Tuesday
22 Jan 2019

വ്യാവസായിക വളര്‍ച്ചാ നിരക്ക് കൂപ്പുകുത്തി

By: Web Desk | Friday 11 January 2019 10:23 PM IST

ന്യൂഡല്‍ഹി:

രാജ്യത്തെ വ്യാവസായിക വളര്‍ച്ചാ നിരക്ക് കഴിഞ്ഞ പതിനേഴ് മാസത്തിനിടയില്‍ ഏറ്റവും കുറഞ്ഞ നിലയിലേക്ക് കൂപ്പുകുത്തി. ഉല്‍പ്പാദന മേഖലയിലെ കുറവാണ് ഇതിനുള്ള മുഖ്യകാരണമെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

2017 നവംബര്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം വ്യാവസായിക വളര്‍ച്ചാ നിരക്ക് 8.5 ശതമാനമായിരുന്നു. 2018 ഒക്‌ടോബറില്‍ ഇത് 8.1 ശതമാനമായി കുറഞ്ഞു. ഇപ്പോള്‍ വീണ്ടും 0.5 ശതമാനം കുറഞ്ഞാണ് പരിതാപകരമായ അവസ്ഥയിലെത്താന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഇപ്പോള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉല്‍പ്പാദനമേഖലയില്‍ 0.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇതാണ് വ്യാവസായിക വളര്‍ച്ചാ നിരക്ക് കുറയാനുള്ള കാരണമായി പറയുന്നത്. ഉപഭോഗ വസ്തുക്കളുടെ ഉല്‍പ്പാദന മേഖലയിലെ ഗണ്യമായ കുറവും വ്യാവസായിക വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണമായി.