Monday
18 Dec 2017

ദിവസേന വിലപുതുക്കല്‍: ഇന്ധനവിലഎട്ട് ശതമാനം വര്‍ധന

By: Web Desk | Tuesday 26 September 2017 11:04 PM IST

റായ്പൂര്‍: എണ്ണവിലയുടെ നിര്‍ണയം ദിവസേനയാക്കിയതിന് ശേഷം രാജ്യത്ത് പെട്രോള്‍ ഡിസല്‍ എന്നിവയുടെ വിലയില്‍ എട്ട് ശതമാനം വര്‍ധന. പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് പണപ്പെരുപ്പ പ്രവണതകള്‍ക്ക് സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ എണ്ണയുടെ വിലയില്‍ 7.9 ശതമാനം വര്‍ധന രേഖപ്പെടുത്തി. ജൂണ്‍ 17ന് ഡല്‍ഹിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 65.23 രൂപ ആയിരുന്നത് ഇപ്പോള്‍ 74 രൂപയായി വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിച്ചതില്‍ ഉപരിയായി വ്യാപാരികളുടെ കമ്മിഷന്‍ 40 ശതമാനത്തോളം വര്‍ധിപ്പിച്ചതാണ് വിലക്കയറ്റം രൂക്ഷമാകാനുള്ള കാരണം. 2.25 രൂപയില്‍ നിന്നും വ്യാപാരികളുടെ കമ്മിഷന്‍ ലിറ്ററിന് 3.57 രൂപയായി വര്‍ധിപ്പിച്ചു.

ജൂണ്‍ 16 മുതലാണ് എണ്ണയുടെ വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത്. നേരത്തെ 15 ദിവസത്തിലൊരിക്കലാണ് എണ്ണയുടെ വില നിശ്ചയിച്ചിരുന്നത്. അപ്പോള്‍ വരുത്തുന്ന വര്‍ധന താരതമ്യേന കൂടുതലുമായിരുന്നു. ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയരുന്നത് പതിവായിരുന്നു. എന്നാല്‍ വില നിശ്ചയിക്കുന്ന ദിവസേനയാക്കിതോടെ വില വര്‍ധന തുലോം കുറവായ വിധത്തിലാണ്. അതുകൊണ്ടുതന്നെ വിലവര്‍ധനയുടെ ഭാഗമായുള്ള പ്രതിഷേധങ്ങളും കുറഞ്ഞു.
രാഷ്ട്രീയമായ എതിര്‍പ്പുകളും താരതമ്യേന കുറഞ്ഞു. ഇത് തന്നെയായിരുന്നു ദിവസേനയുള്ള വില പുതുക്കലിലൂടെ മോഡി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.