Tuesday
24 Oct 2017

അന്താരാഷ്ട്ര സന്ധിരോഗ ശില്‍പ്പശാല സമാപിച്ചു

By: Web Desk | Sunday 24 September 2017 3:45 PM IST

കോഴിക്കോട്: ഇന്തോ കൊറിയന്‍ ഓര്‍ത്തോപീഡിക് ഫൗണ്ടേഷന്റെയും പ്രൊ. പി കെ സുരേന്ദ്രന്‍ മെമ്മോറിയല്‍ എഡ്യുക്കേഷന്‍ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ രണ്ടു ദിവസമായി കോഴിക്കോട് മലബാര്‍ പാലസില്‍ നടന്നുവന്ന സൗജന്യ താക്കോല്‍ ദ്വാര ശസ്ത്രക്രിയ ക്യാമ്പും അന്താരാഷ്ട്ര സന്ധിരോഗ ശില്‍പ്പശാലയും സമാപിച്ചു.
കൊളമ്പോ യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള പ്രൊഫസര്‍ പരാക്രം ധര്‍മ്മരത്‌നെ മുഖ്യപ്രഭാഷണം നടത്തി. കാൽമുട്ട്, ഇടുപ്പ് സന്ധികള്‍ക്കായി സംസസ്ഥാന ആശുപത്രികളിലെ അത്യാധുനിക സൗകര്യങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ഇത് അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്തോ കൊറിയന്‍ ഓര്‍ത്തോപീഡിക് ഫൗണ്ടേഷന്‍ പ്രസിഡന്റ് പ്രൊഫ: യെ യോ വോ പരിപാടി ഉദ്ഘാടനം ചെയ്തു. കാൽമുട്ട്, ഇടുപ്പ് സന്ധി സമ്പൂര്‍ണ്ണ താക്കോല്‍ ദ്വാര ശസ്ത്രക്രിയയുടെ അതിസൂക്ഷ്മ ഭാഗങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. ലണ്ടന്‍ ഹോസ്പിറ്റലില്‍ നിന്നുള്ള ഡോ: സുഗവനം, പ്രൊഫ: ഗോപിനാഥന്‍, ഡോ: അന്‍വര്‍, ഡോ: സിബിന്‍, ഡോ: രാജു എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. അര്‍ഹതപ്പെട്ടവർക്കും പാവപ്പെട്ടവർക്കും രോഗികള്‍ക്കും താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്തുകൊടുത്തു.
കാൽമുട്ട്, ഇടുപ്പ് സന്ധിയില്‍ ഉണ്ടാകുന്ന വിവിധ തകരാറുകളെക്കുറിച്ചും ശസ്ത്രക്രിയകളെക്കുറിച്ചും രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധര്‍ ചര്‍ച്ച ചെയ്തു. ഇരുന്നൂറിൽപരം അസ്ഥിരോഗ വിദഗ്ധര്‍ പരിപാടിയില്‍ പങ്കെടുത്തു.
സാധാരണ പ്രായമുള്ളവര്‍ക്ക് മാത്രം കണ്ടുവരുന്ന രോഗാവസ്ഥ ഇപ്പോള്‍ പ്രായം കുറഞ്ഞവര്‍ക്കും കണ്ടുവരുന്നതായി യോഗം കണ്ടെത്തി. ഭക്ഷണ രീതി, വ്യായാമമില്ലായ്മ, വിശ്രമമില്ലായ്മ എന്നിവയാണ് ഇതിന് കാരണം. സ്‌പോര്‍ട്‌സ് അപകടങ്ങളില്‍ പലപ്പോഴും അത്‌ലറ്റുകള്‍ക്ക് വരുന്ന സന്ധികളിലെ തകരാറുകള്‍ വളരെ പെട്ടന്ന് സുഖപ്പെടുത്തിയില്ലെങ്കില്‍ രോഗം മൂര്‍ച്ഛിച്ച് രോഗിയ്ക്ക് സ്‌പോര്‍ട്‌സില്‍ പങ്കെടുക്കാന്‍ കഴിയാതെ വരും. ചികിത്സ വൈകിയാല്‍ പലപ്പോഴും രോഗി രോഗശയ്യയില്‍ ആവുകയും ചെയ്യും. ചികിത്സ വൈകിയാല്‍ അസ്ഥികള്‍ക്ക് തേയ്മാനം വരികയും അസുഖം ക്രമാതീതമായി വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. രോഗികളുടെ അജ്ഞതയും സാമ്പത്തിക പ്രയാസങ്ങളുമാണ് രോഗ ചികിത്സ വൈകാന്‍ കാരണമാകുന്നത്.