Friday
25 May 2018

അയര്‍ലന്‍ഡിന് ഇന്ന് അരങ്ങേറ്റം

By: Web Desk | Friday 11 May 2018 8:00 AM IST

ഡബ്ലിന്‍:

അയര്‍ലന്‍ഡിന് ഇന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം. പാകിസ്ഥാനാണ് ആദ്യടെസ്റ്റില്‍ അയര്‍ലന്‍ഡിന്റെ എതിരാളികള്‍. വില്യം പോര്‍ട്ടര്‍ഫീല്‍ഡാണ് ആദ്യടെസ്റ്റില്‍ അയര്‍ലന്‍ഡിനെ നയിക്കുന്നത്. സര്‍ഫ്രാസ് അഹമ്മദാസ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍. മലാഹിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് മഴ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനൊപ്പമാണ് അയര്‍ലന്‍ഡിന് ഐസിസിയുടെ ടെസ്റ്റ് പദവി ലഭിക്കുന്നത്. എന്നാല്‍ ഐസിസിയുടെ പൂര്‍ണ അംഗത്വം ലഭിച്ചിട്ടും ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരു വര്‍ഷത്തോളം അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു.
എന്നാല്‍ ടെസ്റ്റിന് മുമ്പേ തിരിച്ചടി നേരിട്ട സ്ഥിതിയിലാണ് ടീം. പരുക്കിനെത്തുടര്‍ന്ന് പേസ് ബൗളര്‍ നതാന്‍ സ്മിത്ത് കളിക്കില്ല. പകരം ക്രെയ്ഗ് യങിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്മിത്തിന്റെ ദേശീയടീമിലെ അരങ്ങേറ്റവും കൂടിയാണ് നടക്കേണ്ടിയിരുന്നത്. 28 കാരനായ യങ് 2013 ലാണ് ടീമില്‍ അരങ്ങേറിയത്.

വില്യം പോര്‍ട്ടര്‍ഫീല്‍ൃ്, ഒബ്രിയന്‍ സഹോദരന്മാര്‍, എഡ് ജോയിസ് തുടങ്ങിയ പരിചയസമ്പന്നരിലാണ് അയര്‍ലന്‍ഡിന്റെ പ്രതീക്ഷ. പാകിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനാകും ടീമിന്റെ ശ്രമം. ടെസ്റ്റ് മത്സരങ്ങള്‍ അരങ്ങേറ്റക്കാര്‍ക്ക് എന്നും ബാലികേറാമലയാണ്. ന്യൂസിലന്‍ഡ് 26 വര്‍ഷംകൊണ്ട് 45 മത്സരങ്ങള്‍ കളിച്ചതിന് ശേഷമാണ് ഒരു വിജയം സ്വന്തമാക്കുന്നത്. ബംഗ്ലാദേശിന് 34 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചശേഷമാണ് ഒരു വിജയം സ്വന്തമായത്. സിംബാബ് വെക്കെതിരെയായിരുന്നു അവരുടെ ആദ്യവിജയം.
ടിട്വന്റി റാങ്കിങില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ടെസ്റ്റില്‍ പാകിസ്ഥാന്റെ റാാങ്ക് ഏഴാമതാണ്. മിസ്ബാ, യൂനിസ് ഖാന്‍ എന്നിവരുടെ വിരമിക്കലിന് ശേഷമാണ് പാകിസ്ഥാന്റെ റാങ്ക് താഴേക്കുവീണത്. ആസാദ് ഷെഫീഖ്, അസ്ഹര്‍ അലി, ബാബര്‍ അസം തുടങ്ങിയവരിലാണ് പാക് പ്രതീക്ഷകള്‍. പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ഫഹീം അഷറഫ്, സാമി അസ്‌ലം തുടങ്ങിയവര്‍ ടീമില്‍ ഇടംനേടിയേക്കും. മുഹമ്മദ് ആമിര്‍, രാഹത് അലി തുടങ്ങിയവര്‍ അണിനിരക്കുന്ന പേസ് ബൗളിങ് അയര്‍ലന്‍ഡിനെ അപേക്ഷിച്ച് ഏറെ ശക്തമാണ്.

അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി കൗണ്ടി കളിക്കുന്നതിനായി ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാല്‍ മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ജൂണ്‍ 14ന് ബാംഗ്ലൂരിലാണ് ചരിത്ര ടെസ്റ്റിന് തുടക്കമാകുന്നത്.

അയര്‍ലന്‍ഡ് ടീം: വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (ക്യാപ്റ്റന്‍), ആന്‍ഡ്ര്യൂ ബാല്‍ബിര്‍നി, എഡ് ജോയിസ്, ടിറോണ്‍ കെയിന്‍, ആന്‍ഡി മക്ബ്രിന്‍, ടിം മുര്‍ത്താ, കെവിന്‍ ഒബ്രിയാന്‍, നീല്‍ ഒബ്രിയാന്‍, ബോയിഡ് റാങ്കിന്‍, ക്രെയ്ഗ് യങ്, പോള്‍ സ്റ്റര്‍ലിംഗ്, ജെയിംസ് ഷാനോണ്‍, സ്റ്റുവാര്‍ട്ട് തോംപ്‌സണ്‍, ഗാരി വില്‍സണ്‍.