Sunday
19 Aug 2018

ഇന്ത്യയുടെ കുരുമുളക് കയറ്റുമതി വന്‍ പ്രതിസന്ധിയില്‍

By: Web Desk | Thursday 1 March 2018 3:56 PM IST

കൊച്ചി:

രാജ്യാന്തര വിപണിയില്‍ വിവിധ തരം കുരുമുളകിന്‍റെ വില കിലോഗ്രാമിന് 2,25,250 രൂപയാണെന്നിരിക്കെ 500 രൂപയില്‍ താഴ്ന്ന വിലയില്‍ കുരുമുളക് ഇറക്കുമതി ചെയ്യുന്നത് തടഞ്ഞുകൊണ്ട്  ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) ഇറക്കിയ ഉത്തരവ് ഇന്ത്യയുടെ കുരുമുളക് കയറ്റുമതി വ്യവസായത്തെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.

ഇറക്കുമതിചെയ്ത കുരുമുളകില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന വ്യവസായ യൂണിറ്റുകളെയാണ് ഇത് സാരമായി ബാധിച്ചിട്ടുള്ളത്. മുന്‍കൂര്‍ ലൈസന്‍സുകള്‍ പ്രകാരവും സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകളില്‍ പ്രവര്‍ത്തിക്കുന്നതും 100 ശതമാനം എക്‌സ്‌പോര്‍ട്ട് ഫാക്ടറികളും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത കുരുമുളക് പൂര്‍ണമായും മൂല്യവര്‍ധിത ഉത്പന്നങ്ങളായി കയറ്റുമതി ചെയ്യപ്പെടുന്നതിനാല്‍ ഇവ ആഭ്യന്തര വിപണിയില്‍ എത്തുന്നില്ല.

ഇന്ത്യയുടെ ആഭ്യന്തര വിപണിയില്‍ കുറഞ്ഞ വിലയില്‍ ഇറക്കുമതി ചെയ്യുന്ന കുരുമുളക് എത്തിച്ചേരുന്നത് അതിനായി ആഭ്യന്തര വിപണിയിലേക്കുള്ള ഇറക്കുമതി തടയുന്നതിന് ന്യായീകരണവും ഉണ്ടാവാം. പക്ഷേ, ആഭ്യന്തര വിപണിയുമായി ഒരു ബന്ധവും ഇല്ലാത്ത മൂല്യവര്‍ധിത കുരുമുളക് ഉത്പന്ന കയറ്റുമതി ഫാകടറികളുടെ ഉത്പാദനത്തിനാവശ്യമായ ഇറക്കുമതി തടയുന്ന തരത്തില്‍ വിജ്ഞാപനം ഇറക്കിയത് വസ്തുതകളും പ്രത്യാഘാതങ്ങളും വിലയിരുത്താതെയാണെന്ന് ഓള്‍ ഇന്ത്യ സ്‌പൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ചെയര്‍മാന്‍ പ്രകാശ് നമ്പൂതിരി പറഞ്ഞു.

കുരുമുളക് ഇറക്കുമതി തടഞ്ഞാല്‍ ആഭ്യന്തര വിപണിയിലെ ഇരട്ടിവിലയുള്ള കുരുമുളക് എക്‌സ്‌പോര്‍ട്ട് യൂണിറ്റുകള്‍ വാങ്ങുമെന്ന് അഭിപ്രായത്തിനും വസ്തുതാപരമായി അടിസ്ഥാനമില്ല. കയറ്റുമതി വ്യവസായത്തിന് ആവശ്യമായ രീതിയിലും അളവിലുമുള്ള അസംസ്‌കൃത കുരുമുളക് ആഭ്യന്തര വിപണിയില്‍ ലഭ്യമല്ല. അന്താരാഷ്ട്ര വിപണിയില്‍ കയറ്റുമതി യൂണിറ്റുകള്‍ മത്സരിക്കേണ്ടത് രാജ്യാന്തര മാര്‍ക്കറ്റില്‍ 200250 രൂപക്ക് വിയറ്റ്‌നാം അടക്കമുള്ള രാജ്യങ്ങള്‍ ലഭ്യമാക്കുന്ന അസംസ്‌കൃത കുരുമുളക് കൊണ്ട് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന മറ്റു അന്താരാഷ്ട്ര കമ്പനികളുമായാണ്. ആഭ്യന്തര വിപണിയില്‍ 450470/കിഗ്രാം രൂപ വിലയുള്ള കുരുമുളക് വാങ്ങി ഉത്പന്നങ്ങള്‍ ഉണ്ടാക്കിയാല്‍ അന്താരാഷ്ട്ര വിപണിയില്‍ എങ്ങനെ പിടിച്ചുനില്‍ക്കാന്‍ കഴിയും ?, അന്താരാഷ്ട്ര വിലിയില്‍ നിന്നും 40 ശതമാനം അധികം നല്‍കി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ആരു വാങ്ങും ?, ഓര്‍ഡര്‍ എവിടെ നിന്നു ലഭിക്കും ?, കയറ്റുമതി വ്യവസായികള്‍ ചോദിക്കുന്നു.

