Monday
23 Apr 2018

മതിയായ സൗകര്യങ്ങളില്ല 400 ഐടിഐകളുടെ അംഗീകാരം തടഞ്ഞു

By: Web Desk | Sunday 22 October 2017 10:15 PM IST

ന്യൂഡല്‍ഹി:

മതിയായ അടിസ്ഥാന സൗകര്യങ്ങളും യോഗ്യരായ പരിശീലകരുമില്ലാത്തതിനാല്‍ രാജ്യത്തെ 400 ലധികം ഐടിഐകളുടെ അഫിലിയേഷന്‍ കേന്ദ്ര നൈപുണ്യ വികസന വകുപ്പ് തടഞ്ഞു. 13,000 ത്തിലധികം വരുന്ന ഐടിഐകളാണ് നൈപുണ്യവികസന വകുപ്പിന് കീഴിലുള്ളത്. സ്ഥാപനങ്ങളുടെ ഗുണനിലവാരവും പരിശീലകരുടെ കഴിവും മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഫിലിയേഷന്‍ തടഞ്ഞതെന്ന് നൈപുണ്യ വികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജേഷ് അഗര്‍വാള്‍ അറിയിച്ചു.
സര്‍ക്കാരിന്റെ തൊഴിലധിഷ്ഠിത പദ്ധതികള്‍ നടപ്പിലാക്കുന്നത് ഐടിഐകള്‍ മുഖേനയാണ്. ഓരോ വര്‍ഷവും പരിശീലനം നേടുന്ന ഏഴ് ദശലക്ഷത്തോളം വരുന്നവരില്‍ 36 ശതമാനവും ഈ പദ്ധതിക്കു കീഴിലാണ് പരിശീലനം നേടുന്നത്. എന്നാല്‍ പല ഐടിഐകളും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.