Wednesday
12 Dec 2018

ഇന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീകള്‍ ഇപ്പോഴും വിറകുതേടി നടക്കുന്നുണ്ട്

By: Web Desk | Saturday 10 February 2018 9:49 PM IST

അബ്ദുള്‍ ഗഫൂര്‍

വീട്ടുകാരെല്ലാവരും ഉറങ്ങിക്കിടക്കേ പുലര്‍ച്ചെ അഞ്ചിന് ഉറക്കമുണര്‍ന്ന് അവള്‍ ബുബ്ലി വിറകുതേടി കുന്നുകയറി. നാലുകിലോമീറ്റര്‍ അകലെ ചെന്ന് അന്നത്തെ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വിറകുശേഖരിച്ച് പുലരുന്നതോടെ തിരികെയെത്തി ആഹാരം പാകം ചെയ്യാനൊരുങ്ങുമ്പോഴാണ് വെള്ളമില്ലെന്ന് ഓര്‍ത്തത്. കുടവുമെടുത്ത് അടുത്ത കുന്ന് കയറ്റം തുടങ്ങി. ഉത്തര്‍പ്രദേശിലെ സുര്‍ഗാനയെന്ന ആദിവാസി ഗ്രാമത്തിലെ മിക്കവാറും എല്ലാ വീടുകളില്‍ നിന്നും ഇതുപോലെ സ്ത്രീകള്‍ പുലര്‍ച്ചെ എഴുന്നേറ്റ് വിറകു തേടിയും വെള്ളമെടുക്കാനുമായി കുന്നുകയറുന്നു.
സബ്‌സിഡി നിരക്കിലുള്ള പാചകവാതകവും സൗജന്യനിരക്കിലുള്ള വൈദ്യുതിയും ശുദ്ധജലവും ഇന്ത്യയിലെ എല്ലാ വീടുകളിലുമെത്തിച്ചുവെന്ന സര്‍ക്കാര്‍ കണക്കുകള്‍ അവര്‍ അറിയുന്നേയില്ല. തങ്ങള്‍ ആ കണക്കുകള്‍ക്കു പുറത്താണെന്നും. ആയിരത്തോളം കുടുംബങ്ങള്‍ പാര്‍ക്കുന്ന ഈ ഗ്രാമത്തിലെ എല്ലാ വീടുകളിലേയും സ്ത്രീകളുടെ സ്ഥിതി ഇതുതന്നെയാണ്. ഭക്ഷണം പാകം ചെയ്യാന്‍ മാത്രമല്ല വസ്ത്രങ്ങള്‍ അലക്കാനും മറ്റുമായും വെള്ളം ശേഖരിച്ചെത്തിക്കുകയെന്ന ചുമതലയും സ്ത്രീകളുടേതാണ്.
സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് അവളുടെ ദുരിതങ്ങള്‍. വീട്ടില്‍ കന്നുകാലികളുണ്ടെങ്കില്‍ ജലത്തിന്റെ ആവശ്യം കൂടും. തൊട്ടടുത്തെവിടെയെങ്കിലും പൊതുപൈപ്പുണ്ടെങ്കില്‍ അതില്‍ ജലമെത്തുന്ന നേരം കാത്തിരുന്നു സംഭരിച്ചുവച്ചാല്‍ മതിയാകും. വേനല്‍ക്കാലത്ത് വെള്ളത്തിനായുള്ള നടത്തത്തിന്റെ ദൈര്‍ഘ്യം കൂടും. കാരണം തൊട്ടടുത്ത പൈപ്പില്‍ വെള്ളമുണ്ടാകില്ല. അടുത്തെവിടെയെങ്കിലുമുള്ള നദിയില്‍ നിന്നോ മറ്റോ ശേഖരിക്കണം. അതിനായി പലവട്ടം നടക്കണം. കിലോമീറ്ററുകള്‍ നടന്ന്, വിറകു ചുമന്ന് നടന്ന് അവളുടെ ശരീരം രോഗബാധിതമാകും. ഇത് ഉത്തര്‍ പ്രദേശിലെ ഒരു ആദിവാസി ഗ്രാമത്തിന്റെ മാത്രം അനുഭവമല്ല. ഉത്തരേന്ത്യയിലെ മഹാഭൂരിപക്ഷം ഗ്രാമങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ കണക്കനുസരിച്ച് ആധുനിക കക്കൂസ് ഇല്ലാത്ത വീട്ടില്‍ പ്രതിദിനം ഒരു മനുഷ്യന് ശരാശരി ആവശ്യമായി വരുന്നത് 40 ലിറ്റര്‍ വെള്ളമാണ്. ഗ്രാമങ്ങളിലെ സാധാരണ കുടുംബത്തിനായി 200 ലിറ്റര്‍ ജലം ആവശ്യമായി വരുമെന്നര്‍ഥം.
