Monday
16 Jul 2018

സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം

By: Web Desk | Sunday 13 August 2017 10:55 AM IST

Editorial

 ബ്രിട്ടീഷ് ഭരണാധികാരികള്‍ പിന്തുടര്‍ന്ന ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന സിദ്ധാന്തത്തെ സംഘപരിവാര്‍ അനുകൂലിച്ചിരുന്നു. ഇതിന്റെയൊക്കെ ഭാഗമായി 1947-ല്‍ സ്വാതന്ത്ര്യം കിട്ടുന്ന സമയത്തുതന്നെ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു

തികച്ചും ഗുരുതരമായ സാഹചര്യത്തിലാണ് രാജ്യത്തിന്റെ 70-ാം സ്വാതന്ത്ര്യവാര്‍ഷികമാഘോഷിക്കുന്നത്. സ്വാതന്ത്ര്യസമരത്തിനിടെ വിഭാവം ചെയ്തതും കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളായി നടപ്പാക്കാന്‍ ശ്രമിച്ചതുമായ പല കാര്യങ്ങളും ഇപ്പോള്‍ ഗുരുതരമായ ഭീഷണി നേരിടുകയാണ്. കൂടാതെ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെയും ഈ ഭീഷണി ബാധിക്കുന്നുണ്ട്. ഈ ഭീഷണി രാജ്യത്തിന് അകത്തുനിന്നുള്ളതാണ്. മറിച്ച് ബാഹ്യമായതല്ല. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 31 ശതമാനം ജനങ്ങളുടെ പിന്തുണയോടെ ബിജെപി അധികാരത്തില്‍ എത്തി. തെറ്റായ തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ അധികാരത്തിലെത്തിയ ഇവരാണ് ഭീഷണി ഉയര്‍ത്തുന്നത്. രാജ്യത്തിന്റെ ബഹുസ്വരത, ജനാധിപത്യം, യുക്തിസഹമായ കാര്യങ്ങള്‍ എന്നിവയൊക്കെതന്നെ ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള ഈ സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഇത് പുതിയ കാര്യമല്ല. സ്വാതന്ത്ര്യസമര കാലഘട്ടത്തിലും ബ്രിട്ടീഷ് കോളനിവാഴ്ചയെ നീട്ടിക്കൊണ്ടുപോകാനുള്ള സഹായമാണ് സംഘപരിവാര്‍ ചെയ്തിരുന്നത്. കൂടാതെ സ്വാതന്ത്ര്യസമരത്തെ അപ്രസക്തമാക്കാനുള്ള നടപടികളും ഇവര്‍ സ്വീകരിച്ചു.

സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ ഏതുതരത്തിലുള്ള പാതയായിരിക്കണം പിന്തുടരേണ്ടതെന്ന ചര്‍ച്ചയില്‍ പൊതുസമൂഹം മുഴുകിയിരുന്നു. ബ്രിട്ടീഷ് ജനാധിപത്യ സംവിധാനത്തിന്റെ നല്ലകാര്യങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു മതേതര ജനാധിപത്യ സംവിധാനം കൊണ്ടുവരാനായിരുന്നു പൊതുവായ ധാരണ. സോഷ്യലിസ്റ്റ് സാമൂഹ്യക്രമം കെട്ടിപ്പടുക്കുന്നതിന് വഴിയൊരുക്കണമെന്ന് വലിയൊരു വിഭാഗത്തിന് അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ വര്‍ഗീയ, ജാതീയ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘപരിവാര്‍ ഹിന്ദുരാഷ്ട്രത്തിനുവേണ്ടിയുള്ള മുദ്രാവാക്യമുയര്‍ത്തി. സാംസ്‌കാരിക ദേശീയത എന്നത് ഇവരുടെ നെറികെട്ട സങ്കല്‍പ്പങ്ങള്‍ക്കുള്ള ഒരു മറയാണ്. ബ്രിട്ടീഷ് ഭരണാധികാരികള്‍ പിന്തുടര്‍ന്ന ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന സിദ്ധാന്തത്തെ സംഘപരിവാര്‍ അനുകൂലിച്ചിരുന്നു. ഇതിന്റെയൊക്കെ ഭാഗമായി 1947-ല്‍ സ്വാതന്ത്ര്യം കിട്ടുന്ന സമയത്തുതന്നെ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു.

