Friday
25 May 2018

ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍മാര്‍ട്ടിന് തുടക്കം

By: Web Desk | Thursday 11 January 2018 5:42 PM IST

കൊച്ചി: ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍മാര്‍ട്ട്-2018ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കം. ഇന്ത്യയിലെ വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും, വിദേശ രാജ്യങ്ങളും അണിനിരക്കുന്ന പ്രമുഖ വിനോദ സഞ്ചാര മേളയാണിത്. മൂന്ന് ദിവസം നീളുന്ന ടൂറിസം മേളയില്‍, രാജ്യത്തിനകത്തും പുറത്തുനിന്നുമായി നൂറ്റിയിരുപതിലധികം പ്രതിനിധി സംഘങ്ങളുടെ പവിലിയനുകളാണ് ഒരുക്കിയിട്ടുള്ളത്. സ്പിയര്‍ ട്രാവല്‍ മീഡിയ ആന്റ് എക്‌സിബിഷന്‍സ് ആണ് മേളയുടെ സംഘാടകര്‍.
കേരളത്തില്‍നിന്നുള്ള യാത്രികര്‍ക്ക് ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലേക്കുമുള്ള വിനോദ, ബിസിനസ്സ് യാത്രാ സാധ്യതകളും, ബഡ്ജറ്റും, ഫിനാന്‍സിങ്ങും നേരിട്ടറിയാനുള്ള അവസരമാണ് പവിലിയനുകള്‍ നല്‍കുന്നതെന്ന് സ്പിയര്‍ ട്രാവല്‍ മീഡിയ ഡയറക്ടര്‍ . രോഹിത് ഹംഗല്‍ പറഞ്ഞു.
മുന്‍ വര്‍ഷത്തേതുപോലെ പതിനയ്യായിരത്തോളം വരുന്ന സഞ്ചാരപ്രിയര്‍ മേളയുടെ നൂറ്റിമൂന്നാമത് എഡിഷന്‍ പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന് പുറമെ ആന്റഡമാന്‍ ആന്റ് നിക്കോബാര്‍, പഞ്ചാബ്, ബോഡൊലാന്റ്, ഛത്തീസ്ഗഢ്, ഗോവ, ജമ്മു ആന്റ് കാഷ്മീര്‍, കര്‍ണാടക, തമിഴ്‌നാട്,  ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ഗുജ്‌റാത്ത്, മദ്ധ്യപ്രദേശ്, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഘണ്ഡ്, വെസ്റ്റ് ബംഗാള്‍   എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം വകുപ്പുകളുടെ പവിലിയനുകള്‍ ടൂറിസം സങ്കേതങ്ങളെ സംബന്ധിച്ച് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കും.
ശ്രീലങ്ക, നേപ്പാള്‍, മൊറീഷ്യസ്, യുഎഇ എന്നീ രാജ്യങ്ങള്‍ക്കായുള്ള പവലിയനുകളും മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.  ഐആര്‍ടിസി ഒരുക്കൂന്ന പ്രത്യേക റെയില്‍വേ പാക്കേജൂകള്‍, ഇന്ത്യയിലെ നൂറിലധികം വിനോദസഞ്ചാര മേഖലകളിലേക്കുള്ള ഹോളിഡേ പാക്കേജുകള്‍ എന്നിവക്കായും മേള പ്രയോജനപ്പെടുത്താം. രാജ്യാന്തര ടൂര്‍ ഓപ്പറേറ്റര്‍മാരും, ഇന്ത്യയിലെ നാനാഭാഗങ്ങളില്‍നിന്നുള്ള റിസോര്‍ട്ടുകളും ആകര്‍ഷകമായ പാക്കേജുകളുമായി മേളയിലുണ്ട്. യാത്രികര്‍ക്ക് യാത്രയെ സംബന്ധിച്ച വിശദവിവരങ്ങളും, ചെലവുകളും, യാത്രാ സീസണുകളെക്കുറിച്ചും വ്യക്തമായ ചിത്രവും ഇതുവഴി ലഭിക്കും.
ടൂറിസം മേഖലയെ ലക്ഷ്യമിട്ട് വിവിധ പാക്കേജുകളുമായി എയര്‍ലൈനുകള്‍, പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ടുകള്‍, ഷിപ്പിങ്ങ്, ക്രൂയിസ് ലൈനുകള്‍, ഹോളിഡേ പാക്കേജ് ഫിനാന്‍സിങ്ങ് കമ്പനികളും, ആയുര്‍വേദിക് റിസോര്‍ട്ടുകള്‍, അഡ്വഞ്ചേര്‍സ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബുകള്‍, വൈല്‍ഡ് ലൈഫ് റിസോര്‍ട്ടുകള്‍ എന്നിവയെല്ലാം മേളയില്‍ സജീവ സാന്നിധ്യമാണ്. സ്‌പോട്ട് ബുക്കിങ്ങുകള്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും മേള ലഭ്യമാക്കുന്നുണ്ട്.
രാവിലെ 11 മണി മുതല്‍ വൈകിട്ട് 7 വരെയാണ് സന്ദര്‍ശന സമയം. പ്രവേശനം സൗജന്യം. മേള ജനുവരി 13 ശനിയാഴ്ച സമാപിക്കും.