Sunday
19 Nov 2017

നോട്ട് അസാധുവാക്കല്‍ രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ത്തു: കെ പ്രകാശ്ബാബു

By: Web Desk | Wednesday 8 November 2017 10:19 PM IST

കൊല്ലം: നോട്ട് നിരോധനത്തിലൂടെ മോഡി സര്‍ക്കാര്‍ ലക്ഷ്യമിട്ട കാര്യങ്ങളില്‍ ഒന്നുപോലും പ്രാവര്‍ത്തികമായില്ലെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ്ബാബു പറഞ്ഞു. നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികദിനത്തോടനുബന്ധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത പ്രതിഷേധ ധര്‍ണ കൊല്ലം എസ്ബിഐ പ്രധാനശാഖയ്ക്ക് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം പിടികൂടുമെന്നും, കള്ളനോട്ട് ഇല്ലാതാക്കുമെന്നും, ഭീകരവാദികളുടെ സാമ്പത്തിക സ്രോതസ്സ് തകര്‍ക്കുമെന്നും അവകാശപ്പെട്ടുകൊണ്ടാണ് നോട്ട് അസാധുവാക്കിയത്. ഒരു വര്‍ഷമായിട്ടും അതിലേതെങ്കിലും ഒരു കാര്യത്തില്‍ മോഡിക്ക് വിജയിക്കാനായില്ല. പിന്നെന്തിന് ഈ ഭ്രാന്തന്‍ നയം കൊണ്ടുവന്നു എന്ന് മോഡി ജനങ്ങളോട് വിശദീകരിച്ച് മാപ്പ് പറയണം.
നോട്ട് നിരോധനത്തിനുശേഷം ഒരു മാസം കഴിഞ്ഞപ്പോള്‍ സുപ്രീംകോടതി മുമ്പാകെ അത് സംബന്ധിച്ച് ഒരു കേസ് വന്നു. അവിടെ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് നിരോധിച്ച നോട്ടുകളില്‍ 12 ലക്ഷം കോടിയുടെ നോട്ടുകളെ റിസര്‍വ്വ് ബാങ്കില്‍ തിരിച്ചെത്തൂ എന്നാണ്. ബാക്കി മൂന്ന് ലക്ഷം കോടി വരുകയില്ലെന്നും അങ്ങനെ വന്നാല്‍ അത് കള്ളപ്പണമായിരിക്കുമെന്നുമാണ്. എന്നാല്‍ നിരോധിച്ച നോട്ടുകള്‍ ഏതാണ്ട് പൂര്‍ണമായി തിരിച്ചെത്തിക്കഴിഞ്ഞു. അപ്പോള്‍ കള്ളപ്പണം എവിടെപോയി? നോട്ടുനിരോധനത്തിന് മുമ്പ് തന്നെ കള്ളപ്പണക്കാര്‍ക്ക് വെള്ളപ്പണമാക്കാന്‍ അവസരം നല്‍കിയ കാര്യവും ഓര്‍മ്മിക്കേണ്ടതുണ്ട്. കള്ളപ്പണം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് തന്നെ സമ്മതിച്ചുകഴിഞ്ഞു.
നോട്ട് നിരോധനം മൂലം സാധാരണക്കാരുടെ ജീവിതഭാരം വര്‍ദ്ധിച്ചു. ഡിജിറ്റല്‍ പണം ഇടപാട് പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. തട്ടുകടക്കാരനും, മീന്‍കച്ചവടക്കാരനുമൊക്കെ ഡിജിറ്റല്‍ ഇടപാട് നടത്തണമെന്ന് പറയുന്നതൊന്നും പ്രായോഗികമല്ല, ഫലത്തില്‍ സാധാരണ കച്ചവടക്കാര്‍ കട പൂട്ടിപോകുകയാണ് ചെയ്യുന്നത്. നോട്ട് നിരോധനം മൂലം സമ്പദ്ഘടന പുറകോട്ടടിച്ചതായിട്ടാണ് ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാസെന്‍ പറഞ്ഞത്.
