Monday
17 Dec 2018

അനിയന്ത്രിത വിദേശനിക്ഷേപം: ചില്ലറ വ്യാപാരം തീറെഴുതി

By: Web Desk | Wednesday 10 January 2018 10:46 PM IST

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് തലയൂരാന്‍ പൊതുമേഖല വില്‍പ്പനക്ക് വെച്ച് കേന്ദ്രസര്‍ക്കാര്‍ വിദേശനിക്ഷേപ നയം ഉദാരമാക്കി. ചില്ലറ വില്‍പ്പന, നിര്‍മ്മാണം അടക്കമുള്ള സുപ്രധാന മേഖലകളാണ് വിദേശകമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തീറെഴുതുന്നത്. രാജ്യത്തെ ചെറുകിട വ്യാപാര മേഖലയെ ഗുരുതരമായി ബാധിക്കുന്നതാണ് തീരുമാനം.
ചില്ലറ വില്‍പ്പന മേഖലയിലും നിര്‍മ്മാണ മേഖലയിലും നൂറ് ശതമാനം പ്രത്യക്ഷ വിദേശനിക്ഷേപ (എഫ്ഡിഐ)ത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയത്. എയര്‍ ഇന്ത്യയിലെ വിദേശ നിക്ഷേപം 49 ശതമാനമാക്കാനും അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ എഫ്ഡിഐ നയത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍വചനത്തിനും മാറ്റം വരുത്തി. പ്രാഥമിക വിപണിയിലെ ഊര്‍ജ്ജ വിതരണത്തിന് വിദേശ സ്ഥാപക നിക്ഷേപം(എഐഐ, വിദേശ ഓഹരിനിക്ഷേപം (എഫ്പിഐ) എന്നിവയ്ക്ക് പുതിയ ഇളവുകളും നല്‍കിയിട്ടുണ്ട്.
രാജ്യത്തെ ഒറ്റ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന വിപണിയില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ തന്നെ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കടന്നുകയറാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശ നിക്ഷേപ നയം ഉദാരവല്‍ക്കരിക്കുന്നത്. നോട്ട് നിരോധനം, ജിഎസ്ടി എന്നിവ സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന്റെ പേരിലാണ് തിരക്കിട്ട നീക്കം. വിദേശ നിക്ഷേപം കൂടുതലെത്തുന്നത് ജിഡിപി വളര്‍ച്ചയെ സഹായിക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് കേന്ദ്രമന്ത്രിസഭയുടെ ന്യായീകരണം.
നേരത്തെയും ചില്ലറ വില്‍പ്പന മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും 49 മുതല്‍ 100 ശതമാനം വരെയുള്ള വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമായിരുന്നു. ഈ നിബന്ധനയാണ് എടുത്തു കളഞ്ഞിരിക്കുന്നത്. അതോടൊപ്പം നിര്‍മ്മാണ മേഖലയിലും ഇനി മുതല്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ നൂറ് ശതമാനം നിക്ഷേപം നടത്താം.
നിലവിലുണ്ടായിരുന്ന നയമനുസരിച്ചുള്ള സ്വാഭാവിക എഫ്ഡിഐകള്‍ക്കും സംയോജനത്തിന് മുമ്പുള്ള ചെലവുകള്‍, യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുക എന്നിവയ്ക്ക് വേണ്ടി പണരഹിത ഓഹരികള്‍ ഇറക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നിര്‍മ്മാണമേഖലയില്‍ ടൗണ്‍ഷിപ്പ്, ഭവനപദ്ധതി, അടിസ്ഥാന സൗകര്യ നിര്‍മ്മാണം, റിയല്‍ എസ്‌റ്റേറ്റ് ബുക്കിംഗ് സേവനം എന്നിവയിലാണ് സ്വാഭാവിക വഴിയിലൂടെ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചിരിക്കുന്നത്.
എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതോടെ എയര്‍ ഇന്ത്യയുടെ 49 ശതമാനം വരെയുള്ള ഓഹരികള്‍ വിദേശ വിമാന കമ്പനികള്‍ക്ക് വാങ്ങാനാകും. നിക്ഷേപ പരിധി 49 ശതമാനമാക്കിയതിനാല്‍ ഉടമസ്ഥാവകാശം സര്‍ക്കാരിന്റെ കൈയില്‍ നിലനില്‍ക്കും എന്നു മാത്രം. 52,000 കോടിയിലേറെ രൂപയുടെ ബാധ്യതയുള്ള എയര്‍ഇന്ത്യയെ പുനരുദ്ധരിക്കാന്‍ മറ്റുവഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാല്‍ എയര്‍ ഇന്ത്യയെ പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നും അഞ്ചുവര്‍ഷംകൂടി നല്‍കണമെന്നും പാര്‍ലമെന്ററി സമിതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെത്തിയത് 6008 കോടി ഡോളര്‍ വിദേശ നിക്ഷേപമാണ്. കൂടുതല്‍ ഇളവുകള്‍ നല്‍കി ഇത് പതിനായിരം കോടി ഡോളറായി ഉയര്‍ത്താനാണ് കേന്ദ്രനീക്കം. ഊര്‍ജ്ജ വിതരണത്തില്‍ നിലവില്‍ രണ്ടാംവിപണിയില്‍ മാത്രമായിരുന്നു എഫ്‌ഐഐ അല്ലെങ്കില്‍ എഫ്പിഐ നിക്ഷേപങ്ങള്‍ സാധ്യമായിരുന്നത്. ഇതാണ് പ്രാഥമിക വിപണിയിലേക്ക് കൂടി അനുവദിച്ചിരിക്കുന്നത്.
ആദ്യ അഞ്ചുവര്‍ഷത്തേക്ക് ഏക ബ്രാന്‍ഡ് ചില്ലറവില്‍പ്പന(എസ്ബിആര്‍ടി) സ്ഥാപനത്തിന് വേണ്ട സ്രോതസിന്റെ 30 ശതമാനം നിര്‍ബന്ധമായും ഇന്ത്യയില്‍ നിന്നും വാങ്ങിയിരിക്കണമെന്നാണ് വ്യവസ്ഥ. അഞ്ചുവര്‍ഷത്തിന് ശേഷം എസ്ബിആര്‍ടി സംരംഭങ്ങള്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ശതമാനം സ്രോതസ് മാനദണ്ഡം പ്രതിവര്‍ഷാടിസ്ഥാനത്തില്‍ പാലിക്കണം. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.