Wednesday
19 Sep 2018

കൊള്ളലാഭത്തിന്റെ കോര്‍പ്പറേറ്റ് മുതലാളിത്തം

By: Web Desk | Tuesday 10 October 2017 1:12 AM IST

♣ ഉള്ളവരും ഇല്ലാത്തവരും
വിടവ് വര്‍ധിക്കുന്നു- 2

  സമത്വസുന്ദര സമൂഹമെന്ന് മുദ്രാവാക്യമുയര്‍ത്തിയ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ഭരണകൂടങ്ങള്‍ക്ക് തിരിച്ചടിയേറ്റുവെന്നതിന് ചരിത്രം സാക്ഷ്യമായി. അതോടെ സമകാലിക ലോകക്രമം ലാഭത്തില്‍ നിന്ന് കൊള്ളലാഭത്തിലേയ്ക്ക് വഴിമാറുന്ന കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ വരുതിയിലകപ്പെട്ടു. ഇവിടെ ഫ്യൂഡല്‍ വ്യവസ്ഥയുടെ മൂല്യങ്ങള്‍ കൈയൊഴിയാതെ രൂപാന്തരം പ്രാപിച്ച മുതലാളിത്ത വ്യവസ്ഥയില്‍ നിന്ന് പുത്തന്‍ കോര്‍പ്പറേറ്റ് മുതലാളിത്തം ഉയിര്‍ക്കൊണ്ടു

 

കെ കെ ശ്രീനിവാസൻ 

.

സന്തുലിതാവസ്ഥ പ്രകൃതി നിയമമാണ്. വ്യതിരിക്തതകളുടെ സങ്കേതമാണ് പ്രകൃതി. ഒരു ചെറിയ സസ്യം. വലിയ സസ്യം. ചെറിയ മരം. വലിയ മരം. ഉള്ളവനും ഇല്ലാത്തവനും. പ്രകൃതിയുടെ അസന്തുലിതാവസ്ഥയെ മാറ്റിമറിക്കുക അസാധ്യം. അതല്ലെങ്കില്‍ പ്രകൃതിയുടെ സന്തുലിത സ്വഭാവം അസംഭവ്യം. മാനവരാശിക്കിടെ പ്രത്യേകിച്ചും.

സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്ക് പക്ഷേ പരിഹാര ക്രിയകളുടെ കാര്യകര്‍ത്താക്കളായി വിവിധ പ്രത്യയശാസ്ത്രങ്ങളുടെ പിന്‍ബലത്തില്‍ പുത്തന്‍ ലോകക്രമത്തില്‍ പുത്തന്‍ ഭരണകൂടങ്ങളും ഭരണവര്‍ഗങ്ങളും പ്രത്യക്ഷപ്പെട്ടു. മാനവരാശിയുടെ രക്ഷയ്‌ക്കെന്ന പേരില്‍ കമ്യൂണിസവും മുതലാളിത്തവും ഒരുപോലെ പ്രത്യക്ഷപ്പെട്ടു. ഇരു പ്രത്യയശാസ്ത്ര പ്രയോക്താക്കളും വക്താക്കളും തങ്ങളുടേതാണ് മികച്ച പ്രത്യയശാസ്ത്രമെന്ന് സൈദ്ധാന്തികമായി തെളിയിക്കാനായി നിരന്തരം സംവാദത്തിലേര്‍പ്പെട്ടു. കലഹിച്ചു. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന ശീതസമരം. ഒടുവില്‍ സമത്വസുന്ദര സമൂഹമെന്ന് മുദ്രാവാക്യമുയര്‍ത്തിയ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ഭരണകൂടങ്ങള്‍ക്ക് തിരിച്ചടിയേറ്റുവെന്നതിന് ചരിത്രം സാക്ഷ്യമായി. അതോടെ സമകാലിക ലോകക്രമം ലാഭത്തില്‍ നിന്ന് കൊള്ളലാഭത്തിലേയ്ക്ക് വഴിമാറുന്ന കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ വരുതിയിലകപ്പെട്ടു. ഇവിടെ ഫ്യൂഡല്‍ വ്യവസ്ഥയുടെ മൂല്യങ്ങള്‍ കൈയൊഴിയാതെ രൂപാന്തരം പ്രാപിച്ച മുതലാളിത്ത വ്യവസ്ഥയില്‍ നിന്ന് പുത്തന്‍ കോര്‍പ്പറേറ്റ് മുതലാളിത്തം ഉയിര്‍ക്കൊണ്ടു. ഇതോടെയാണ് സാമ്പത്തിക അസന്തുലിതാവസ്ഥയുടെ അതല്ലെങ്കില്‍ മാര്‍ക്‌സിസ്റ്റ് പദാവലി കടമെടുത്ത് പറയുകയാണെങ്കില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം പതിന്മടങ്ങ് ഏറുന്നതിന്റെ ശക്തമായ സൂചകങ്ങള്‍ പ്രകടിതമാകുവാന്‍ തുടങ്ങുന്നത്.

