Wednesday
23 May 2018

ഇന്ത്യന്‍ സമ്പദ്ഘടന പ്രതിസന്ധിയില്‍

By: Web Desk | Friday 29 December 2017 10:39 PM IST

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്ഘടന ഗുരുതരമായ പ്രതിസന്ധിയിലായെന്നും വളര്‍ച്ചനിരക്ക് കൂപ്പുകുത്തിയെന്നും ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കുറ്റസമ്മതം. എട്ടുശതമാനമായിരുന്ന ആഭ്യന്തര വളര്‍ച്ചനിരക്ക് 7.1 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തി. ആഭ്യന്തര വളര്‍ച്ചയില്‍ വന്‍ ഇടിവുണ്ടായതുമൂലം വ്യവസായം, ഉല്‍പാദനം, സേവനം എന്നിങ്ങനെ എല്ലാ മേഖലകളിലും വലിയ തളര്‍ച്ചയാണ് നേരിട്ടതെന്നും ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ ചോദ്യോത്തരവേളയില്‍ സമ്മതിച്ചു.
ഘടനാപരവും ധനപരവുമായ കാരണങ്ങളാണ് തകര്‍ച്ചയ്ക്ക് വഴിവച്ചതെന്ന് തുറന്നുപറഞ്ഞ അദ്ദേഹം പക്ഷേ നോട്ടുനിരോധനം, ചരക്കുസേവന നികുതി (ജിഎസ്ടി) പോലുള്ള മണ്ടന്‍ തീരുമാനങ്ങളെ പരാമര്‍ശിക്കാന്‍ തയ്യാറായില്ല. 2014-15, 2015-16 സാമ്പത്തിക വര്‍ഷങ്ങളില്‍ യഥാക്രമം 7.5, 8 ശതമാനമായിരുന്നു വളര്‍ച്ച നിരക്കെങ്കില്‍ 2016-17 ല്‍ അത് 7.1 ലേയ്ക്ക് കുത്തനെ ഇടിഞ്ഞു. ഈ സാമ്പത്തികവര്‍ഷം ഒന്നാം പാദത്തില്‍ 5.7, രണ്ടാം പാദത്തില്‍ 6.3 ശതമാനമാണ് വളര്‍ച്ച നിര്‍ണയിച്ചിരിക്കുന്നത്. ഈ തിരിച്ചടികള്‍ക്കിടയിലും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) വളരെ വേഗത്തില്‍ പുരോഗമിക്കുന്ന സമ്പദ്ഘടനയെന്ന് ഇന്ത്യയെ വിശേഷിപ്പിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.
റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 6.7 ശതമാനമായി കുറച്ചതിന് പിറകേ ഐഎംഎഫ്, ലോകബാങ്ക് പോലുള്ള സാര്‍വദേശീയ സ്ഥാപനങ്ങളും വളര്‍ച്ച നിരക്ക് കുറച്ച കാര്യം ജെയ്റ്റ്‌ലി മറച്ചുവച്ചു.
അതേസമയം ഇന്ത്യയുടെ വളര്‍ച്ച നിരക്ക് ഈ വര്‍ഷവും 6.7 ശതമാനത്തില്‍ കൂടില്ലെന്ന റിസര്‍വ് ബാങ്ക് നിഗമനത്തിനുള്ള കാരണങ്ങള്‍ ഇന്നലെ ‘ഇന്ത്യ സ്‌പെന്‍ഡ്’ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തുവിട്ടു. 2017 ഓഗസ്റ്റില്‍ 7.3 ശതമാനത്തിലെത്തിയ വളര്‍ച്ച നിരക്ക് പെട്ടെന്ന് പിറകോട്ട് പോയതിന് പിന്നിലെ യഥാര്‍ഥകാരണം പ്രാബല്യത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളും പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തന്നെയാണെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
അനുകൂലമായ കാലാവസ്ഥ ലഭിച്ചതിനെ തുടര്‍ന്ന് കാര്‍ഷികോല്‍പാദനം വര്‍ധിച്ചുവെങ്കിലും പണദൗര്‍ലഭ്യം കാരണം വില ലഭിക്കാതെ പോയത് കാര്‍ഷിക പ്രതിസന്ധിക്ക് കാരണമായെന്ന് റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ ഒക്‌ടോബറിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ടുനിരോധനം ചെറുകിട മേഖലയില്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടത്തിനിടയാക്കി. ഗ്രാമീണ – അര്‍ധനഗര മേഖലകളിലെ സമ്പദ്‌രംഗത്തെ തകര്‍ത്തു.
ഈ സാമ്പത്തിക വര്‍ഷം ആദ്യപാദത്തിലെ തിരിച്ചടി ഉള്‍ക്കൊള്ളാതെ ജിഎസ്ടി നടപ്പിലാക്കിയത് പ്രതിസന്ധി രൂക്ഷമാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉല്‍പാദന മേഖലയില്‍ ഇത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു. 2010 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഉല്‍പാദനമാണ് കഴിഞ്ഞ മണ്‍സൂണ്‍ കാലത്തുണ്ടായത്. എന്നാല്‍ അതിന്റെ മെച്ചം സാമ്പത്തിക മേഖലയില്‍ പ്രതിഫലിച്ചില്ല.
റിസര്‍വ് ബാങ്ക് രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് ഈ വര്‍ഷം 6.7 ശതമാനത്തിലേയ്ക്ക് കുറയുമെന്ന നിഗമനത്തിലെത്തിയതിന് പിറകേ ഐഎംഎഫും ലോക ബാങ്കും വളര്‍ച്ച നിരക്ക് യഥാക്രമം 6.7 – 7 ശതമാനമായി കുറയുമെന്ന് വ്യക്തമാക്കുകയുണ്ടായി.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുവെന്നാണ് ധനകാര്യ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അവകാശപ്പെട്ടിരുന്നതെങ്കിലും സ്ഥിതിഗതികള്‍ ആശാവഹമല്ലെന്ന സൂചനയാണ് മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്. ചരക്കുസേവന നികുതി നടപ്പിലായിട്ട് ആറുമാസമായെങ്കിലും അവ്യക്തതയും ദുര്‍ഗ്രാഹ്യതയും ഇപ്പോഴും തീര്‍ക്കാനാകാത്തത് നികുതി പിരിവില്‍ വന്‍ ഇടിവാണുണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കുന്നതിന് 50,000 കോടി രൂപ പൊതുവിപണിയില്‍ നിന്ന് കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. യഥാര്‍ഥ കാരണങ്ങള്‍ മറച്ചുവയ്ക്കുന്നുവെങ്കിലും എല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഗുരുതരാവസ്ഥയ്ക്ക് അടുത്ത കാലത്തൊന്നും പരിഹാരമാകില്ലെന്നതിന്റെ സൂചന കൂടിയാണ് ഇന്നലെ ലോക്‌സഭയില്‍ ജെയ്റ്റ്‌ലി നടത്തിയ കുറ്റസമ്മതമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Related News