Monday
22 Jan 2018

ഇന്ത്യന്‍ ‘സാരീമണികള്‍’ ദുബായ് വനിതാ കൂട്ടയോട്ടത്തിലെ താരങ്ങള്‍

By: Web Desk | Thursday 23 November 2017 1:07 AM IST

കെ രംഗനാഥ്

ദുബായ്: സാരിപ്പെരുമയുമായി ഇന്ത്യന്‍ നാരീമണികള്‍ ദുബായ് മെഗാകൂട്ടയോട്ടത്തില്‍ തിളങ്ങും. താരങ്ങളായി മലായളിമങ്കമാര്‍ ദുബായ് പൂരത്തോടനുബന്ധിച്ച് നടത്തിയ 1700 ഓളം പേരുടെ ഗള്‍ഫ് റിക്കാര്‍ഡ് സൃഷ്ടിച്ച മൊഗാതിരുവാതിരപോലെതന്നെ 210-ല്‍പ്പരം ദേശീയ ജനവിഭാഗങ്ങളില്‍ നിന്നായി പന്തീരായിരത്തില്‍പരം സ്ത്രീകള്‍ പങ്കെടുത്ത കൂട്ടയോട്ടത്തില്‍ മുപ്പതുപേരുള്ള ‘ടീം സാരി’യായിരുന്നു ഏറ്റവുമധികം കയ്യടി നേടിയത്.
പൊതുജനാരോഗ്യ ബോധവല്‍ക്കരണത്തിനുവേണ്ടിയുള്ള കൂട്ടയോട്ടത്തില്‍ പങ്കെടുത്തതിനൊപ്പം ഇന്ത്യന്‍ സാരിയുടെ പെരുമകൂടി ലോകത്തെ അറിയിക്കണമെന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ സാരിയുടുത്ത് ഓടിയതെന്ന് ടീം സാരിയുടെ സാരഥികളിലൊരാളും വൈക്കം സ്വദേശിനിയുമായ ദുബായിലെ വീട്ടമ്മ മീരാകൈമള്‍ പറയുന്നു. മറാബി ബിസിനസ് ബേ മുതല്‍ 5 കിലോമീറ്ററും 10 കിലോമീറ്റും വരെ രണ്ട് ഗ്രൂപ്പുകളിലായിരുന്നു കൂട്ടയോട്ടം.
ഇന്ത്യന്‍ സാരിയുടെ മഹത്വം വിളിച്ചോതി ഓടിയ ഭാരതസ്ത്രീകള്‍ ഉടുത്തതെല്ലാം വര്‍ണഭംഗിയെഴുന്ന കൈത്തറി സാരികളായിരുന്നു. നമ്മുടെ കൈത്തറിയുടെ പരമ്പരാഗത സൗന്ദര്യം കൂടി ലോകത്തെ അറിയിക്കുകയായിരുന്നു മറ്റൊരു ലക്ഷ്യമെന്ന് മീരാകൈമള്‍ അറിയിച്ചു. ടീം സാരി സംഘത്തില്‍ അംഗപരിമിതരും ഗര്‍ഭിണിമാരും വരെയുണ്ടായിരുന്നുവെങ്കിലും അഞ്ചു കിലോമീറ്ററും അവര്‍ ആവേശകരമായി ഫിനിഷ് ചെയ്തു. യുഎഇ ജിംനാസ്റ്റിക്‌സിലെ അത്ഭുതമായ ആറു വയസുകാരി ലാമിയാ തരീഖ് മലാലയായിരുന്നു കൂട്ടയോട്ടത്തിലെ ഒരു ആകര്‍ഷണബിന്ദുവെങ്കിലും ചേലും ചന്തവുമായി സാരിയുടുത്ത് ഓടിയ ഇന്ത്യന്‍ സ്ത്രീകള്‍ സാരിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് ഓടി മറുപടി പറയുകയായിരുന്നുവെന്ന് കൂട്ടയോട്ടത്തിന്റെ സംഘാടകനും ഇന്ത്യാക്കാരനും പ്ലാന്‍ബി മാര്‍ക്കറ്റിങ് കമ്പനി മേധാവിയുമായ ഹര്‍മിക്‌സിങ് അഭിപ്രായപ്പെട്ടു. പാതയോരങ്ങളില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ കരഘോഷവും ഹര്‍ഷാരവും മുഴക്കി സാരിസംഘത്തെ പ്രോത്സാഹിപ്പിച്ചപ്പോള്‍ അത് നമ്മുടെ സാരിത്തനിമയുടെ അംഗീകാരത്തിന് വിളംബരമായെന്നാണ് സംഘാടകരും ഇന്ത്യാക്കാരികളുമായ ഡോ. സോതംസൂദും മഞ്ജുരാമനും പറഞ്ഞത്.