സ്വാതന്ത്ര്യത്തിനുശേഷവും ഹിന്ദുരാഷ്ട്രമെന്ന സങ്കല്‍പ്പം നേടിയെടുക്കുന്നതിനുവേണ്ടിയുള്ള തന്ത്രങ്ങള്‍ സംഘപരിവാര്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം ഗോഡ്‌സെ ഈ ആശയത്തിന്റെ ഒരു ഉല്‍പ്പന്നമാണ്. സംഘപരിവാറിന്റെ ഈ നെറികെട്ട പ്രവര്‍ത്തനത്തിനെതിരെ പൊതുസമൂഹം രംഗത്തെത്തി. തങ്ങളുടെ നായകനെന്ന് സംഘപരിവാര്‍ അവകാശപ്പെടുന്ന സര്‍ദാര്‍ പട്ടേല്‍ പോലും ആര്‍എസ്എസിനെ നിരോധിക്കണമെന്ന നിലപാടെടുത്തിരുന്നു.

പുതുതായി സ്വാതന്ത്ര്യം ലഭിച്ച രാജ്യത്ത് ഏറ്റവും ക്രൂരമായ മനുഷ്യഹത്യകള്‍ ഈ സമയത്തും ഒരു ഭരണഘടന രൂപപ്പെടുത്തുക എന്നുള്ള പ്രക്രിയയില്‍ രാജ്യത്തിന്റെ നേതാക്കള്‍ മുഴുകി. ജാതി, മത, വര്‍ഗ, ലിംഗ വ്യത്യാസമില്ലാതെ എല്ലാപേര്‍ക്കും തുല്യത, സാമൂഹ്യനീതി, യുക്തിസഹജത, മതേതര ജനാധിപത്യം എന്നിവയെ ആധാരമാക്കിയുള്ള ഒരു ഭരണഘടന രൂപപ്പെടുത്താനായിരുന്നു തീരുമാനം. ഇതോടൊപ്പം തന്നെ ശാസ്ത്രീയമായ ഒരു മനോഭാവവും അര്‍പ്പണബോധവും ഉണ്ടാകണമെന്ന തീരുമാനവും ഉണ്ടായി. ചൂഷണങ്ങള്‍ ഇല്ലാത്ത ഒരു സമൂഹം അതായിരുന്നു ഭരണഘടന വിഭാവനം ചെയ്തത്. ഈ ഭരണഘടനയെയാണ് 1950-ല്‍ രാജ്യത്തെ ജനങ്ങള്‍ അംഗീകരിച്ചത്. എന്നാല്‍ സമത്വസുന്ദരമായ ഒരു സോഷ്യലിസ്റ്റ് സമൂഹം വാര്‍ത്തെടുക്കുക എന്ന ആശയത്തില്‍ നിന്ന് നേതാക്കള്‍ ഒരു പരിധിവരെ വ്യതിചലിച്ചു. അന്താരാഷ്ട്ര സാഹചര്യങ്ങളുടെ സമ്മര്‍ദഫലമായി പാര്‍ലമെന്ററി ജനാധിപത്യത്തെയാണ് അന്തിമമായി അംഗീകരിച്ചത്. മതേതര സങ്കല്‍പ്പം, നാനാത്വത്തില്‍ ഏകത്വം, ഫ്യൂഡല്‍ സംവിധാനങ്ങളെ ഇല്ലാതാക്കുക, ഫെഡറല്‍ സംവിധാനം ശക്തിപ്പെടുത്തുക, തന്ത്രപ്രധാന വ്യവസായങ്ങളെ ദേശസാല്‍ക്കരിക്കുക, പ്രിവി പഴ്‌സ് സംവിധാനം ഒഴിവാക്കുക, വ്യാവസായികവല്‍ക്കരണം നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെയും ലക്ഷ്യമിട്ടിരുന്നു. ഇതിനൊക്കെ സോവിയേറ്റ് യൂണിയന്‍ ഉള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ നിര്‍ലോഭമായ സഹായങ്ങളും ഉണ്ടായിരുന്നു. സ്വതന്ത്രമായ ഒരു വിദേശനയം പിന്തുടരുന്നതിലൂടെ ചേരിചേരാ പ്രസ്ഥാനം വാര്‍ത്തെടുത്തു. ഇതൊക്കെയാണെങ്കിലും വികസനത്തില്‍ മുതലാളിത്ത സംവിധാനം കൊണ്ടുവരാനുള്ള ഒരവസരവും ഭരണകര്‍ത്താക്കള്‍ പാഴാക്കിയില്ല. ഒരു മിശ്രിത സമ്പദ്‌വ്യവസ്ഥയാണ് നാം സ്വീകരിച്ചത്. കൂടാതെ സ്വതന്ത്രമായ വിദേശനയം ദീര്‍ഘകാലം പിന്തുടരുകയും ചെയ്തു.