പാചകത്തിനാവശ്യമായ വിറകുകള്‍ തേടി അതി രാവിലെ വീട്ടില്‍ നിന്ന് പുറപ്പെടുന്ന ബുബ്ലിമാരുള്ള ഇന്ത്യയിലാണ് തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ എട്ടുകോടി കുടുംബങ്ങള്‍ക്ക് പാചകവാതകം നല്‍കിയെന്ന് വിടുവായത്തം പ്രധാനമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഗ്രാമീണ ഇന്ത്യയുടെയും കാര്‍ഷിക മേഖലയുടെയും വികസനമാണ് മുഖ്യ അജന്‍ഡയെന്ന് കേന്ദ്ര ഭരണാധികാരികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയിലെ പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ രോഷംപൂണ്ട കര്‍ഷകര്‍ സമരത്തിനിറങ്ങിയത്.
വിവിധ നേതാക്കളുടെ പേരില്‍ ഓരോ ഭരണവും രാജ്യത്ത് വൈദ്യുതി നല്‍കുന്നതിന് പദ്ധതികള്‍ നടപ്പിലാക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെയാണ് മുപ്പത് കോടി പേര്‍ക്ക് (മൊത്തം ജനസംഖ്യയുടെ നാലിലൊന്നിലധികം) ഇപ്പോഴും വൈദ്യുതിയെത്തിയിട്ടില്ലെന്ന കണക്കുകള്‍ പുറത്തുവരുന്നത്. ഏഷ്യാ വന്‍കരയിലാകെ വൈദ്യുതി ലഭ്യമല്ലാത്തവരുടെ എണ്ണം 61.5 കോടി മാത്രമാണെന്നും ഇന്ത്യയേക്കാള്‍ ജനസംഖ്യയുള്ള ചൈനയും ഈ വന്‍കരയിലാണെന്നതും ഇതിനോട് ചേര്‍ത്തുവായിക്കുക. അപ്പോള്‍ വ്യക്തമാകും വൈദ്യുതിയില്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങളുടെ പരിതാപകരമായ അവസ്ഥ. സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴാണ് പത്തു ശതമാനം ഭവനങ്ങളിലും വൈദ്യുതിയില്ലാത്തത്. അതില്‍ മഹാഭൂരിപക്ഷവും ഗ്രാമീണ മേഖലയിലാണെന്നുമോര്‍ക്കുക. രാജ്യത്തെ 90 ലക്ഷം കുടുംബങ്ങള്‍ ഇപ്പോഴും മണ്ണെണ്ണ വെളിച്ചത്തില്‍ ഇരുട്ടകറ്റുകയും വിറകുകിട്ടാതിരിക്കുമ്പോള്‍ ആഹാരം പാചകം ചെയ്യുകയും ചെയ്യുന്നവരാണ്. കേന്ദ്രത്തില്‍ അധികാരമേറ്റ നരേന്ദ്രമോഡി സര്‍ക്കാര്‍ 2014 ല്‍ തന്നെ ആരംഭിച്ച സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ കാലാവധി 2019 വരെയാണ്. അപ്പോഴും ജനസംഖ്യയിലെ നാലിലൊന്നിന് വൈദ്യുതി ലഭിച്ചിട്ടില്ലെന്നര്‍ഥം.
