Tuesday
17 Jul 2018

രാജ്യാന്തര രസതന്ത്ര സമ്മേളനം 23ന് ഫാറൂഖ് കോളജില്‍ 

By: Web Desk | Wednesday 20 September 2017 4:20 PM IST

കോഴിക്കോട്: എമേര്‍ജിങ് ഫ്രോണ്ടിയേഴ്‌സ് ഇന്‍ കെമിക്കല്‍ സയന്‍സ് (ഇ.എഫ്.സി.എസ്) 2017 രാജ്യാന്തര രസതന്ത്ര സമ്മേളനം 23ന്  ഫാറൂഖ് കോളജില്‍ നടക്കും. അമേരിക്ക, ഇംഗ്ലണ്ട്, ജാപ്പാന്‍, ഈജിപ്ത്, സിങ്കപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കും.
25 പ്രബന്ധങ്ങളും 50 പോസ്റ്ററുകളും സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഫാറുഖ് കോളജ് രസതന്ത്ര വിഭാഗം തലവന്‍ ഡോ. എ.കെ അബ്ദുല്‍റഹീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
23 മുതല്‍ 25 വരെ മൂന്നു ദിവസങ്ങളിലായി 36 അതിഥികളും 22 പ്രഭാഷകരും പങ്കെടുക്കും. മലബാറിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് 1948 മുതല്‍ മഹത്തായ സംഭാവന നല്‍കുന്ന സ്ഥാപനത്തിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റാണ് രാജ്യാന്തര സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി, റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി, യു.ജി.സി തുടങ്ങിയവയുമായി സഹകരിച്ചാണ് രാജ്യാന്തര രസതന്ത്ര സമ്മേളനം സംഘടിപ്പിക്കുന്നത്.
പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗണ്‍സില്‍ ചെയര്‍മാനും ഭാരതരത്‌ന ജേതാവുമായ പ്രഫ. സിഎന്‍ആര്‍ റാവു 23ന് വൈകിട്ട് നാലിന് സമ്മേളനം ഉദ്ഘാടനം ചെയ്യും. കോളജിലെ രസതന്ത്ര വിഭാഗം അധ്യാപകനായിരുന്ന പ്രഫ. ഷാഹിദ് ലത്തീഫിനെ ചടങ്ങില്‍ ആദരിക്കും. 24ന് രാവിലെ ഒന്‍പതിന് തിരഞ്ഞെടുക്കപ്പെട്ട 100 കുട്ടികളുമായി പ്രഫ. റാവു സംവദിക്കും. ജില്ലയിലെ 15 വിദ്യാലയങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത ശാസ്ത്രകുതുകികളായ വിദ്യാര്‍ഥികളെയാണ് ഇതില്‍ പങ്കെടുപ്പിക്കുക.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, ഡോ. സുരേഷ് ദാസ്, പി.കെ അഹമ്മദ്, സി.പി കുഞ്ഞിമുഹമ്മദ്, കെ.വി കുഞ്ഞഹമ്മദ് കോയ, പ്രഫ. ടി. പ്രദീപ് തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രഫ. പി.ഇ.എം അബ്ദുല്‍റഷീദ്, ഡോ. ടി. ഷാലിന ബീഗം, പ്രഫ. എം.എ ഫരീദ്, ഉമ്മര്‍ ബറാമി പങ്കെടുത്തു.
Related News