Monday
17 Dec 2018

‘ഉറങ്ങുന്നത് പോലെയാണ് ശ്രീദേവിയെ അവസാനമായി കണ്ടപ്പോള്‍’

By: Web Desk | Wednesday 28 February 2018 2:13 PM IST

ദുബായില്‍ മരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് മലയാളിയും പൊതു പ്രവര്‍ത്തകനുമായ അഷ്റഫ് താമരശ്ശേരി. തന്റെ നിയോഗമായാണ് അഷ്‌റഫ് ഇതിനെ കരുതുന്നത്. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റില്‍ അഷ്റഫാണ് മൃതദേഹം ഏറ്റുവാങ്ങുന്നതെന്നാണ് എഴുതിയിരിക്കുന്നത്. ഈ രേഖയുമായാണ് കോണ്‍സുലേറ്റ് അധികൃതര്‍ മൃതദേഹം ഇന്ത്യയില്‍ എത്തിച്ചത്.

ബോണി കപൂറിന്റെ ബന്ധുവായ സൗരഭ് മല്‍ഹോത്രയാണ് ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് എല്ലാം നടത്തിയിരുന്നതെങ്കിലും യുഎഇയിലെ നടപടികളെ കുറിച്ച് സൗരഭിന് ധാരണ ഇല്ലാഞ്ഞതിനാല്‍ അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കാനായത്. അഷ്റഫ് താമരശ്ശേരിയ്ക്കൊപ്പം നാസര്‍ വാടാനപ്പള്ളി, നാസര്‍ നന്തി എന്നിവരും ഉണ്ടായിരുന്നു.

ഉറങ്ങുന്നത് പോലെയാണ് ശ്രീദേവിയെ അവസാനമായി കണ്ടപ്പോള്‍ തോന്നിയതെന്നാണ് മൃതദേഹം കൈമാറിയതിന് ശേഷം അഷ്റഫ് താമരശ്ശേരി പറഞ്ഞു. 840 ദിര്‍ഹം വിലവരുന്ന മരത്തിന്റ ശവപ്പെട്ടിയിലാണ് ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയച്ചത്. വാര്‍ത്തകളില്‍ കണ്ടത് പോലെ മുറിവുകള്‍ ഒന്നും തലയില്‍ കാണാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ക്രീനില്‍ കാണുന്നതിനേക്കാല്‍ മെലിഞ്ഞ മുഖമായിരുന്നു അവസാനമായി കാണുമ്പോളെന്നും അഷ്റഫ് പറഞ്ഞു.

യുഎഇയിലെ പ്രവാസികൾക്ക് വളരെ സുപരിചിതനാണ് അഷറഫ് താമരശ്ശേരി. സാമൂഹിക പ്രവർത്തനത്തിന് പ്രവാസി ഭാരതീയ സമ്മാൻ നേടിയ വ്യക്തിത്വം. പ്രവാസജീവിതത്തിനിടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ജീവിതവ്രതമാക്കിയ ആളാണ് അഷറഫ് താമരശേരി. ഇതിനകം ജാതി–മത–ദേശ വ്യത്യാസമില്ലാതെ യുഎഇയിലെ വിവിധ ആശുപത്രികളിലെ മോർച്ചറികൾ നിന്ന് വിവിധ രാജ്യക്കാരുടെ അയ്യായിരത്തോളം മൃതദേഹങ്ങൾ ഇദ്ദേഹം നടപടികൾ പൂർത്തിയാക്കി അയച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളിലെ തിരക്കിൽ തന്നെയായിരുന്നു അഷ്റഫ്.

20 വർഷത്തോളമായി യുഎഇയിലെ അജ്മാനിൽ പ്രവാസ ജീവിതം നയിക്കുന്ന ആളാണ് അഷറഫ്. സ്വന്തമായി ബിസിനസ് നടത്തുന്ന ഇദ്ദേഹം അതെല്ലാം മറ്റുള്ളവരെ ഏൽപിച്ചാണ് പ്രതിഫലേച്ഛ യാതൊന്നും കൂടാതെ സേവനം നടത്തുന്നത്.

Related News