അസംസ്‌കൃത കുരുമുളകിന്‍റെ കുറഞ്ഞ അന്താരാഷ്ട്ര വിപണി വില അനുസരിച്ചാണ് ഇന്ത്യയിലെ യൂണിറ്റുകള്‍ നിലവില്‍ വിദേശ രാഷ്ട്രങ്ങളില്‍ വിതരണ കരാറുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞ മൂന്നു മാസമായി കരാറുകള്‍ പാലിക്കാന്‍ കഴിയാതെയും, വൈകിയും ഇന്ത്യന്‍ കുരുമുളക് കയറ്റുമതിക്കാര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വിശ്വാസ്യത നഷ്ടുപ്പെട്ടു വരികയാണ്. വിദേശ ഉപഭോക്താക്കള്‍ ഇന്ത്യയെ കൈവിട്ട് കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ ലഭിക്കുന്ന രാഷ്ട്രങ്ങള്‍ തേടിപോവുന്ന കാഴ്ച്ചയാണ്. വിജ്ഞാപനത്തിന് ശേഷം പോയ മൂന്നു മാസത്തെ നഷ്ടം 5075 കോടി രൂപയാണ്. മാത്രമല്ല, കുരുമുളക് ഒറ്റക്കുള്ള ഓര്‍ഡറുകളായല്ല കയറ്റുമതി ചെയ്യപ്പെടുന്നത്. കരാറുകളില്‍ മിക്കവയും മുളക്, മഞ്ഞള്‍, ഇഞ്ചി തുടങ്ങി വിവിധ സുഗന്ധ വ്യഞ്ജനങ്ങള്‍ കുരുമുളകിനൊപ്പം നല്‍കേണ്ടവയാണ്. കുരുമുളക് ഒഴിച്ചു നിര്‍ത്തിയുള്ള കയറ്റുമതി കരാറുകള്‍ക്ക് വിരുദ്ധവും സ്വീകാര്യവുമല്ലാത്തതാണ ശ്രീ പ്രകാശ് നമ്പൂതിരി പറഞ്ഞു.

ഇന്ത്യയില്‍ പ്രതിവര്‍ഷം 20,500 മെട്രിക് ടണ്ണിലധികം കുരുമുളക് ഇറക്കുമതിയുണ്ട്. ഇതില്‍ മൂല്യവര്‍ധിത കുരുമുളക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന സ്‌പൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം അംഗങ്ങള്‍ തന്നെ 13,500 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്യുകയും, അതു തിരിച്ച് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഇതൊഴിച്ചുള്ള ശ്രീലങ്കയില്‍ നിന്നുള്ള 2500 മെട്രിക് ടണ്ണും ഓപ്പണ്‍ ഇറക്കുമതിയായ 4500 മെട്രിക് ടണ്‍ ഇറക്കുമതിയും ഉള്‍പ്പെടെ 7000 മെട്രിക് ടണ്ണാണ് ആഭ്യന്തര വിപണിയില്‍ പുറത്തു നിന്നും എത്തുന്നത്. ഈ 7000 മെട്രിക് ടണ്ണിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പകരം പൂര്‍ണമായ ഇറക്കുമതി വിലക്കു കൊണ്ട് രാജ്യത്തിന്‍റെ ‘മേക്ക് ഇന്‍ ഇന്ത്യ’ നയങ്ങള്‍ക്കാണ് ക്ഷതമേല്‍ക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ കഴിയുന്ന ഉല്‍പന്നങ്ങളുടെ ഉത്പാദനം തടയുന്ന ആഭ്യന്തര നയങ്ങള്‍, നിലനില്‍ക്കുന്നതും വ്യവസായ കാലാവസ്ഥ ഇല്ലാത്തതുമായ രാജ്യത്തിന്‍റെ ചിത്രമാണിത് നല്‍കുന്നത്.