2011 ലെ സെന്‍സസ് അനുസരിച്ച് രാജ്യത്ത് 24.39 കോടി കുടുംബങ്ങളാണുള്ളത്. അതില്‍ 17.91 കോടിയും അധിവസിക്കുന്നത് ഇന്ത്യന്‍ ഗ്രാമങ്ങളിലാണ്. ഇതില്‍ 10.69 കോടി കുടുംബങ്ങളും തീരാ ദുരിതമനുഭവിക്കുന്നവരാണ്. ഇവരില്‍ 5.37 കോടി പേര്‍ (29.97 ശതമാനം) ക്കും വരുമാനോപാധി കായികാധ്വാനമാണെങ്കിലും ഒരു തുണ്ട് ഭൂമിപോലും സ്വന്തമായില്ലാത്തവരാണ്. ജന്മിമാരുടെയും ഭൂവുടമകളുടെയും മണ്ണില്‍ അധ്വാനിക്കുന്നവരാണെന്നര്‍ഥം. ഗ്രാമങ്ങളിലെ 2.37 കോടി (13.25 ശതമാനം) ജീവിക്കുന്നത് ഒറ്റമുറി വീടുകളിലാണ്. ഗ്രാമങ്ങളില്‍ പാര്‍ക്കുന്നവരിലെ 21.53 ശതമാനം പേര്‍ (3.86 കോടി) പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെടുന്നു. 10,000 രൂപ പോലും മാസവരുമാനമില്ലാത്ത 7.05 കോടി (39.39 ശതമാനം) കുടുംബങ്ങള്‍ നമ്മുടെ രാജ്യത്ത് ഗ്രാമങ്ങളില്‍ അധിവസിക്കുന്നുണ്ട്. ഇത്തരം ഗ്രാമീണ അസമത്വത്തിന്റെ കണക്കുകള്‍ നിലനില്‍ക്കുമ്പോഴാണ് ഗ്രാമീണ ഇന്ത്യയെക്കുറിച്ചും കാര്‍ഷിക മേഖലയെ കുറിച്ചും കേന്ദ്ര ഭരണാധികാരികള്‍ വാതോരാതെ സംസാരിച്ചുകൊണ്ടിക്കുന്നതെന്നതാണ് വൈരുദ്ധ്യം.
ഗ്രാമീണ ഇന്ത്യയുടെയും കാര്‍ഷികമേഖലയുടെയും തൊഴിലില്ലായ്മയുടെയും ആധാറിന്റെയും എന്നുവേണ്ട സമീപകാല ഇന്ത്യ രോഷത്തോടെ സംസാരിക്കുന്ന എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരമാര്‍ഗം നിര്‍ദ്ദേശിച്ചായിരുന്നു 2014 ല്‍ നരേന്ദ്രമോഡി അധികാരത്തിലെത്തിയത്. എന്നാല്‍ അതൊന്നും ഇപ്പോള്‍ സംസാരിക്കാതെ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി എല്ലാ കുറ്റവും മുന്‍ഭരണാധികാരികളില്‍ ചാര്‍ത്താനാണ് ശ്രമിച്ചത്. ഒരര്‍ഥത്തില്‍ അതു ശരിയാണ്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള എഴുപത് വര്‍ഷത്തിനിടെ രാജ്യം ഏറ്റവുമധികം കാലം ഭരിച്ചത് ബിജെപിയായിരുന്നില്ലല്ലോ. ജനതാപാര്‍ട്ടിയും ഐക്യമുന്നണിയും ബിജെപിയുമെല്ലാം ചേര്‍ന്നാലും 17 വര്‍ഷത്തോളം മാത്രമേ രാജ്യം ഭരിച്ചിട്ടുള്ളൂ. ഇടതുപിന്തുണയോടെ കോണ്‍ഗ്രസ് ഭരിച്ച കാലയളവ് കൂട്ടിയാലും ഇരുപത് വര്‍ഷം തികഞ്ഞേക്കില്ല. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്കു ഉത്തരവാദികള്‍ കോണ്‍ഗ്രസ് തന്നെയാണ്.