ഓഗസ്റ്റ് ആദ്യവാരത്തില്‍ ബ്ലൂംബര്‍ഗ് ബില്യനയര്‍ ഇന്‍ഡക്‌സ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നു. സാമ്പത്തിക അസന്തുലിതാവസ്ഥയുടെ ഉച്ചസ്ഥായിയിലാണ് ആഗോള സാമ്പത്തിക ശക്തിയായി കുതിക്കുവാന്‍ വെമ്പുകയാണെന്ന് അവകാശപ്പെടുന്ന സമകാലിക ഇന്ത്യ. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസത്തിനുള്ളില്‍ത്തന്നെ രാജ്യത്തെ മുഖ്യ വ്യവസായികളുടെ സമ്പത്തില്‍ 50 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്ന് ഈ റിപ്പോര്‍ട്ട്. ഏറെക്കുറെ രണ്ട് ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ 10 ശതമാനത്തോളം വരുന്ന സമ്പത്തിന്റെ ഉടമകളാണ് ഈ 10 വ്യവസായികള്‍. മുന്‍ചൊന്ന റിപ്പോര്‍ട്ടിന് ഏറെക്കുറെ സമാനമായിത്തന്നെയാണ് ഓക്‌സ്ഫാം എന്ന സര്‍ക്കാരേതര സംഘടനയുടെയും റിപ്പോര്‍ട്ട്. ഇന്ത്യയിലെ 57 മഹാകോടീശ്വരന്‍മാര്‍ 70 ശതമാനം ജനങ്ങള്‍ക്ക് പങ്കുവയ്ക്കപ്പെടേണ്ട സ്വത്തിന്റെ ഉടമകളാണെന്നാണ് ഓക്‌സ്ഫാം ഈ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത് രാജ്യത്തിന്റെ 58 ശതമാനം സ്വത്ത് കേവലം ഒരു ശതമാനം സമ്പന്നരുടെ കൈപ്പിടിയിലാണെന്ന്! ഇത് ആഗോള ശരാശരിയുടെ 50 ശതമാനത്തേക്കാള്‍ കൂടുതല്‍.

ക്രെഡിറ്റ് സുയ്‌സെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2016ലെ ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് പറയുന്നത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയുന്നതേയില്ലെന്നാണ്. ആഗോള ജനസംഖ്യയിലെ 0.7 ശതമാനം മാത്രമാണ് ഏതാണ്ട് ലോക സമ്പത്തിന്റെ പകുതി പങ്കിടുന്നത്. മുന്‍ സോഷ്യലിസ്റ്റ് ഭരണരീതി നിലനിന്നിരുന്ന റഷ്യ 74.5 ശതമാനം സ്വത്ത് കൈയടക്കിവച്ചിരിക്കുകയാണ്. അതായത് ജനസംഖ്യയുടെ ഒരു ശതമാനം മാത്രം.
ഇന്ത്യയുടെ സ്വത്ത് സ്വരൂപണത്തിലും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വളര്‍ച്ചയുടെ പക്ഷേ ഗുണഭോക്താക്കളാകുന്നതില്‍ ബഹുഭൂരിപക്ഷവും പുറത്താണെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക വിതരണത്തില്‍ ഗണ്യമായ അസന്തുലിതാവസ്ഥയിലാണ് ഇന്ത്യ. പ്രായപൂര്‍ത്തിയായ 90 ശതമാനം ജനങ്ങളുടെയും സ്വത്തുവിഹിതം കേവലം 10,000 ഡോളര്‍ മാത്രം. ചൈനയാകട്ടെ ഇതിനേക്കാള്‍ പിറകില്‍. അവിടെ 68 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ സ്വത്ത് പ്രാപ്യമാകുന്നുള്ളു.

കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന 52,911 കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 62,000 കോടി രൂപയുടെ നികുതി ഇളവ് അനുവദിച്ചു. വ്യാവസായിക വികസനത്തിനായി ഇന്‍സെന്റീവ് എന്ന നിലയിലാണിത്. യഥാര്‍ഥ നികുതിയേക്കാള്‍ ഏറെ കുറഞ്ഞ നികുതി നിരക്കാണ് വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ചുമത്തിയിട്ടുള്ളതെന്നത് കേന്ദ്ര സര്‍ക്കാരിന്റെ തന്നെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നികുതി വിവരക്കണക്കുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിയമാനുസൃതമായി 38.84 ശതമാനം നികുതി കോര്‍പ്പറേറ്റുകള്‍ ഒടുക്കണം. 2014-15 ല്‍ ഈ ഇനത്തില്‍ വസൂലാക്കിയതാകട്ടെ 24.6 ശതമാനം മാത്രം. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം. കമ്പനികള്‍ക്ക് കോടികളുടെ ലാഭം. ലാഭത്തില്‍ നിന്ന് കൊള്ളലാഭത്തിലേക്ക് ഗ്രാഫ് മാറുന്നതിന്റെ ചാലകശക്തി. 2014-15 നികുതിയിളവ് അനുവദിച്ചപ്പോള്‍ കോര്‍പ്പറേറ്റുകളുടെ കൈകളിലെത്തിയത് 65,067 കോടി. 2016ല്‍ ഇത് 68,710 കോടിയായി ഉയര്‍ന്നു. ഇക്കാലയളവില്‍ പക്ഷേ കര്‍ഷക ക്ഷേമത്തിനായി മാറ്റിവച്ചതാകട്ടെ 35,954 കോടി. ദേശീയ തൊഴില്‍ദാന പദ്ധതിക്ക് അനുവദിച്ചത് 38,550 കോടി. അതായത് പൊതുഖജനാവ് കൊള്ളയടിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കൊടുക്കുന്നു. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയെ കൈപിടിച്ചുയര്‍ത്തുന്നതിനും ഗ്രാമീണ ജനതയ്ക്ക് ഒരു നേരത്തെ അന്നം കണ്ടെത്താനുമായി മാറ്റിവച്ച തുകയേക്കാള്‍ ഇരട്ടിയോളം.

സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്ക് കാരണം പലതാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. താഴ്ന്ന വരുമാനക്കാര്‍ക്കിടയിലും നിരക്ഷരരായ ഗ്രാമീണരിലും ജനസംഖ്യ പെരുകുന്നു ഉയര്‍ന്ന വരുമാനക്കാരെ അപേക്ഷിച്ച്. നഗരങ്ങളാണ് തൊഴില്‍ദായക കേന്ദ്രങ്ങള്‍. അതുകൊണ്ടുതന്നെ ഗ്രാമങ്ങളില്‍ നിന്നും തൊഴില്‍തേടി നഗരങ്ങളില്‍ ചേക്കേറുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഇവരെ പൂര്‍ണമായി ഉള്‍ക്കൊള്ളുവാനുള്ള തൊഴില്‍ദായക ശേഷി നഗരങ്ങള്‍ക്കില്ലാതെ പോകുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം തൊഴിലില്ലായ്മയുടെ പെരുക്കം. തൊഴിലില്ലാപ്പടയാകട്ടെ സമ്പത്തിന്റെ അസന്തുലിതാവസ്ഥയുടെ മുകളിലേയ്ക്കുള്ള ഗ്രാഫിലെത്തിപ്പെടുന്നു.

യുഎന്‍ഡിപിയുടെ മാനവ വികസന റിപ്പോര്‍ട്ട് (2016) പ്രകാരം 188 രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ മാനവ വിഭവശേഷി സൂചിക 131ല്‍. മുന്‍ റിപ്പോര്‍ട്ടിലിത് 130. സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രമായ സ്വീഡനാണ് ഈ റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത്. വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കപ്പെടുന്ന ആരോഗ്യ പരിരക്ഷയിലും വിദ്യാഭ്യാസ സൗകര്യങ്ങളിലും ഇന്ത്യ ഏറെ പിറകിലാണ്. എന്തിനധികം ഇന്ത്യ അംഗമായിട്ടുള്ള ബ്രിക്‌സ് കൂട്ടായ്മയിലെ അംഗ രാഷ്ട്രങ്ങള്‍ക്കിടയില്‍ മാനവ വിഭവശേഷി സൂചികയില്‍ ഇന്ത്യയുടെ റാങ്ക് ഏറെ പിന്നിലാണ്. റഷ്യ 49-ാം റാങ്കില്‍ നില്‍ക്കുമ്പോള്‍ 79-ാം റാങ്കുമായി തൊട്ടുപിന്നില്‍ ബ്രസീലുണ്ട്. 90-ാം റാങ്കുമായി ചൈനയാണ് മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്ക 119-ാം റാങ്കുമായി നാലാം സ്ഥാനത്ത്.

