Sunday
23 Sep 2018

ചബഹാര്‍ തുറമുഖപദ്ധതിയിലേക്ക് പാകിസ്ഥാനെ ക്ഷണിച്ച് ഇറാന്‍

By: Web Desk | Tuesday 13 March 2018 11:01 PM IST

പാക്-ഇറാന്‍ ബന്ധത്തിന്റെ 70 വാര്‍ഷികത്തോടനുബന്ധിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി ജവേദ് ഷരീഫും സംഘവും കേക്ക് മുറിക്കുന്നു

ഇസ്ലാമാബാദ്: ഇറാനില്‍ ഇന്ത്യ സഹായത്തോടെ ആരംഭിച്ചിരിക്കുന്ന ചബഹാര്‍ തുറമുഖ പദ്ധതിയിലേക്ക് പാകിസ്ഥാന് ക്ഷണം. ഇറാന്‍ വിദേശകാര്യമന്ത്രി ജവേദ് ഷരീഫാണ് ത്രിദിന സന്ദര്‍ശനത്തിനിടെ ചബഹാര്‍ പദ്ധതിയിലേക്ക് പാകിസ്ഥാന്റെ പങ്കാളിത്തം ആവശ്യപ്പെട്ടത്. ചൈനയുടെ സ്വപ്‌നപദ്ധതിയായ ചൈന-പാക് സാമ്പത്തിക ഇടനാഴിയില്‍ പങ്കാളിയാകാന്‍ ഇറാന്‍ ആഗ്രഹിക്കുന്നതായി ഷെരിഫ് പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
പാക്-ഇറാന്‍ നയതന്ത്രബന്ധത്തിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഷെരീഫ് പാകിസ്ഥാനിലെത്തിയത്. ഇസ്ലാമാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ഷെരീഫ് ചബഹാര്‍ പദ്ധതിയിലേക്ക് പാക് പങ്കാളിത്തം ക്ഷണിച്ചത്.

ചബഹാര്‍ പദ്ധതിയും ചൈന-പാക് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഗദ്വാര്‍ തുറമുഖവും ഇറാനെ സംബന്ധിച്ച് പ്രധാനപ്പെട്ടവയാണ്. ഈ പദ്ധതികള്‍ ഇറാന്റെ കിഴക്ക്,തെക്ക് ഭാഗങ്ങളുടെയും പാകിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്തിന്റെയും വികസനത്തിന് കാരണമാകുന്നവയാണെന്നും ഷെരീഫ് പറഞ്ഞു.

ചബഹാര്‍ തുറമുഖ നിര്‍മാണത്തിലൂടെ പാകിസ്ഥാനെ വളയാനാണ് ഇന്ത്യയുടെ ലക്ഷ്യമെന്നത് പാകിസ്ഥാന്റെ തെറ്റിദ്ധാരണയാണ് ഷെരീഫ് പറഞ്ഞു. ഇന്ത്യയുമായുള്ള ഇറാന്റെ ബന്ധം പാകിസ്ഥാന് സൗദി അറേബിയയുമായി ഉള്ളത് പോലെയാണ്. അതില്‍ പാകിസ്ഥാനെ ലക്ഷ്യം വെയ്ക്കുകയെന്നൊന്നില്ലെന്നും ഷെരിഫ് പറഞ്ഞു.

പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫുമായി ജാവേദ് ഷെരീഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീര്‍, പലസ്തീന്‍ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പരസ്പരം സഹായിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.