Thursday
24 Jan 2019

മാര്‍ച്ച് 21- അന്താരാഷ്ട്ര വനദിനം

By: Web Desk | Monday 19 March 2018 12:58 PM IST

രാധാകൃഷ്ണന്‍ പാരിപ്പള്ളി
കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 28.90 ശതമാനം വനങ്ങളാണ്. അത് ഏകദേശം 11,125.59 സ്‌ക്വയര്‍ കിലോമീറ്റര്‍ വരും. എന്നാല്‍ ശരിക്കും വനപ്രദേശമായി കണക്കാക്കിയിരിക്കുന്നത് 9400 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമാണ്. നമ്മുടെ വനങ്ങള്‍ പശ്ചിമഘട്ടത്തില്‍ ചിതറിക്കിടക്കുകയാണ്. അവ അപൂര്‍വജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. ഇടുക്കിയും പത്തനംതിട്ടയുമാണ് വനം കൂടുതലുള്ള ജില്ലകള്‍. ആലപ്പുഴയാണ് സംരക്ഷിത വനപ്രദേശമില്ലാത്ത ജില്ല. അടുത്ത കാലത്ത് ഹരിപ്പാടിനടുത്തുള്ള വിയപുരത്ത് പ്രവര്‍ത്തിച്ചിരുന്ന തടിഡിപ്പോ ഉള്‍പ്പെടുന്ന 13 ഏക്കര്‍ സ്ഥലം സംരക്ഷിത വനമായി പ്രഖ്യാപിച്ചിട്ടുണ്ട്. വനം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചുവരുന്നു. മരങ്ങള്‍ വെട്ടി നശിപ്പിക്കുന്നതും വനങ്ങളില്‍ അനധികൃതമായി പ്രവേശിക്കുന്നതും വന്യജീവികള്‍ക്ക് ഉപദ്രവമുണ്ടാക്കുന്നതിനും തടയിടുന്നതിനും ശക്തമായ നിയമങ്ങള്‍ നിര്‍മിച്ച് വനം വകുപ്പ് വനംസംരക്ഷിക്കുന്നതിനായി കണ്ണില്‍ എണ്ണയൊഴിച്ച് കാവലിരിക്കുകയാണ്. കേരളത്തില്‍ അഞ്ച് ദേശീയ ഉദ്യോനങ്ങളുണ്ട്. സൈലന്റ്‌വാലി, ഇരവികുളം നാഷണല്‍ പാര്‍ക്ക്, പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്, ആനമുടി നാഷണല്‍ പാര്‍ക്ക്, മതികെട്ടാന്‍ നാഷണല്‍ പാര്‍ക്ക് എന്നിവയാണ്. കൂടാതെ 11 വന്യമൃഗസങ്കേതങ്ങളും രണ്ട് പക്ഷിസങ്കേതങ്ങളും ഒരു കടുവാസങ്കേതവും (പെരിയാര്‍ ടൈഗര്‍ റിസര്‍വ്) ആണ് പ്രധാന സംരക്ഷിത വനപ്രദേശങ്ങള്‍, 19-ാം നൂറ്റാണ്ടില്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ 75 ശതമാം വനപ്രദേശമായിരുന്നു. ഇത് കുറഞ്ഞുകുറഞ്ഞ് പരിമിതമായ വനപ്രദേശമായി മാറിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സംരക്ഷിത വനപ്രദേശമെന്ന പദ്ധതി ആവിഷ്‌കരിച്ച് വനങ്ങള്‍ സംരക്ഷിച്ചുപോരുന്നത്.
നമ്മുടെ കാടുകളില്‍ ആന, കടുവ, പുലി, സിംഹവാലന്‍ കുരങ്ങുകള്‍, കാട്ടുപോത്ത്, കരടി, മാന്‍, കുരങ്ങ്, പുള്ളിപ്പുലി, കുറുക്കന്‍, ചെന്നായ് തുടങ്ങി നിരവധി മൃഗങ്ങള്‍ ജീവിക്കുന്നു. വേഴാമ്പലടക്കം നിരവധി പക്ഷികളുമുണ്ട്. നിത്യഹരിതവനങ്ങളാണ് കേരളത്തില്‍ കൂടുതലുള്ളത്. തേക്ക്, മരുത്, കരിമരുതി, ചന്ദനമരം, വേങ്ങല്‍, ചടച്ചി, കാഞ്ഞിരം തുടങ്ങിയ വന്‍ മരങ്ങളും എണ്ണിയാലൊടുങ്ങാത്ത ഔഷധ സസ്യങ്ങളും നമ്മുടെ വനപ്രദേശങ്ങളെ സംപുഷ്ടമാക്കുന്നു. സര്‍ക്കാര്‍ വനപ്രദേശങ്ങളിലെ തേക്ക്, യൂക്കാലിപ്റ്റസ്, മുള തുടങ്ങിയവ പ്ലാന്റ് ചെയ്യുന്നുണ്ട്. അവയില്‍ നിന്നും നല്ല വരുമാനം ലഭിക്കുന്നുണ്ട്. ദേശീയ വനനയം രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗമെങ്കിലും വനപ്രദേശമായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. രാജ്യത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നതിന് നമ്മുടെ രാജ്യത്തെ ആറ് തരത്തിലുള്ള വനങ്ങള്‍ വലിയപങ്കാണ് വഹിക്കുന്നത്.

യുഎന്‍ പൊതുസഭ 2012 നവംബര്‍ 28ന് കൂടി എടുത്ത പ്രധാന തീരുമാനമാണ് മാര്‍ച്ച് 21 ലോക വനദിനമായി ആഘോഷിക്കുക എന്നത്. വരുംതലമുറയ്ക്ക് വനസംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റിയും മരങ്ങള്‍ വച്ചുപിടിപ്പിച്ച് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുമുള്ള അവബോധം നല്‍കുക എന്നതാണ് വനദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. 2013 ലാണ് ലോകത്ത് ആദ്യമായി അന്താരാഷ്ട്ര വനദിനം ആചരിച്ചുതുടങ്ങിയത്. ലോകത്തുള്ള 32 മില്യന്‍ ഏക്കര്‍ വരുന്ന വനഭൂമിയാണ് ഓരോ വര്‍ഷവും വിവിധ കാരണങ്ങള്‍കൊണ്ട് നഷ്ടമായിക്കൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവാണ് ഇങ്ങനെ ഒരു ദിനത്തെപ്പറ്റി ചിന്തിക്കാന്‍ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചത്.
വനങ്ങള്‍ നമുക്ക് ആഹാരവും വെള്ളവും ഔഷധങ്ങളും നല്‍കുന്നു. കൂടാതെ ഏകദേശം 1.6 ബില്യന്‍ മനുഷ്യര്‍ കാടുകളില്‍ ജീവിക്കുന്നു. അവരുടെ ആദിമ സംസ്‌കാരങ്ങളുമായി.