സോവിയേറ്റ് യൂണിയന്റെ തകര്‍ച്ച, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ഭരണം ഇല്ലാതായത് തുടങ്ങിയവയൊക്കെതന്നെ അന്താരാഷ്ട്ര സാമ്പത്തിക കുത്തകകള്‍ക്ക് അവരുടെ മേല്‍ക്കോയ്മകള്‍ അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രങ്ങള്‍ക്ക് ആക്കം കൂട്ടി. രാഷ്ട്രീയമായും സാമ്പത്തികമായും ഇത് നടപ്പാക്കാനായിരുന്നു ഇക്കൂട്ടരുടെ ശ്രമം. ഇതിന്റെ ഭാഗമായി രണ്ട് ലോകയുദ്ധങ്ങള്‍ക്കുപോലും ഇവര്‍ തന്ത്രം മെനഞ്ഞു. എന്നാല്‍ ജനങ്ങള്‍ ഇതിനെ പരാജയപ്പെടുത്തിയെന്നതാണ് വസ്തുത.

കഴിഞ്ഞ നൂറ്റാണ്ടിലെ 90 കളുടെ ആദ്യപാദത്തില്‍ ലോക ബാങ്ക്, അന്താരാഷ്ട്ര നാണയനിധി, ലോക വ്യാപാര സംഘടന എന്നീ സംവിധാനങ്ങളെ ഉപയോഗിച്ച് നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാന്‍ ആഗോള സാമ്പത്തിക കുത്തകകള്‍ ശ്രമിച്ചു. സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം എന്നിവയെ ആദാരമാക്കിയായിരുന്നു ഇക്കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍. ആഗോള സാമ്പത്തിക കുത്തകകളുടെ നയങ്ങള്‍ സ്വമേധയാ ചില രാജ്യങ്ങള്‍ അംഗീകരിച്ചു. മറ്റുള്ളവര്‍ പ്രേരണയ്ക്ക് വഴങ്ങി അംഗീകരിക്കേണ്ടതായി വന്നു. ഇന്നുള്ള അരാചകത്വം, സാമ്പത്തിക പ്രതിസന്ധി, വലതുപക്ഷ രാഷ്ട്രീയ ചേരിയുടെ വളര്‍ച്ച എന്നിവയൊക്കെതന്നെ നവ ഉദാരവല്‍ക്കരണ പാതകള്‍ പിന്തുടരുന്നതിന്റെ ഭാഗമാണ്. ഇന്ത്യയുടെ സ്ഥിതിയും മറിച്ചല്ല.

നരസിംഹറാവു – മന്‍മോഹന്‍ സിങ്, തുടര്‍ന്നുവന്ന സര്‍ക്കാരുകള്‍ എന്നിവരൊക്കെതന്നെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ അംഗീകരിച്ചു. ഇതിന്റെ പാരമ്യത്തിലെത്തിച്ചത് നരേന്ദ്രമോഡിയും. ഹിന്ദുരാഷ്ട്രം എന്ന സങ്കല്‍പ്പം നേടുന്നതിനായി ഈ നവ ഉദാരവല്‍ക്കരണ നയങ്ങളെ അതിന്റെ പരമാവധി ആക്കത്തില്‍ നടപ്പാക്കാനുള്ള നിലപാടുകളാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിനാശകാരിയായ ഈ സാമ്പത്തിക നയത്തിന്റെ വിദൂരഭാവിയിലുള്ള നന്മകളെന്ന് പറഞ്ഞ് ജനശ്രദ്ധ തിരിക്കാന്‍ കോര്‍പ്പറേറ്റുകളും കോര്‍പ്പറേറ്റ് നിയന്ത്രിത മാധ്യമങ്ങളും അവരുടെ എല്ലാ ശേഷിയും ശേമുഷിയും ഉപയോഗിക്കുന്നു. ഈ അജന്‍ഡ നടപ്പാക്കാന്‍ സംഘപരിവാറിന്റെ ആയിരക്കണക്കിന് സ്വയംസേവകരും പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്.

ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാരിന്റെ യജമാനനായി സംഘപരിവാര്‍ മാറി.
വിദ്യാഭ്യാസ മേഖലയില്‍ പാഠ്യപദ്ധതിയെ വര്‍ഗീയവല്‍ക്കരിക്കുന്നു. സുപ്രധാനമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സംഘപരിവാര്‍ നേതാക്കളെ നിയമിക്കുന്നു. പലപ്പോഴും വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാതെയാണ് ഇക്കൂട്ടരുടെ നിയമനം. സമൂഹത്തിലെ മതേതരത്വത്തേയും ബഹുസ്വരതയേയും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ന്യൂനപക്ഷങ്ങള്‍, ദളിതര്‍, ആദിവാസികള്‍, മറ്റ് പിന്നാക്ക വിഭാഗക്കാര്‍, സ്ത്രീകള്‍, മറ്റ് ദുര്‍ബല വിഭാഗക്കാര്‍ എന്നിവരൊക്കെ അവഹേളിക്കപ്പെടുന്നു, അടിച്ചമര്‍ത്തപ്പെടുന്നു, ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നു. സമൂഹത്തില്‍ ജാതി-വര്‍ഗീയ ധ്രുവീകരണങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. വളരെ സൂക്ഷ്മമായി പാര്‍ലമെന്ററി സംവിധാനത്തെ തകര്‍ക്കുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നിയമങ്ങളെ കാറ്റില്‍പറത്തി തങ്ങളുടെ സങ്കുചിതമായ നയങ്ങള്‍ക്കുള്ള വേദിയായി പാര്‍ലമെന്റിനേയും നിയമസഭകളേയും മാറ്റുന്നു. ജനാധിപത്യവിരുദ്ധമായ നയങ്ങള്‍ നടപ്പാക്കുന്നതിന് ധന ബില്ലുകളെ ആശ്രയിക്കുന്നു. ഇത്തരം അജന്‍ഡകള്‍ വിജയിക്കാത്തതിനെ തുടര്‍ന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നു. അറിയാനുള്ള അവകാശം വെട്ടിച്ചുരുക്കുന്നു. അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നതിനെ രാജ്യദ്രോഹമായി കാണുന്നു. സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കുന്നതിന് സ്വയംഭരണ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനെയും ജുഡീഷ്യല്‍ സംവിധാനത്തെയും ഭീഷണിപ്പെടുത്തുന്നു.

കുതിരക്കച്ചവടത്തിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അട്ടിമറിച്ച് അധികാരത്തിലെത്തുന്നു. കഴിഞ്ഞയാഴ്ച ഗുജറാത്തില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇക്കാര്യം വ്യക്തമാണ്. മണിപ്പൂര്‍, ഗോവ, അരുണാചല്‍ പ്രദേശ്, മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇതേ നിലപാടുതന്നെയാണ് ബിജെപി സ്വീകരിച്ചത്. നമ്മുടെ മതേതര-ജനാധിപത്യ ഭരണഘടനയെ ഇല്ലാതാക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ നാം പോരാടണം. രാജ്യത്തെ ഭരണഘടനയെ സംരക്ഷിക്കാനായി വിജയം നേടുകയും വേണം.

കോര്‍പ്പറേറ്റുകളുടെ സഹായത്തോടെയാണ് മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. അതുകൊണ്ടുതന്നെ സമ്പദ്‌വ്യവസ്ഥയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് പിടിമുറുക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കോര്‍പ്പറേറ്റുകള്‍ക്ക് ആനൂകൂല്യങ്ങള്‍ വാരിക്കോരി നല്‍കി. ദേശീയ ആസ്തികളായ ഖനികള്‍, എണ്ണ, പ്രകൃതിവാതകം, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയൊക്കെ സ്വകാര്യവല്‍ക്കരിച്ചു. അദാനിമാര്‍ക്കും അംബാനിമാര്‍ക്കുമാണ് കൂടുതല്‍ നേട്ടമുണ്ടായത്.

