലച്ചു. ഇന്ത്യയുടെ ചരിത്രത്തിലെങ്ങും കാണാത്തവിധം വര്‍ഗീയമായും വംശീയമായും ജനങ്ങളെ തമ്മില്‍ വിഭജിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നു. രാജ്യത്തെ കലാപഭൂമിയാക്കാനായി വിഘടനശക്തികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ ബാങ്കുകള്‍ പൂട്ടിയിട്ടാല്‍ എന്തുസംഭവിക്കും, ഒരു നിയമത്തിന്റെയും പിന്‍ബലമില്ലാതെ നോട്ടുകള്‍ പിന്‍വലിച്ചാല്‍ എന്തു സംഭവിക്കും എന്നൊക്കെയുള്ള പരീക്ഷണങ്ങള്‍ നടന്നുകഴിഞ്ഞു. ഭരണഘടനയുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ടുതന്നെ എങ്ങനെ അതിനെ നിര്‍വീര്യമാക്കാമെന്ന് വെയ്മര്‍ ഭരണഘടനയിലെ ഒരു വകുപ്പുപോലും റദ്ദാക്കാതെ അതേ ഭരണഘടനയില്‍ ഒരു ഇനേബിളിങ് ആക്ട് കൂടി സന്നിവേശിപ്പിച്ചുകൊണ്ട് അഡോള്‍ഫ് ഹിറ്റ്‌ലര്‍ തെളിയിച്ചിട്ടുണ്ട്. ആ എനേബ്ലിങ് ആക്ടിന്റെ 3-ാം വകുപ്പ് ഇപ്രകാരമാണ്.
”റിഷ് സര്‍ക്കാര്‍ നിര്‍മിക്കുന്ന നിയമങ്ങള്‍ ചാന്‍സിലര്‍ തീരുമാനിക്കുന്നവയും റിഷ് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നവയും ആയിരിക്കും. ആ നിയമങ്ങള്‍ മറ്റൊരു ദിവസം ആ ആക്ടില്‍ തന്നെ പറയാതിരിക്കുന്നിടത്തോളം അവ ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം നിലവില്‍ വരുന്നതാണ്. ഭരണഘടനയിലെ 68 മുതല്‍ 77 വരെയുള്ള വകുപ്പുകള്‍ (അനുഛേദങ്ങള്‍) റീഷ് സര്‍ക്കാര്‍ നിര്‍മിക്കുന്ന നിയമങ്ങള്‍ക്ക് ബാധകമായിരിക്കുന്നതല്ല.” ഈ ആക്ടിലൂടെ ഫലത്തില്‍ ജര്‍മ്മനിയിലെ വെയ്മര്‍ ഭരണഘടന നാസികള്‍ മരവിപ്പിച്ചു. ഇത് നല്‍കുന്ന പാഠം ഭരണഘടനയുടെ ചട്ടക്കൂട് കൊണ്ടുമാത്രം ഒരു ജനാധിപത്യസമ്പ്രദായം ഫാസിസ്റ്റുകളുടെ കയ്യിലേക്ക് വഴുതിപോവുന്നത് തടയാന്‍ സാധ്യമല്ല എന്നാണ്. ജനാധിപത്യം എന്നാല്‍ ഭരണകൂടങ്ങളുടെ വളര്‍ന്നുവരുന്ന ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തല്‍ കൂടിയാണ്. ഇത് രാജ്യത്തെ എല്ലാ ജനാധിപത്യ, മതനിരപേക്ഷ, ഇടതുപക്ഷ ശക്തികളുടേയും ജനങ്ങളോടുള്ള പ്രാഥമിക കര്‍ത്തവ്യം കൂടിയാണ്. ഈ കര്‍ത്തവ്യത്തില്‍ നിന്നും വ്യതിചലിച്ചാല്‍ അവര്‍ അതിനു നല്‍കേണ്ടിവരുന്ന വില അവരുടെ നിലനില്‍പ്പുതന്നെയാണ്.