Sunday
22 Oct 2017

മാന്ദ്യം തുറന്ന് സമ്മതിച്ച് പ്രധാനമന്ത്രി

By: Web Desk | Tuesday 26 September 2017 10:49 AM IST

ന്യൂഡല്‍ഹി: ദീര്‍ഘവീക്ഷണമില്ലാതെ നടത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മൂലം രാജ്യത്ത് മാന്ദ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തുറന്നു  സമ്മതിച്ചു. സാമ്പത്തിക മാന്ദ്യം മറച്ചുവെയ്ക്കാന്‍ ഏതാനും പദ്ധതികളുമായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളുമുണ്ടായി. രാജ്യത്ത് മൂന്നു വര്‍ഷമായി സാമ്പത്തിക നില സുസ്ഥിരമായിരുന്നുവെന്നും എന്നാല്‍ മൂന്നു മാസമായി സാമ്പത്തിക മാന്ദ്യമുണ്ടെന്നുമാണ് ബിജെപി ദേശീയ നിര്‍വാഹക സമിതിയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ മോഡി വ്യക്തമാക്കിയിരിക്കുന്നത്.

2019 മാര്‍ച്ച് 31നകം എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിക്ക് 16320 കോടി രൂപ നീക്കിവച്ചതായും 500 രൂപക്ക് പുതിയ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുമെന്നുമാണ് മോഡിയുടെ വാഗ്ദാനം.
വൈദ്യുതി മേഖലയില്‍ ഏറെക്കുറെ സ്വയം പര്യാപ്തത കൈവരിച്ച കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഒരു പ്രയോജനവും ചെയ്യാത്ത പദ്ധതിയില്‍ ബി പി എല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുമെന്നാണ് വാഗ്ദാനം. രാജ്യത്തെ സാമ്പത്തിക മേഖലക്ക് ഉത്തേജനം പകരുമെന്നവകാശപ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക മാര്‍ഗരേഖ പ്രഖ്യാപനം നടത്തുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സൗഭാഗ്യ യോജന, ദീന്‍ദയാല്‍ ഊര്‍ജ ഭവന്‍ എന്നിവയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മോഡി രാജ്യത്തെ അഭിസംബോധന ചെയ്തത്. നോട്ടുനിരോധനത്തെ തുടര്‍ന്ന് പുതിയ നോട്ട് അച്ചടിക്കാന്‍ മാത്രം ഈ പദ്ധതി തുകയുടെ ഇരട്ടിയിലേറെ ചെലവഴിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ക്ലീന്‍ എനര്‍ജി ഉപയോഗിച്ച് ‘സൗഭാഗ്യ’ പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. ജല, സോളര്‍, ആണവ വൈദ്യുത പദ്ധതികള്‍ ഇരട്ടിയാക്കുകയാണ് ലക്ഷ്യം. സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി മാറ്റിവെക്കുന്ന 16,000 കോടി രൂപയുടെ ഭാരം പാവങ്ങളില്‍ ചുമത്തില്ല. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം പിന്നിട്ടിട്ടും നാലു കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി കിട്ടിയിട്ടില്ല. ഇത് പരിഹരിക്കാനുള്ള പദ്ധതിയാണ് പ്രധാനമന്ത്രി സഹജ് ബിജിലി യോജന സൗഭാഗ്യ. ഇതിനിടെ, പ്രധാനമന്ത്രിക്ക് സാമ്പത്തിക കാര്യങ്ങള്‍ ഉപദേശിക്കാനായി അഞ്ചംഗ സമിതിയെ നിയമിച്ചു. നിതി ആയോഗ് അംഗം ബിബേക് ദെബ്‌റോയി ആണ് സമിതി അധ്യക്ഷന്‍. സുര്‍ജിത് ഭല്ല, റതിന്‍ റോയ്, അഷിമ ഗോയല്‍, രത്തന്‍ വത്തല്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.