Friday
15 Dec 2017

സമ്പദ്ഘടനയിലെ തിരിച്ചടികളെ സ്ഥിരീകരിച്ച് എഡിബി

By: Web Desk | Wednesday 27 September 2017 9:23 AM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്ഘടനയിലെ തിരിച്ചടികളെ സ്ഥിരീകരിച്ച് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് (എഡിബി) രംഗത്ത്. നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളര്‍ച്ച എഡിബി വെട്ടിക്കുറച്ചു. 7.4 ശതമാനത്തില്‍ നിന്ന് ഏഴുശതമാനമാക്കിയാണ് വളര്‍ച്ചാനിരക്ക് കുറച്ചിരിക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം 7.4 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു എഡിബിയുടെ ജൂലൈ റിപ്പോര്‍ട്ടിലെ നിഗമനം. അടുത്ത സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചയിലും എഡിബി കുറവ് വരുത്തിയിട്ടുണ്ട്. 2018-19ല്‍ 7.6 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു ജൂലൈയിലെ റിപ്പോര്‍ട്ടില്‍ വിലയിരുത്തിയതെങ്കില്‍ ഇപ്പോഴത് 7.4 ശതമാനമായി കുറച്ചിട്ടുണ്ട്.
2017-18ലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന 5.7 ശതമാനത്തിലെത്തിയിരുന്നു. നോട്ട് നിരോധനം, ചരക്ക് സേവന നികുതി എന്നിവയാണ് ഇടിവിന് കാരണമായി എഡിബി ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യ ഉപഭോഗത്തിന്റെയും വ്യവസായിക മേഖലയുടെയും വളര്‍ച്ച കുറഞ്ഞു. സ്വകാര്യനിക്ഷേപത്തിലും മാന്ദ്യമനുഭവപ്പെടുന്നു.
ജിഎസ്ടിയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഭാഗമായി തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടെന്ന് എഡിബി ചീഫ് ഇക്കണോമിസ്റ്റായ യസുയുക്കി സവാഡ അഭിപ്രായപ്പെട്ടു. എന്നാല്‍ തുടര്‍ച്ചയായ പരിഷ്‌കരണ പ്രക്രിയകള്‍ സമ്പദ്‌വ്യവസ്ഥയെ സുദൃഢമാക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ബജറ്റ് നിയന്ത്രണങ്ങള്‍ സര്‍ക്കാരിന്റെ ചെലവിടല്‍ പരിമിതപ്പെടുത്തുന്നതിനാല്‍ നിക്ഷേപ വളര്‍ച്ചയില്‍ കുറവ് വരാനാണ് സാധ്യത. നടപ്പു വര്‍ഷത്തില്‍ പണപ്പെരുപ്പം ശരാശരി 4 ശതമാനവും അടുത്ത വര്‍ഷം 4.6 ശതമാനവുമായിരിക്കുമെന്നാണ് എഡിബി പ്രതീക്ഷിക്കുന്നത്. 5.2 ശതമാനം, 5.4 ശതമാനം എന്നിങ്ങനെയായിരുന്നു മുന്‍നിഗമനം.
ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് വെട്ടിക്കുറച്ചതിനൊപ്പം ചൈനയുടെ 2017ലെ സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷ 6.5 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമാക്കി എഡിബി ഉയര്‍ത്തിയിട്ടുമുണ്ട്. 2018 ലെ വളര്‍ച്ചാ നിഗമനം 6.2 ശതമാനത്തില്‍ നിന്ന് 6.4 ശതമാനമാക്കിയും ഉയര്‍ത്തി. ഏഷ്യന്‍ മേഖലയുടെ വളര്‍ച്ച 5.7 ശതമാനത്തില്‍ നിന്നും 5.9 ആയും ഉയര്‍ത്തിയിട്ടുണ്ട്.
നേരത്തെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പ്രവചനത്തില്‍ മാറ്റംവരുത്തി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റിന്റെ (ഒഇസിഡി) റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 2017-18 സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ സമ്പദ്‌രംഗത്തിന്റെ വളര്‍ച്ച 6.7 ശതമാനമായി കുറയുമെന്നായിരുന്നു ഒഇസിഡി വിലയിരുത്തിയത്. 7.3 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നായിരുന്നു മുമ്പ് വിലയിരുത്തിയിരുന്നത്.
രാജ്യം കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി തുറന്നുസമ്മതിച്ചിരുന്നു. സമ്പദ്ഘടനയിലെ തിരിച്ചടികളെ സ്ഥിരീകരിച്ച് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് (എഡിബി)

Related News