Sunday
22 Oct 2017

സമ്പദ്ഘടന മെച്ചപ്പെടാന്‍ ജനങ്ങളുടെ ക്രയശക്തി ഉയരണം

By: Web Desk | Wednesday 4 October 2017 1:21 AM IST

ന്ത്യന്‍ സമ്പദ്ഘടന ആഴമേറിയ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ മാത്രമല്ല, ഭരണകക്ഷിയിലെ പ്രമുഖരും പറയാന്‍ തുടങ്ങിയിരിക്കുന്നു. സമ്പദ്ഘടന കുഴപ്പത്തെ നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും സമ്മതിക്കുന്നു. എന്നാല്‍ ഇതൊരു താല്‍ക്കാലിക പ്രതിസന്ധിയാണെന്നാണ് അവര്‍ പറയുന്നത്. ബിജെപിയിലെ പല പ്രമുഖരും ഇതിനോട് യോജിക്കുന്നില്ല. സെപ്റ്റംബര്‍ 26-ലെ ദി ഹിന്ദു ബിസിനസ് ലൈനില്‍ റഷീദ ഭഗത് എഴുതിയ ലേഖനത്തില്‍ രണ്ട് ബിജെപി നേതാക്കളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപി നേതാവും പാര്‍ലമെന്റ് അംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമിയുടേതാണ് ഒന്ന്. ഇന്ത്യ നേരിടുന്നത് സമ്പദ്ഘടനയുടെ ഒരു താല്‍കാലിക മാന്ദ്യമല്ല, ഒരു തകര്‍ച്ചയെയാണെന്ന് സ്വാമി അഭിപ്രായപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ സമ്പദ്ഘടന ആടിയുലഞ്ഞ് അടിത്തട്ടിലെത്തിയിരിക്കുകയാണെന്നാണ് ആര്‍എസ്എസിന്റെ സാമ്പത്തിക വിദഗ്ധനായ ഗുരമൂര്‍ത്തി ഒരു യോഗത്തില്‍ അഭിപ്രായപ്പട്ടത്. അതിന്റെ കാരണങ്ങളും അദ്ദേഹം പറഞ്ഞിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍, ചരക്ക് സേവനനികുതി നടപ്പാക്കല്‍ തുടങ്ങിയവയാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍. നരേന്ദ്രമോഡി തന്റെ വികസനലക്ഷ്യത്തിന്റെ അടിത്തറ പാകാനാണ് ഇത് നടപ്പാക്കിയത്. സമ്പദ്ഘടന ഇപ്പോള്‍ തന്നെ തകര്‍ച്ചയിലാണ്. ഇത് സമ്മതിക്കുന്ന മോഡി, ഈ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത് 50,000 കോടി രൂപ ഇന്ത്യയില്‍ ചെലവഴിക്കണമെന്നാണ്. രണ്ടാമത് അദ്ദേഹം ചെയ്തത് സാമ്പത്തിക ഉപദേശക സമിതി പുനഃസംഘടിപ്പിച്ചതാണ്. ഇതിന്റെ നേതൃത്വം നീതി ആയോഗ് അംഗമായ ബിബെക് ഡെ ബ്രോയ്ക്ക് ആയിരിക്കും. ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത്‌സിന്‍ഹ സാമ്പത്തിക തകര്‍ച്ചയെ അതിനിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ഈ തകര്‍ച്ച പരിഹരിക്കാന്‍ എന്ത് ചെയ്യണമെന്ന് പ്രധാനമന്ത്രിക്കും അറിഞ്ഞുകൂടെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു. കറന്‍സി അസാധുവാക്കലും ചരക്ക് സേവനനികുതി ഏര്‍പ്പെടുത്തിയതുമാണ് ഈ തകര്‍ച്ചയ്ക്ക് കാരണം. അതേസമയം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കുറവ് പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടുമില്ലെന്ന് സിന്‍ഹ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയേയും ലേഖനത്തില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. യശ്വന്ത് സിന്‍ഹയുടെ അഭിപ്രായങ്ങളെ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരവും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയും സ്വാഗതം ചെയ്തിട്ടുണ്ട്.