സാര്‍ക്ക് രാഷ്ട്രങ്ങള്‍ക്കിടയില്‍ മാനവവിഭവശേഷി സൂചികയില്‍ കേവലം കൊച്ചു രാഷ്ട്രങ്ങളായ ശ്രീലങ്കയുടെയും മാലിദ്വീപിന്റെയും പിറകിലാണ് ഇന്ത്യ. സാമ്പത്തികമായി അപ്രസക്തമെന്ന് കരുതപ്പെടുന്ന പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നീ അയല്‍ രാഷ്ട്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയ്ക്ക് അവരേക്കാള്‍ നേരിയ മുന്‍തൂക്കം മാത്രം. ഇന്ത്യയുടെ ജിഡിപി ഉയര്‍ച്ചയുടെ ഗ്രാഫില്‍ മാത്രം കണ്ണുനട്ടിരിക്കുന്നവര്‍ ഇതറിയണം. കണ്‍തുറന്നു കാണണം. മഹാകോടീശ്വരന്മാര്‍ ഉടമകളായിട്ടുള്ള കോര്‍പ്പറേറ്റ് കമ്പനികളെ ലാഭത്തില്‍ നിന്നും കൊള്ളലാഭത്തിലേയ്ക്ക് എത്തിക്കുന്ന ഭരണകൂട നയരൂപീകരണങ്ങളും തീരുമാനങ്ങളും അനുസ്യൂതം തുടരുകയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ വാരിക്കോരികൊടുക്കുന്നു. അവരുടെ ലക്ഷക്കണക്കിന് കോടി കളുടെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുന്നു.

സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ സൂചകങ്ങളിലൊന്നായ ഡീസല്‍, പെട്രോള്‍ വില വര്‍ധിപ്പിച്ച് സ്വകാര്യ കമ്പനികളെ ലാഭത്തിന്റെ നെറുകയിലെത്തിക്കുന്നു. പ്രതേ്യക സാമ്പത്തിക മേഖല (സ്‌പെഷ്യല്‍ ഇക്‌ണോമിക്ക് സോണ്‍), നാഷണല്‍ ഇന്‍വെസ്‌ററ്‌മെന്റ് ആന്റ് മാനുഫാക്ച്ചറിങ് സോണ്‍, വൃവസായ കോറിഡോര്‍, ഇക്കണോമിക് കോറിഡോര്‍ തുടങ്ങിയ ഓമനപ്പേരിട്ട് വിളിക്കുന്നയിടങ്ങളില്‍ വ്യവസായികള്‍ക്ക് വന്‍ നികുതിയിളവ്. ഭൂമി, വെള്ളം, വൈദ്യുതി, ഗതാഗത സൗകര്യങ്ങളടക്കമുള്ള സര്‍വതും സൗജന്യമായി വച്ചുനീട്ടുന്നു. സ്‌പെഷ്യല്‍ ഇക്കണോമിക്ക് സോണ്‍ ആക്ട് 2005 നിലവില്‍ വന്നതിന് ശേഷം രാജ്യത്ത് ആദിവാസികളും കര്‍ഷകരും ഗ്രാമീണരും വ്യാപകമായി കുടിയിറക്കപ്പെട്ടു. ഇവരില്‍ നിന്ന് 60374.76 ഹെക്ടര്‍ ഭൂമി (ഫ്രന്റ്‌ലൈന്‍, പേജ് 98, 2017 സെപ്റ്റംബര്‍ 18) കവര്‍ന്നെടുത്ത് വ്യാവസായിക വികസനത്തിന്റെ പേരില്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറി. കുടിയിറക്കപ്പെട്ടവര്‍ക്ക് നല്‍കപ്പെട്ട വാഗ്ദാനങ്ങളെങ്ങുമെത്തിയതുമില്ല. ഭൂമി കൈമാറിയതിനനുബന്ധമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന അവകാശവാദങ്ങളും. അവകാശപ്പെടുമ്പോലെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് തന്നെ വാദത്തിന് സമ്മതിക്കുക. അത് പക്ഷേ കേവലം നന്നേ ചുരുങ്ങിയ ജീവിത സൗകര്യമെന്നതിനുമപ്പുറത്തേക്കുളള വരുമാന സ്രോതസാകുന്നില്ല. നന്നേ ചുരുങ്ങിയ ജീവിത സൗകര്യമെന്നിടത്ത് സമ്പാദ്യം അസാധ്യം. സമ്പാദ്യമില്ലാതെ പിന്നെയെങ്ങിനെ സ്വത്ത് സ്വരൂപണം സാധ്യമാകും?
(അവസാനിച്ചു)

Related News