Saturday
23 Sep 2017

രണ്ട് യുവതികൾ ജീവനൊടുക്കിയനിലയിൽ

By: Web Desk | Thursday 31 August 2017 3:43 PM IST

ഇൻഡോർ: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ടു യുവതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇരുപത്തഞ്ച് വയസ്സ് പ്രായമുള്ള രചന, തൻവി എന്നിവരാണ് ആത്മഹത്യ ചെയ്ത യുവതികള്‍. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെടുത്തെങ്കിലും അതിൽ മരണ കാരണം വ്യക്തമാക്കിയിട്ടില്ല. വിജയ്‌നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നിരിക്കുന്നത്.

ഇന്‍ഡോറിലെ ഒരു ഫിനാന്‍സിംഗ് കമ്പനിയില്‍ ടെലികോളിംഗ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന രചന, കേറ്ററിംഗ് കോണ്‍ട്രാക്ടറായി ജോലി ചെയ്യുന്ന തന്‍വി എന്നിവരെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളയില്‍ വിഷം ചേര്‍ത്ത് കുടിച്ചാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ഒരു മാസമായി ഇവര്‍ വാടക മുറിയില്‍ ഒന്നിച്ചാണ് താമസിക്കുന്നത്.

രണ്ടു ദിവസമായി ഇരുവരെയും കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. മുറിയില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സമീപവാസികള്‍ പൊലീസില്‍ വിവരമറിയിച്ചത്.
മരിച്ചവരില്‍ ഒരാളായ രചന വിവാഹിതയും ഒരു ആണ്‍കുട്ടിയുടെ അമ്മയുമാണ്. ഭര്‍ത്താവുമായി നാലു വര്‍ഷമായി പിരിഞ്ഞ് താമസിക്കുകയാണ്. കുട്ടിയെ ഭര്‍ത്താവിന് വിട്ടു നല്‍കരുതെന്ന് മാതാപിതാക്കള്‍ക്കെഴുതിയ കത്തില്‍ രചന പറഞ്ഞിരുന്നു.

ആത്മഹത്യാക്കുറിപ്പിലെ തീയതി ഓഗസ്റ്റ് 27 ആണ്. ഇരുവരും ജീവിതം മടുത്തതിനാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുറിപ്പിലുള്ളതെന്നും മറ്റാരും ഇതിനുത്തരവാദികളല്ലെന്ന് അവര്‍ കുറിച്ചിരിക്കുന്നെന്നും പോലീസ് വ്യക്തമാക്കി. ഇതുവരും അവരവരുടെ വീട്ടുകാര്‍ക്കാണ് കത്തെഴുതിയിരുന്നത്.

ഇരുവരുടെയും ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യപ്പെട്ട നിലയിലാണ്. മരണത്തിന് തൊട്ടു മുന്‍പ് എടുത്ത ഒരു സെല്‍ഫി ചിത്രം മാത്രമേ ഫോണുകളിലുണ്ടായിരുന്നുള്ളൂ. പോലീസ് രചനയുടെ സഹോദരനെയും സഹോദരീ ഭര്‍ത്താവിനെയും വിളിച്ചുവരുത്തിവിവരങ്ങൾ ധരിപ്പിച്ചു. മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ പോലീസ് അന്വേഷണം ശക്തമാക്കി.