Monday
16 Jul 2018

സമ്പദ്ഘടന വളര്‍ച്ച വീണ്ടും കുറയും

By: Web Desk | Wednesday 4 October 2017 10:45 PM IST

ന്യൂഡല്‍ഹി: രാജ്യ സമ്പദ്ഘടനയിലെ പ്രതിസന്ധി കൂടുതല്‍ വ്യക്തമാക്കി വളര്‍ച്ചാ അനുമാന നിരക്ക് വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്. 7.3 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന മുന്‍ പ്രവചനത്തില്‍ നിന്ന് 6.7 ശതമാനമായിട്ടാണ് വളര്‍ച്ചാനിരക്ക് വെട്ടിക്കുറച്ചത്. രാജ്യത്ത് പണപ്പെരുപ്പം ഇനിയും ക്രമാതീതമായി ഉയരുമെന്നും ആര്‍ബിഐ വിലയിരുത്തുന്നു. ഇക്കാരണത്താല്‍ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു.

റിപ്പോ നിരക്ക് ആറു ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലും സിആര്‍ആര്‍ നിരക്ക് നാല് ശതമാനമായും തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അറിയിച്ചു. ജിവിഎ വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായി പുതുക്കി നിശ്ചയിക്കുന്നതായും പട്ടേല്‍ വ്യക്തമാക്കി. സാമ്പത്തിക വര്‍ഷത്തെ മൊത്തം ഉത്പാദനത്തിന്റെയും ഇതര വരുമാനത്തിന്റെയും സൂചകമാണ് ജിവിഎ.

നോട്ടു നിരോധനത്തിന്റെയും ജിഎസ്ടി നടപ്പാക്കിയതിന്റെയും ഫലമായി സാമ്പത്തിക രംഗം രൂക്ഷമായ പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ വായ്പാ നയ പ്രഖ്യാപനം. ആറംഗ സമിതി യോഗത്തില്‍ ഒന്നിനെതിരെ അഞ്ച് വോട്ടുകള്‍ക്കാണ് പലിശനിരക്ക് തല്‍സ്ഥിതിയില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്.

ജിഡിപി വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞ സാഹചര്യത്തില്‍, സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാക്കാന്‍ നിരക്കുകള്‍ കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരും വ്യവസായ കൂട്ടായ്മകളും നിരക്ക് കുറയ്ക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ പണപ്പെരുപ്പം ക്രമാതീതമായി ഉയരുന്നതാണ് നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് ആര്‍ബിഐയെ പിന്നോട്ടുവലിച്ചത്.

ചില്ലറവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റില്‍ 3.6 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂലൈയില്‍ ഇത് 2 .35 ശതമാനമായിരുന്നു. സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 4.2 മുതല്‍ 4.6 ശതമാനംവരെ പണപ്പെരുപ്പം ഉയര്‍ന്നേക്കുമെന്നാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്.

എണ്ണവില ഉയര്‍ന്നുനില്‍ക്കുന്നതും ഖാരിഫ് വിളവെടുപ്പിന്റെ അനിശ്ചിതത്വവും പണപ്പെരുപ്പം ഉയരുന്നതിനിടയാക്കി. സാധനങ്ങളുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം ഇനിയും കൂടൂം. നടപ്പുവര്‍ഷം നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. അതേസമയം, സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി നിരക്കില്‍ (എസ്എല്‍ആര്‍) 50 ബേസിസ് പോയിന്റ് കുറച്ച് 19.5 ശതമാനമാക്കി. സ്വര്‍ണ്ണം, സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട മൊത്തം നിക്ഷേപത്തിന്റെ അനുപാതമാണ് എസ്എല്‍ആര്‍. പുതിയ നിരക്ക് ഒക്ടോബര്‍ 14 മുതല്‍ നിലവില്‍ വരും. എസ്എല്‍ആര്‍ നിരക്കില്‍ വരുത്തിയ കുറവിലൂടെ ബാങ്കുകള്‍ക്ക് 57000 കോടി വിപണിയിലേക്ക് നല്‍കാനാകും.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണ് (5.7 ശതമാനം) നടപ്പുസാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പ്രകടമായത്. കാര്‍ഷിക അനുബന്ധമേഖലകളിലും വ്യവസായമേഖലയും തളര്‍ച്ചയെ നേരിടുകയാണ്. നിര്‍മ്മാണ മേഖലയാകട്ടെ 20 പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കായ 1.2 ശതമാനം മാത്രമാണ്.
ഈയാഴ്ച പുറത്തുവന്ന ഫിച്ച് റേറ്റിങും ഇന്ത്യന്‍ സമ്പദ്ഘടനയുടെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയിരുന്നു. 7.4 ശതമാനം വളര്‍ച്ച മുമ്പ് പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും 6.9 ശതമാനത്തിലേക്ക് താഴ്ത്തുകയും ചെയ്തിരുന്നു. നേരത്തെ ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കും രാജ്യത്തിന്റെ പ്രതീക്ഷിത വളര്‍ച്ചയില്‍ വെട്ടിക്കുറവ് വരുത്തിയിരുന്നു. 7.4 ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായാണ് എഡിബി പ്രതീക്ഷിത വളര്‍ച്ച വെട്ടിക്കുറച്ചത്. ഇതിന് പിന്നാലെയാണ് ആര്‍ബിഐ കൂടുതല്‍ നടപടികള്‍ കൈക്കൊണ്ടിരിക്കുന്നത്.

Related News