കോണ്‍ഗ്രസിന്റെ ഭരണത്തെ ന്യായീകരിക്കേണ്ട ഉത്തരവാദിത്വം ഇല്ലെങ്കിലും ഇടതുപക്ഷം പിന്തുണ നല്‍കിയ കാലത്തെ ഒന്നാം യുപിഎ ഭരണത്തേയും ഇടതുപക്ഷം പങ്കാളിത്തമുണ്ടായിരുന്ന ഐക്യമുന്നണി (വളരെ ചെറിയ കാലയളവ്) ഭരണത്തേയും താരതമ്യം ചെയ്തുകൊണ്ട് ബിജെപി മറുപടി പറയേണ്ട ചില സംഗതികളുണ്ട്. ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്താണ് കാര്‍ഷിക സബ്‌സിഡികള്‍ പുനഃസ്ഥാപിച്ചത്. താങ്ങുവില നിര്‍ബന്ധിതമാക്കിയതും അക്കാലയളവിലായിരുന്നു. രാജ്യത്തെ സ്വാതന്ത്ര്യസമരങ്ങളെയെല്ലാം ദേശീയ സമരങ്ങളായി അംഗീകരിക്കുന്നതും അക്കാലയളവിലായിരുന്നു. ഇടതുപക്ഷം പിന്തുണച്ച ഒന്നാം യുപിഎ ഭരണകാലയളിവാലണ് വിവരാവകാശ നിയമവും ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയും പോലുള്ള സുപ്രധാനമായ നിയമനിര്‍മാണങ്ങളും പദ്ധതികളുമുണ്ടായത്. വിപി സിങ് ഭരണ കാലയളവിലാണ് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്തത്. രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെ ജീവിതത്തിന്റെ മുന്നണിയിലേയ്ക്ക് കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളുണ്ടായത്. മതേതരത്വം സംരക്ഷിക്കുന്നതിനായി സ്വന്തം അധികാരമുപേക്ഷിക്കേണ്ടി വന്ന ഭരണാധികാരിയെന്ന പേര് ചാര്‍ത്തപ്പെട്ട പ്രധാനമന്ത്രിയായിരുന്നു വിപി സിങ്ങെന്നതും ഓര്‍ക്കുക.
രാജ്യത്തെ അടിസ്ഥാന ജനവിഭാഗത്തിന് തൊഴില്‍ ജീവിത സംവരണം ഉറപ്പാക്കുന്നതിനായുള്ള മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ആ മന്ത്രിസഭയ്‌ക്കെതിരെ സംഘപരിവാര്‍ പിന്തുണയോടെ സവര്‍ണകോമരങ്ങള്‍ കലാപം അഴിച്ചുവിട്ടതെന്നതും ചരിത്രത്തിന്റെ ഭാഗമാണ്. ഇവയെല്ലാം പരിശോധിക്കുമ്പോള്‍ ബിജെപി ഒഴികെയുള്ള കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളെല്ലാം സുപ്രധാനമായ നേട്ടങ്ങള്‍ അടയാളപ്പെടുത്തിയവയായിരുന്നുവെന്ന് കാണാവുന്നതാണ്. രണ്ടുതവണയായി രാജ്യം ഭരിച്ച ബിജെപിക്ക് അത്തരത്തില്‍ അടയാളപ്പെട്ട എത്ര പദ്ധതികളുണ്ടെന്ന ചോദ്യം ഇക്കാലത്ത് പ്രസക്തമാകുകയാണ്. നെഹ്‌റുവിന്റെയും മഹാത്മാഗാന്ധിയുടെയും അതുപോലുള്ള ദേശീയ നേതാക്കളുടെയും പേരില്‍ കോണ്‍ഗ്രസും മറ്റ് സര്‍ക്കാരുകളും നടപ്പിലാക്കിയ പദ്ധതികള്‍ സ്വന്തം നേതാക്കളുടെ പേരിലേയ്ക്ക് മാറ്റി നടപ്പിലാക്കുന്നതിനപ്പുറം പുതിയ എന്തു പദ്ധതിയാണ് ബിജെപി ആവിഷ്‌കരിച്ചത്? നോട്ടുനിരോധനവും അശാസ്ത്രീയവും ധൃതിപിടിച്ചുള്ളതുമായ ചരക്കുസേവന നികുതിയും അല്ലാതെ മറ്റെന്താണുള്ളത്. അതുകൊണ്ട് ഭരിച്ചത് കുറച്ചുകാലമാണെങ്കിലും ഇന്ത്യ ഇന്നഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളുടെയും ഗ്രാമീണ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികളുടെയും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ നരേന്ദ്രമോഡിയുടെ വാചാടോപങ്ങള്‍ സഹായകമാകില്ലെന്നുറപ്പാണ്.