2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യത്തെ രക്ഷിച്ചത് ദേശസാല്‍കൃത ബാങ്കുകളായിരുന്നു. ഇവയെപ്പോലും സ്വകാര്യവല്‍ക്കരിക്കുന്നു. റയില്‍വേ, എയര്‍ഇന്ത്യ, കല്‍ക്കരി ഖനികള്‍, ഉരുക്ക്, മരുന്നുകമ്പനികള്‍ എന്നിവയൊക്കെ സ്വകാര്യവല്‍ക്കരിക്കുന്നു. സര്‍ക്കാരിന്റെ അധീനതയിലുള്ള എല്ലാ ആസ്തികളും ഈ ഭീഷണി നേരിടുന്നുണ്ട്. കൂടാതെ എറ്റവും വിനാശകാരിയായ നോട്ട് പിന്‍വലിക്കല്‍ തീരുമാനം നടപ്പാക്കി. ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമായി ചരക്കുസേനവ നികുതിയെന്ന ജനവിരുദ്ധ നയവും ഇപ്പോള്‍ നടപ്പാക്കി. ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി എന്നതിലുപരിയായി കള്ളപ്പണം പൂഴ്ത്തിവയ്ക്കുന്നത് വിദേശത്ത് പണം നിക്ഷേപിക്കുന്നത് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിന്നും കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്ന നിലപാടാണ് മോഡി സര്‍ക്കാര്‍ സ്വീകരിച്ചത്.

പനാമാ പേപ്പറുകളില്‍ 500 ഇന്ത്യക്കാരുടെ പേരുണ്ടെന്ന് ഇതിനകം വ്യക്തമായി. രാഷ്ട്രീയക്കാരിലുപരിയായി കുത്തക മുതലാളിമാര്‍, സിനിമാ മേഖലയില്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പട്ടികയില്‍ ഉണ്ട്. എന്നാല്‍ പട്ടിക പുറത്തുവിടാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വായ്പ എടുത്ത് വീഴ്ച വരുത്തിയെന്ന കാരണത്താല്‍ കര്‍ഷകരുടെ ആസ്തികള്‍ ബാങ്കുകള്‍ കണ്ടുകെട്ടുന്നു. എന്നാല്‍ ഒന്‍പത് ലക്ഷം കോടി രൂപ വായ്പ എടുത്ത് മുങ്ങിയ വ്യവസായികള്‍ക്കെതിരെയും കോര്‍പ്പറേറ്റുകള്‍ക്കെതിരെയും നടപടിയില്ല. ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. അവരുടെ ബിസിനസിനെ ബാധിക്കുമെന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് ധനമന്ത്രി ഈ കോര്‍പ്പറേറ്റുകളെ രക്ഷിക്കുന്നത്.

നവ ഉദാരവല്‍ക്കരണ നയങ്ങള്‍ പൂര്‍ണമായും നടപ്പാക്കുന്നതിന് രാജ്യത്തിന്റെ സ്വതന്ത്ര വിദേശ നയത്തെ അട്ടിമറിക്കുന്നു. സാമ്രാജ്യത്വ പാതയിലേയ്ക്ക് കടന്നിരിക്കുകയാണ് നാമിപ്പോള്‍. പ്രത്യേകിച്ചും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ രാജ്യത്തിന്റെ സുരക്ഷയേയും പ്രതിരോധ സംവിധാനങ്ങളെയും ഇസ്രയേലിന് മുന്നില്‍ പണയംവച്ചു. ബ്രിക്‌സ്, ഷാന്‍ഗായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങിയ അന്താരാഷ്ട്ര കൂട്ടായ്മകളില്‍ നിന്ന് ക്രമേണ അകലം പാലിക്കുന്നു. ഇത് തികച്ചും വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യമാണ്. ഇതിനെതിരെ ഒന്നൊന്നായി പോരാടാന്‍ കഴിയില്ല. ഫാസിസ്റ്റ് സംവിധാനത്തിലെത്താനാണ് ഈ സ്വേച്ഛാധിപത്യ പാത പിന്തുടരുന്നതെന്ന പ്രതിധ്വനികള്‍ രാജ്യത്ത് ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ഈ ഫാസിസ്റ്റ് നയങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.

Related News