Monday
19 Nov 2018

സിബിഐ: രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി

By: Web Desk | Friday 26 October 2018 11:43 AM IST

ന്യൂഡൽഹി: സിബിഐ ഡയറക്ടർ അലോക് വർമയെ ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കിയ കേന്ദ്ര സർക്കാർ നടപടിയെക്കുറിച്ചു രണ്ടാഴ്ചക്കുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി കേന്ദ്ര വിജിലൻസ് കമ്മീഷനോട് നിർദേശിച്ചു. സുപ്രീം കോടതിയിലെ റിട്ടയേർഡ് ജസ്റ്റിസ്  എ കെ പട് നായിക് ഇതിനു മേൽനോട്ടം വഹിക്കും.  കേന്ദ്ര സർക്കാരിനും സിബിഐ യ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.

ഇടക്കാല ഡയറക്ടറായി നിയമിതനായ നാഗേശ്വര റാവുവിനെ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും വിലക്കിയ കോടതി ഒക്ടോബര് 23 മുതൽ അദ്ദേഹം എടുത്ത എല്ലാ തീരുമാനങ്ങളുടെയും വിശദവിവരം സീൽ ചെയ്ത കവറിൽ സമർപ്പിക്കാനും നിർദേശിച്ചു.  അധികാരം ഏറ്റ ഉടനെ നാഗേശ്വര റാവു നിർണായക കേസുകൾ നോക്കിയിരുന്ന പത്തിലേറെ ഉദ്യോഗസ്ഥരെ വിദൂരങ്ങളിലേക്കു സ്ഥലം മാറ്റിയിരുന്നു.

സിബിഐ യ്ക്കുള്ളിൽ അന്യോന്യമുള്ള അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട ഈ കേസ് കേസ് നവംബർ 22 ലേക്ക് വീണ്ടും കേൾക്കാനായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, എസ്  കെ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ച് മാറ്റിവച്ചു.

സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും അലോക് വർമയെ നീക്കുകയും അവധിയിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തതിനെതിരെ അലോക് വർമയും പൊതുകാര്യങ്ങൾക്കുള്ള എൻ ജി ഒ  യും നൽകിയ ഹർജികൾ പരിഗണിക്കവെയാണ് നടപടി.

എൻ ജി ഒ  നൽകിയ പരാതിയിൽ സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെയും എതിർകക്ഷിയായി ചേർത്തിട്ടുണ്ട്. അഴിമതിയ്ക്ക് അസ്താനയ്ക്കെതിരെ  സിബിഐ ഡയറക്ടർ അലോക് വർമ നടപടിക്കൊരുങ്ങുമ്പോഴാണ് അസ്താനയുമായി അടുത്ത ബന്ധമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതിൽ ഇടപെട്ട് അലോകയെ മാറ്റിയത്. അസ്താനയ്ക്കും സ്ഥാനം നഷ്ടപ്പെട്ടു. അലോക് വർമയ്ക്കെതിരെ അസ്താനയും അഴിമതി ആരോപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച നടന്ന ഹൃസ്വമായ വാദത്തിൽ അലോകിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എഫ് എസ്  നരിമാൻ, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ത്യൻ ചീഫ് ജസ്റ്റിസും ഉൾപ്പെട്ട സമിതിയാണ് ഡയറക്ടറെ നിയമിച്ചതെന്നു ചൂണ്ടിക്കാട്ടി. ഡയറക്ടറെ നീക്കിയ നടപടി വിനീത് നാരായൻ കേസിലെ കോടതി വിധിപ്രകാരം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യം 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കോടതി പറഞ്ഞുവെങ്കിലും വളരെയധികം രേഖകൾ പരിശോധിക്കാൻ ഉള്ളതിനാൽ കൂടുതൽ സമയം സി വി സി  അഭ്യര്ഥിക്കുകയായിരുന്നു. മേൽനോട്ടം അനുവദിക്കരുതെന്നും സി വി സി ആവശ്യപ്പെട്ടു.

Related News