Monday
23 Jul 2018

ഐഎന്‍എസ് കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചു

By: Web Desk | Thursday 14 December 2017 10:55 PM IST

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സ്‌കോര്‍പീന്‍ ക്ലാസിലെ ആദ്യ ഇന്ത്യന്‍ മുങ്ങിക്കപ്പലായ ഐഎന്‍എസ് കല്‍വരി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചു. ഫ്രാന്‍സിന്റെ സഹായത്തോടെ നിര്‍മിക്കുന്ന ആറ് സ്‌കോര്‍പീന്‍ ക്ലാസിലെ ആദ്യ മുങ്ങിക്കപ്പലാണിത്. ദക്ഷിണ മുംബൈയില്‍ മഡ്ഗാവ് ഡോക്കില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, നാവികസേന മേധാവി സുനില്‍ ലാമ്പ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസ് എന്നിവര്‍ പങ്കെടുത്തു.
‘മെയ്ക്ക് ഇന്‍ ഇന്ത്യ’യുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഐഎന്‍എസ് കല്‍വരിയെന്ന് മുങ്ങിക്കപ്പല്‍ രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് മോഡി പറഞ്ഞു. മുങ്ങിക്കപ്പല്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും മോഡി വ്യക്തമാക്കി. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി നിര്‍മാണത്തില്‍ ഇന്ത്യയുമായി സഹകരിക്കുന്നത്.

കടലിനടിയില്‍ നിന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാനാവാതെ അതിശക്തമായ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് ഐഎന്‍എസ് കല്‍വരി. നിലവില്‍ 15 അന്തര്‍വാഹിനികളാണ് ഇന്ത്യക്കുള്ളത്. ഇന്ത്യന്‍ നാവികസേന 1967 ഡിസംബര്‍ എട്ടിന് റഷ്യയില്‍നിന്ന് വാങ്ങിയ ആദ്യ മുങ്ങിക്കപ്പലിന്റെ പേരും കല്‍വരിയെന്നായിരുന്നു. 30 വര്‍ഷത്തെ സേവനത്തിനുശേഷം 1996 മെയിലാണ് ഇത് പിന്‍വലിച്ചത്.

ഡീസല്‍ ഇലക്ട്രിക് എഞ്ചിന്‍ കരുത്തുപകരുന്ന ഐഎന്‍എസ് കല്‍വരിക്ക് 61.7 മീറ്റര്‍ നീളമുണ്ട്. കടലിന്നടിയില്‍ 20 നോട്ടിക്കല്‍ മൈല്‍ വേഗം(മണിക്കൂറില്‍ 37 കിലോമീറ്റര്‍), ജലോപരിതലത്തില്‍ 12 നോട്ടിക്കല്‍മൈല്‍ വേഗം( മണിക്കൂറില്‍ 22 കിലോമീറ്റര്‍). കടലില്‍ 1150 അടി ആഴത്തില്‍ സഞ്ചരിക്കും. 18 ടോര്‍പിഡോകള്‍, 30 മൈനുകള്‍, 39 കപ്പല്‍വേധ മിസൈലുകള്‍ എന്നിവ വഹിക്കാന്‍ ശേഷി. 40 ദിവസത്തോളം കടലിനടിയില്‍ കഴിയാന്‍ സാധിക്കും, ശത്രുവിന്റെ നിരീക്ഷണ സംവിധാനത്തെ കബളിപ്പിക്കാന്‍ അതിസാമര്‍ഥ്യം. കുറഞ്ഞ ശബ്ദത്തില്‍ എന്‍ജിന്‍ പ്രവര്‍ത്തനം ഇവയൊക്കെ കല്‍വരിയുടെ പ്രത്യേകതകളാണ്.