Tuesday
24 Oct 2017

പണപ്പെരുപ്പം: നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു

By: Web Desk | Friday 15 September 2017 7:00 PM IST

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിനെത്തുടര്‍ന്നുണ്ടായ പണപ്പെരുപ്പത്തില്‍ മൊത്തവിതരണ വില സൂചിക ഉയര്‍ന്നു. ഇത് നിത്യോപയോഗ സാധനങ്ങ ളെയാണ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്‌. കുതിച്ചുയരുന്ന ഡീസല്‍ പെട്രോള്‍ വിലവര്‍ധനയില്‍ റെയില്‍- റോഡ്- കടത്ത് എന്നിവയിലെ ചെലവ് ഏറിയതിന്റെ പ്രതിഫലനമായിട്ടാണ് വിലസൂചികയില്‍ ഗണ്യമായ മാറ്റം പ്രകടമായിട്ടുള്ളത്.

മൊത്തവിതരണ വില സൂചികയില്‍  1.88 ശതമാനമായിരുന്ന പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് ഓഗസ്‌റ്റോടുകൂടി 3.24 ശതമാനം വര്‍ധിച്ചു.
മൊത്തവിപണിയിലെ പണപ്പെരുപ്പം 4.41 ശതമാനം ഉയര്‍ന്നു. ജൂലൈയില്‍ ഇത് 2.12 ശതമാനമായിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ ഇരട്ടിവില വര്‍ധനവ് കുടുംബബഡ്ജറ്റുകളെ താളംതെറ്റിച്ചിരിക്കുകയാണ്‌.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് 4.37ല്‍ നിന്ന് 9.99 എന്ന ശതമാനത്തിലേയ്ക്ക് വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.
ഉപഭോക്തൃ വിലസൂചികയിലും ഇത്തരം വിലവര്‍ധന പ്രവണതയായി മാറിയിരിക്കുകയാണ്. ഓഗസ്റ്റില്‍ മാത്രം 3.36 ശതമാനം വിലക്കയറ്റമാണ് വിപണിയെ കീഴടക്കിയിരിക്കുന്നത്.
ഇത് മുഖ്യമായും ബാധിച്ചിരിക്കുന്നത് ഉള്ളി വിലയെയാണ്. 88.46 ശതമാനമായി ഉള്ളിവില വര്‍ധിച്ചു. കൂടാതെ പഴം- പച്ചക്കറികളിലും ഈ വര്‍ധവ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പച്ചക്കറിയ്ക്ക് 44.91ഉം പഴങ്ങള്‍ക്ക് 7.35ഉം പാലിന് 3.34ഉം ശതമാനവും വില ഉയര്‍ന്നു.
പണപ്പെരുപ്പം രൂക്ഷമായ സാഹചര്യത്തില്‍ ജൂലൈയില്‍ 0.46 ശതമാനത്തില്‍ നിന്ന് ഒരുമാസത്തിനുള്ളില്‍ 2.66 ശതമാനം വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഉരുളക്കിഴങ്ങിന്റെ വിലയില്‍ കീഴോട്ടാണ് വളര്‍ച്ച.

2017 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. ജൂലായില്‍ ജി.എസ്.ടി നിലവില്‍ വന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില മുകളിലോട്ട്തന്നെയാണ്. വരും മാസങ്ങളിലും പണപ്പെരുപ്പത്തിന്റെ തോത് ഉയര്‍ന്നേക്കുമെന്നാണ് സൂചന. അതേസമയം വ്യാവസായിക ഉല്‍പാദനത്തില്‍  1.2 ശതമാനം വളര്‍ച്ചയാണ് ജൂലൈയില്‍ ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റിലെ കണ്‍സ്യൂമര്‍ വിലസൂചികയിലെ ഉയര്‍ച്ചയും ജൂലൈയിലെ വ്യാവസായിക ഉല്‍പ്പാദന സൂചികയിലെ 1.2 ശതമാനം ഉയര്‍ച്ചയും ജിഡിപിയിലെ 5.7 ശതമാനം എന്ന നേരിയ വര്‍ധനവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ ഘടനാപരമായ മാറ്റത്തിന്റെ സ്വഭാവമാണെന്ന് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നു.