രാജ്യത്തെ കുരുമുളക് കൃഷിക്കാരുടെ താല്‍പര്യം സംരക്ഷിക്കാനായി ഇറക്കിയ വിജ്ഞാപനം ഇന്ത്യയുടെ കയറ്റുമതി വ്യവസായത്തിന്റെ തകര്‍ച്ചക്കും വിദേശനാണ്യ വരവ് നിലക്കുന്നതിനും അനേകായിരം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനും എക്‌സ്‌പോര്‍ട്ട് യൂണിറ്റുകള്‍ ഇന്ത്യയില്‍ നിന്നും പറിച്ചു നടപ്പെടുന്നതിനും വഴിയൊരുക്കും.
വിയറ്റ്‌നാം പോലുള്ള രാഷ്ട്രങ്ങളില്‍ കുരുമുളക് ഉത്പാദനം മൂന്നിരട്ടി വര്‍ദ്ധിച്ചതാണ് വില കുറയാന്‍ കാരണം. ആഭ്യന്തര വിജ്ഞാപനം കൊണ്ട് അന്താരാഷ്ട്ര വിപണിയെ നേരിടാന്‍ കഴിയില്ല. ഇന്ത്യന്‍ കുരുമുളകിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായാനും അതുവഴി അന്താരാഷ്ട്ര വിപണിയില്‍ മത്സരിക്കാനും പ്രാപ്തി നേടുന്നതിന് സര്‍ക്കാരും കൃഷിക്കാരുമായി യോജിച്ചുള്ള പ്രവര്‍ത്തനത്തിന് കയറ്റുമതി വ്യവസായികള്‍ സദാ സന്നദ്ധമാണ്.

കുരുമുളക് കയറ്റുമതി വ്യവസായികളുടെ സംഘടനകളോട് യാതൊരു ചര്‍ച്ചയും കൂടാതെയാണ് വിജ്ഞാപനം ഇറക്കിയത്. കയറ്റുമതിക്ക് മാത്രമായി കുരുമുളക് ഇറക്കുമതി ചെയ്യുന്ന വ്യവസായം ആഭ്യന്തര വിപണിയെ സപര്‍ശിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും കസ്റ്റംസിന്റെ നിരീക്ഷണത്തില്‍ നടക്കുന്ന ഇറക്കുമതിയും കയറ്റുമതിയുമാണിത്. ആഭ്യന്തര വിപണിയിലെ വിലയെ തങ്ങളുടെ അസംസ്‌കൃത കുരുമുളക് ഇറക്കുമതി ഒരു തരത്തിലും ബാധിക്കുന്നില്ലെന്നും പ്രകാശ് നമ്പൂതിരി പറഞ്ഞു.
വിജ്ഞാപനത്തിന്റെ പരിധിയില്‍ നിന്നും നൂറു ശതമാനം എക്‌സ്‌പോര്‍ട്ട് യൂണിറ്റുകളെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്. കയറ്റുമതി വ്യവസായം നിശ്ചലമാകുന്നതിന് മുമ്പ് സര്‍ക്കാരില്‍ നിന്നും അടിയന്തരമായ ഇടപെടല്‍ ഉണ്ടാകണമെന്നും പ്രകാശ് നമ്പൂതിരി പറഞ്ഞു.