Monday
18 Dec 2017

ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് വീണ്ടും തിരിച്ചടി

By: Web Desk | Saturday 23 September 2017 11:19 PM IST

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: പ്രതിസന്ധി നേരിടുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് മറ്റൊരാഘാതം കൂടി. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് പ്രവചനത്തില്‍ മാറ്റംവരുത്തി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റിന്റെ (ഒഇസിഡി) പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു.

35 വികസിത, വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണ് പാരിസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒഇസിഡി. ജിഎസ്ടിയും നോട്ട് അസാധുവാക്കലും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കഴിഞ്ഞപാദത്തില്‍ 5.7 ശതമാനമായി കുറഞ്ഞിരുന്നു. ഇതോടെ കടുത്ത പ്രതിസന്ധിയെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഇതിന്റെ ഫലമായി ഓഹരിവിപണികളിലും കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു.

2017-18 സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ സമ്പദ്‌രംഗം 6.7 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഒഇസിഡിയുടെ പുതിയ വിലയിരുത്തല്‍. 7.3 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നായിരുന്നു മുമ്പ് വിലയിരുത്തിയിരുന്നത്. ചൈനീസ് സമ്പദ് വ്യവസ്ഥ 6.8 ശതമാനം വളര്‍ച്ച നേടുമെന്നും ഒഇസിഡി പറയുന്നു. ഇതോടെ വളര്‍ച്ചാനിരക്കില്‍ ഇന്ത്യ ചൈനയ്ക്ക് പിന്നിലാകും. 2019 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ച നിരക്കും 7.7 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി വെട്ടിക്കുറച്ചിട്ടുണ്ട്.

നോട്ട് പിന്‍വലിക്കലും ജിഎസ്ടിയും സൃഷ്ടിച്ച അനന്തരഫലങ്ങളാണ് വളര്‍ച്ചാ നിരക്ക് താഴ്ത്തുന്നതിലേക്ക് നയിച്ചത്. ബിസിനസ് നിക്ഷേപവും ദുര്‍ബലമായി. ഇന്ത്യയില്‍ തൊഴില്‍രഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി മുന്‍ ഒഇസിഡി റിപ്പോര്‍ട്ട് വിലയിരുത്തിയിരുന്നു. 15 നും 29 നുമിടയില്‍ പ്രായമുള്ള 30 ശതമാനം യുവാക്കളും തൊഴില്‍രഹിതരാണെന്നും ചൈനയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് മൂന്നിരട്ടിയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.