സമ്പദ്ഘടന ശോഷിക്കുന്നത് നോട്ട് അസാധുവാക്കല്‍ മൂലം മാത്രമല്ല, അതിന് മുമ്പുതന്നെ സമ്പദ്ഘടനയുടെ ഉടവ് ആരംഭിച്ചിട്ടുണ്ടെന്നാണ് സെപ്റ്റംബര്‍ 24ന്റെ ദി ഹിന്ദു ബിസിനസ് ലൈന്‍ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചത്. അതിന്റെ കാരണമായി പറഞ്ഞിരിക്കുന്നത് രാജ്യത്തെ സാധാരണ ജനങ്ങളുടെ ക്രയശേഷി കുറഞ്ഞ് കുറഞ്ഞ് വരുന്നതാണ്. ഇതിന് പ്രധാന കാരണം നരേന്ദ്രമോഡിയുടെ സമീപനങ്ങളാണ്. അദ്ദേഹം അധികാരത്തിലെത്തിയത് മുതല്‍ വികസനത്തെ കുറിച്ചാണ് പറയുന്നത്. ‘മേക്ക് ഇന്‍ ഇന്ത്യ’ എന്നതാണ് അദ്ദേഹത്തിന്റെ വികസന സങ്കല്‍പ്പം. വിദേശ-സ്വദേശ കുത്തകകള്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം നടത്തി കയറ്റിയയ്ക്കുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി പ്രധാനമന്ത്രി മോഡി ലോക രാഷ്ട്രങ്ങള്‍ കറങ്ങിനടന്ന് കുത്തകകളെ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ കാര്യമായി കുത്തകകള്‍ ഇന്ത്യയിലേയ്ക്ക് വന്നിട്ടില്ല. ലോക വ്യാപരത്തിലാണെങ്കില്‍ ഇന്ത്യയുടെ ഓഹരി 1.7 ശതമാനം മാത്രമാണ്.
ഇന്ത്യയില്‍ സാധാരണ ജനങ്ങളുടെ ക്രയശേഷി കുറഞ്ഞുവരുമ്പോള്‍ കുത്തകകളുടെ സാമ്പത്തികശേഷി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 26-ന്റെ ബിസിനസ് ലൈനിന്റെ കണക്കനുസരിച്ച് 2012-ല്‍ ഇന്ത്യയില്‍ 59 ശതകോടീശ്വരന്മാര്‍ ഉണ്ടായിരുന്നത് 2017-ല്‍ 136 ആയി വര്‍ധിച്ചു. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് മുകേഷ് അംബാനിയാണ്. അദ്ദേഹത്തിന്റെ സ്വത്ത് 58 ശതമാനം വര്‍ധിച്ചു. മുകേഷ് അംബാനിയുടെ ആസ്തി 2.58 ലക്ഷം കോടി രൂപയാണ്. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കുത്തകകളുടെ ആസ്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അതേസമയം സാധാരണക്കാരുടെ സാമ്പത്തിക തകര്‍ച്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ആഭ്യന്തര കമ്പോളം വികസിക്കണമെങ്കില്‍ ഗ്രാമവാസികളുടെ ക്രയശേഷി വര്‍ധിക്കണം. ഗ്രാമീണരില്‍ ഭൂരിപക്ഷവും കൃഷിക്കാരാണ്. കടബാധ്യതമൂലം ആത്മഹത്യ ചെയ്യുന്ന കൃഷിക്കാരുടെ തോത് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ കൃഷിയുടെ തകര്‍ച്ചയിലൂടെ ആഭ്യന്തര കമ്പോളം ഇല്ലാതാവുകയാണ്. നരേന്ദ്രമോഡി സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ അവഗണിച്ചിരിക്കുകയാണ്. കാര്‍ഷികരംഗത്തെ മുഖ്യപ്രശ്‌നം വിളനാശമാണ്. കാര്‍ഷികവിളകളുടെ നാശനഷ്ടം ഉണ്ടായാല്‍ ഉല്‍പ്പന്നത്തിന്റെ വില ലഭിക്കുന്നതിനുതകുന്ന തരത്തില്‍ ഒരു സമഗ്രമായ ഇന്‍ഷുറന്‍സ് പദ്ധതി ഉണ്ടാവണം. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് ഡോ. എം എസ് സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത വിലയെങ്കിലും ലഭിക്കണം. അങ്ങനെ വില ലഭിക്കുന്നതരത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിച്ച് കമ്പോളത്തില്‍ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് സാധിക്കണം. ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതാണ്. ജലസേചന രംഗം ഇന്ന് ഒരു പരിഗണനയും അര്‍ഹിക്കാതിരിക്കുകയാണ്. അതില്‍ മാറ്റം വരുത്തണം. കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണ വ്യവസായങ്ങള്‍ ആരംഭിക്കണം. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും വരുമാനം വര്‍ധിക്കുന്നതിലൂടെ ആഭ്യന്തര കമ്പോളം വികസിക്കും. ഇത്തരമൊരു സമീപനത്തെ കുറിച്ച് മോഡിയോ ബിജെപിയോ ചിന്തിച്ചിട്ടേയില്ല. വോട്ടിനുവേണ്ടി അവര്‍ ജാതി-മത ശക്തികളെയാണ് ആശ്രയിക്കുന്നത്. ഇപ്പോള്‍ സ്വാമിമാരും അധികാര കസേരകളില്‍ കടന്നുവന്നുകൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. ഹിന്ദുക്കളില്‍ ജാതിസ്പര്‍ധ വര്‍ധിപ്പിച്ചും ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വര്‍ധിപ്പിച്ചും തങ്ങളുടെ ഭരണം നിലനിര്‍ത്താന്‍ ബിജെപി പരിശ്രമിക്കുകയാണ്.