‘വലിയ ഭരണം, ചെറിയ മന്ത്രിസഭ’ എന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ ആളാണ് നരേന്ദ്രമോഡി. ഇപ്പോള്‍ അദ്ദേഹത്തിന്റേത് ചെറിയ ഭരണവും വലിയ മന്ത്രിസഭയുമായി പരിവര്‍ത്തനപ്പെട്ടു. ആദ്യം 45 പേരാണ് മോഡി മന്ത്രിസഭയിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 75 ആയി. മുന്‍ സര്‍ക്കാരുകളില്‍ ഉണ്ടായിരുന്ന സാമ്പത്തിക ഉപദേശകസമിതി മോഡി പിരിച്ചുവിട്ടിട്ട് ഏകാംഗ ഉപദേശകനെ തീരുമാനിച്ചു. സാമ്പത്തിക വിദഗ്ദ്ധനായ അരവിന്ദ് സുബ്രഹ്മണ്യത്തെ ആ സ്ഥാനത്ത് നിയമിച്ചു. നോട്ട് അസാധുവാക്കിയത് ഗുണം ചെയ്തില്ലെന്ന് തുറന്നുപറഞ്ഞപ്പോള്‍ അദ്ദേഹത്തെ പുറത്താക്കി. അതുപോലെ നീതി ആയോഗ് വൈസ് ചെയര്‍മാനായിരുന്ന അരവിന്ദ പരഗാറിയായെയും പിരിച്ചുവിട്ടു. റിസര്‍വ്വ്ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന് രണ്ടാമതൊരു അവസരവും നല്‍കിയില്ല. ഇവരെല്ലാം മോഡിയുടെ നോട്ട് അസാധുവാക്കലിനോട് വിയോജിപ്പ് പ്രകടിപ്പിച്ചവരാണ്. ഇപ്പോള്‍ മോഡി സാമ്പത്തിക ഉപദേശകസമിതിയെ വീണ്ടും കൊണ്ടുവന്നിരിക്കുകയാണ്. ഫലത്തില്‍ സാമ്പത്തിക ഫാസിസമാണ് കേന്ദ്രത്തില്‍ നിലനില്‍ക്കുന്നതെന്നും പ്രകാശ്ബാബു പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി കെഎന്‍ ബാലഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ അഡ്വ. എന്‍ അനിരുദ്ധന്‍ സ്വാഗതം പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളായ അഡ്വ. കെ സോമപ്രസാദ് എംപി, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, കമറുദ്ദീന്‍ മുസലിയാര്‍, ആര്‍ കെ ശശിധരന്‍പിള്ള, കാട്ടുകുളം സലിം എന്നിവര്‍ പ്രസംഗിച്ചു.
പ്രകടനത്തിനും ധര്‍ണയ്ക്കും എല്‍ഡിഎഫ് നേതാക്കളായ ആര്‍ രാജേന്ദ്രന്‍, കെ ശിവശങ്കരന്‍നായര്‍, പിഎസ് സുപാല്‍, ആര്‍ വിജയകുമാര്‍, എം സലിം, സാം കെ ഡാനിയേല്‍, പി ഉണ്ണികൃഷ്ണന്‍, ആര്‍എസ് അനില്‍, വിജയമ്മലാലി, കെഎസ് ഇന്ദുശേഖരന്‍നായര്‍, കെ രാജഗോപാല്‍, പി രാജേന്ദ്രന്‍, എസ് സുദേവന്‍, എന്‍ പത്മലോചനന്‍, എഎം ഇക്ബാല്‍, കരിങ്ങന്നൂര്‍ മുരളി, ജോര്‍ജ് മാത്യു, എംഎച്ച് ഷാരിയര്‍, വേങ്ങയില്‍ ഷംസ്, കണ്ണനല്ലൂര്‍ ബെന്‍സിലി, സാബു ചക്കുവള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.