Thursday
20 Sep 2018

അയര്‍ലന്‍ഡ് വിദ്യാഭ്യാസ മേള: നഴ്‌സിംഗ് ഏറെ പ്രിയങ്കരം

By: Web Desk | Thursday 22 February 2018 7:32 PM IST

കൊച്ചി : അയര്‍ലന്‍ഡ് വിദ്യാഭ്യാസ മേള വിദ്യാര്‍ത്ഥികളുടേയും രക്ഷകര്‍ത്താക്കളുടേയും വിപുലമായ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. അയര്‍ലന്‍ഡ് സര്‍ക്കാര്‍ സംഘടിപ്പിച്ച മേളയില്‍ 20 ഐറിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പങ്കെടുത്തു.
അയര്‍ലന്‍ഡിലെ നഴ്‌സിംഗ് വിദ്യാഭ്യാസ മേഖല സംബന്ധിച്ചായിരുന്നു കൂടുതല്‍പേര്‍ക്കും അറിയേണ്ടിയിരുന്നത്. ഐടി എഞ്ചിനീയറിംഗ്, അക്കൗണ്ടിങ്ങ്, ഫിനാന്‍സ്, ചലച്ചിത്ര പഠനം, ഹോസ്പിറ്റാലിറ്റി മേഖലകളിലും അന്വേഷണം ഉണ്ടായി.
ഐറിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യകതയില്ലെന്ന് അയര്‍ലന്‍ഡ് എജ്യുക്കേഷന്‍ സീനിയര്‍ അഡ്‌വൈസര്‍ ബാരി ഒഡ്രിസ്‌കോള്‍ പറഞ്ഞു. അയര്‍ലന്‍ഡിലെ വിവിധ വിദ്യാലയങ്ങളിലായി 3000 ത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേളയുടെ കൊച്ചിയിലെ രണ്ടാം പതിപ്പാണിത്.
ഉന്നത വിദ്യാഭ്യാസ നിലവാരം, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയ്ക്കു പുറമേ മികച്ച ജോലി സാദ്ധ്യതയും ഐറിഷ് എജ്യുക്കേഷന്റെ പ്രത്യേകതയാണ്. യൂറോ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന സമ്പദ് വളര്‍ച്ച രേഖപ്പെടുത്തുന്ന രാജ്യമായ അയര്‍ലഡില്‍ ആയിരത്തിലേറെ ആഗോള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അമേരിക്ക, ചൈന, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളേക്കാള്‍ ഐറിഷ് വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്തുന്നത് ഇന്ത്യാക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്, എന്‍ജിനീയറിംഗ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ആര്‍ട്‌സ് ആന്‍ഡ് ഹ്യുമാനിറ്റീസ്, മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് കോഴ്‌സുകളാണ് അയര്‍ലന്‍ഡ് വാഗ്ദാനം ചെയ്യുന്നത്. കേരളത്തില്‍ നിന്ന് നഴ്‌സിംഗ് കോഴ്‌സാണ് ഏറ്റവുമധികം പേര്‍ തിരഞ്ഞെടുക്കുന്നതെന്നും ബാരി ഒഡ്രിസ്‌കോള്‍ പറഞ്ഞു.