Thursday
24 Jan 2019

ഐപിഎല്‍: ശോഭകെടുത്തി അമ്പയറിങ് അബദ്ധങ്ങള്‍

By: Web Desk | Thursday 10 May 2018 10:52 PM IST

കൊല്‍ക്കത്തയുടെ ടോം കുറാന്‍ പന്തെറിയുന്നതിന്റെ ദൃശ്യം

കൊല്‍ക്കത്ത: ഐപിഎല്‍ പതിനൊന്നാം സീസണില്‍ അമ്പയറിങ് അബദ്ധങ്ങള്‍ ശോഭകെടുത്തുന്നു. ഡിആര്‍എസ് ഏര്‍പ്പെടുത്തിയ ആദ്യ ഐപിഎല്ലില്‍ ആണ് ഇത്രയും അബദ്ധങ്ങളെന്നതും ശ്രദ്ധേയമായിട്ടുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന മത്സരത്തില്‍ ഒന്നിലധികം തവണയാണ് അമ്പയര്‍മാര്‍ക്ക് പിഴച്ചത്. ആദ്യതവണ മുന്‍ കേരള ക്യാപ്റ്റന്‍ കൂടിയായ കെ എന്‍ അനന്തപത്മനാഭനാണ് പിഴവുവരുത്തിയത്.

മത്സരത്തില്‍ പതിനാറാം ഓവറില്‍ ടോം കുറാനെറിഞ്ഞ അഞ്ചാം പന്ത് അനന്തപത്മനാഭന്‍ നോ ബോള്‍ വിധിച്ചു. പിന്നാലെ മുംബൈയ്ക്ക് ഫ്രീ ഹിറ്റും അനുവദിച്ചു. എന്നാല്‍ റീപ്ലേയില്‍ കുറാന്‍ ഓവര്‍ സ്റ്റെപ്പ് ചെയ്തിട്ടില്ലെന്ന് വ്യക്തമായിരുന്നു.
ഇതോടെ കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്കും കുറാനും അമ്പയറുടെ അടുത്തെത്തി സംസാരിച്ചുവെങ്കിലും തീരുമാനത്തില്‍ അനന്തപത്മനാഭന്‍ ഉറച്ചുനിന്നു. ഇതോടെ അഞ്ചാം പന്ത് കുറാന്‍ വീണ്ടു എറിയേണ്ടി വന്നു.

ഇതോടെ മോശം അമ്പയറിംഗിനെതിരെ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു. ദാരുണം എന്നായിരുന്നു ക്ലാര്‍ക്ക് അമ്പയറുടെ തീരുമാനത്തെ വിശേഷിപ്പിച്ചത്. സാങ്കേതിക വിദ്യ ഇത്രമാത്രം പുരോഗമിച്ചു നില്‍ക്കുമ്പോള്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത് നാണക്കേടാണെന്ന് ക്ലാര്‍ക്ക് ചൂണ്ടിക്കാണിക്കുന്നു.
കൊല്‍ക്കത്തയുടെ ബാറ്റിങില്‍ കാര്‍ത്തിക് റണ്‍ ഔട്ടായതും സംശയത്തിന്റെ നിഴലിലാണ്. ജെപി ഡുമിനി എറിഞ്ഞുകൊടുത്ത പന്ത് സ്റ്റംപ് ചെയ്ത് കാര്‍ത്തികിനെ പുറത്താക്കിയത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. എന്നാല്‍ സ്റ്റമ്പ് ചെയ്യുന്ന സമയത്ത് പാണ്ഡ്യയുടെ കയ്യില്‍ പന്തുണ്ടായിരുന്നില്ലെന്നാണ് ആരോപണം,

ഫീല്‍ഡ് അമ്പയര്‍ക്കും ഈ സംശയം തോന്നിയതിനെ തുടര്‍ന്ന് ഔട്ട് തീരുമാനിക്കാന്‍ തേര്‍ഡ് അമ്പയര്‍ക്ക് വിടുകയായിരുന്നു. പക്ഷേ തേര്‍ഡ് അമ്പയറും മുംബൈക്ക് അനുകൂല വിധിയാണ് നല്‍കിയത്. ഇതിന് പിന്നാലെ കൊല്‍ക്കത്ത ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

ഏപ്രില്‍ 17ന് നടന്ന മുംബൈ-ബംഗലൂരു മത്സരത്തില്‍ മൂന്നാം അമ്പയറെ തെറ്റായ റീപ്ലേ കാണിച്ചുവെന്ന് ബ്രോഡ്കാസ്റ്റര്‍ക്കെതിരെയും പരാതി ഉയര്‍ന്നിരുന്നു. ഉമേഷ് യാദവിന്റെ വിക്കറ്റെടുത്ത ജസ്പ്രീത് ബൂമ്ര ഓവര്‍ സ്റ്റെപ്പ് ചെയ്തിരുന്നോ എന്നറിയാനായി ഫീല്‍ഡ് അമ്പയര്‍ തേര്‍ഡ് അമ്പയറുടെ സഹായം തേടി. യഥാര്‍ഥത്തില്‍ ബൂമ്ര എറിഞ്ഞത് നോ ബോളായിരുന്നെങ്കിലും ബ്രോഡ്കാസ്റ്റര്‍മാര്‍ മൂന്നാം അമ്പയര്‍ക്ക് കാണിച്ചുകൊടുത്തത് ബൂമ്രയുടെ മറ്റൊരു ദൃശ്യമായിരുന്നു. ഇതോടെ അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.

പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളിതാരം സഞ്ജു സാംസണ്‍ പഞ്ചാബിന്റെ കെ എല്‍ രാഹുലിന്റെ കാച്ച് എടുത്തിട്ടും മൂന്നാം അമ്പയര്‍ ഔട്ട് അനുവദിച്ചിരുന്നില്ല. ഇതിനെതിരെ മത്സരശേഷം റോയല്‍സ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ രംഗത്തെത്തിയിരുന്നു. ബാറ്റിങ് തുടര്‍ന്ന രാഹുല്‍ മത്സരത്തില്‍ പഞ്ചാബിനെ ജയിപ്പിക്കുകയും റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്തിരുന്നു.