Wednesday
23 Jan 2019

ബുളളറ്റ് പ്രേമികളിലെ അയണ്‍ ബട്ടണ്‍

By: Web Desk | Thursday 10 May 2018 8:32 PM IST

ഷെഹിന ഹിദായത്ത്

രു കാലത്ത് ബുള്ളറ്റ് പുരുഷന്‍മാരുടെ കുത്തകയായിരുന്നു. അക്കാലമൊക്കെ പോയിക്കഴിഞ്ഞു. മിക്കവരും യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ്. പണ്ടുകാലത്ത് അകത്തളങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സ്ത്രീകളെയാണ് കണ്ടതെങ്കില്‍ ഇന്ന് അതില്‍ നിന്നെല്ലാം വ്യത്യസ്തരാണ് സ്ത്രീകള്‍. നാല് ചുമരുകള്‍ക്കുളളില്‍ ഒതുങ്ങി നില്‍ക്കാതെ അവരുടെ സ്വപ്‌നങ്ങള്‍ക്ക്  ചിറക് നല്‍കി പറന്നു നടക്കുകയാണ്.

ബുള്ളറ്റിനോട് ഹരം തോന്നുന്നത് സര്‍വ്വ സാധരണയാണ്. അതില്‍ സ്ത്രീകളുടെ സാന്നിധ്യം അറിയിക്കുക എന്നത് അത്ഭുതകരം തന്നെ. ബുള്ളറ്റ് യാത്രകളില്‍ ഹരംതേടിയുള്ള നിരവധി സ്ത്രീയാത്രകള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചിരുന്നു.

ബുള്ളറ്റിലൂടെ യാത്രകളെ പ്രണയിച്ച പലരെയും കുറിച്ച് കേട്ടിട്ടുണ്ടാവാം. ബുള്ളറ്റിനെ പ്രണയിച്ച ഒരു വ്യക്തിത്വമാണ് ഇൗ പെണ്‍കരുത്ത്.

ഷൈനി എന്ന് പറ‌ഞ്ഞാല്‍ ആര്‍ക്കും പെട്ടെന്ന് ആളെ പിടികിട്ടില്ല. ബുള്ളറ്റ് ഷൈനി എന്നു പറ‍ഞ്ഞാല്‍ ഒട്ടുമിക്ക മലയാളികള്‍ക്കും ഇപ്പോള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. ചെറുപ്പകാലം മുതല്‍ക്കേ ബുള്ളറ്റ് യാത്രകളെ പ്രണയിച്ചിരുന്നു ഷൈനി. മറ്റു കുട്ടികള്‍ രാജാവിന്‍റെയും രാജ്ഞിയുടെയും കഥകള്‍ കേള്‍ക്കുമ്പോള്‍ ഷൈനി കേട്ടിരുന്നത് ബുള്ളറ്റിലുള്ള  ത്രസിപ്പിക്കുന്ന യാത്രകളെ കുറിച്ചാണ്. ഇതെല്ലാം പറഞ്ഞു കൊടുക്കുന്നതോ അമ്മാവനും. അന്ന് തുടങ്ങിയ പ്രണയമാണ് ബുള്ളറ്റിനോട്.

കുട്ടിക്കാലം മുതല്‍ക്കേ കായിക മേഖലയോട് പ്രത്യേക അഭിനിവേശം ഷൈനിക്കുണ്ടായിരുന്നു. ക്രിക്കറ്റിനോടായിരുന്നു കമ്പം. അങ്ങനെ സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ ഡിഗ്രിക്ക് പ്രവേശനം നേടി. ആ കാലയളവില്‍ കേരള ക്രിക്കറ്റ് പ്ലെയറായിരുന്നു. ഒപ്പം ജൂനിയര്‍ സബ് ജൂനിയര്‍ വിക്കറ്റ് കീപ്പറും.

ഇരുപതാം വയസ്സിലാണ് ഷൈനിയുടെ ആഗ്രഹം സഫലമായത്. ബുളളറ്റ് ഓടിച്ചു തുടങ്ങിയ ഷൈനി കേരളത്തില്‍ സജീവമാകുന്നത് 2007- ഓടെയാണ്. 2012 ഓടെ ഷൈനിയെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി.

വടക്കേ ഇന്ത്യയില്‍ പൊലീസ് ഓഫിസറായി ജോലി ചെയ്ത ഷൈനി ആ ജോലി ഉപേക്ഷിച്ചാണ് റൈഡിങ് രംഗത്തേക്ക് തിരിഞ്ഞത്. ആ തീരുമാനത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നില്ല. അവിടെ സ്ഥിര താമസക്കാരിയാകാന്‍ സാധിക്കാത്തതുകൊണ്ട് ജോലി ഉപേക്ഷിച്ചത് വീട്ടില്‍ പ്രശ്‌നമായില്ല.

അതിന് ശേഷം, കൊട്ടക് മഹീന്ദ്രയില്‍ ജോലി നോക്കി. അവിടെ ഫീല്‍ഡിലായിരുന്നു ജോലിയായിരുന്നു കൂടുതലും. ഫീല്‍ഡ് വര്‍ക്കാവുമ്പോള്‍ കൂടുതല്‍ നേരം റൈഡ് ചെയ്യാം എന്നതുകൊണ്ട് വളരെയധികം ആവേശത്തോടെയാണ് അവിടെ ജോലിക്ക് ചേര്‍ന്നത്. അങ്ങനെ അസിസ്റ്റന്റ് മാനേജര്‍ പോസ്റ്റ് വരെ അവിടെ നിന്നു. മാനേജര്‍ പോസ്റ്റിന് തിരഞ്ഞെടുത്തപ്പോള്‍ അവിടെ നിന്ന് രാജിവെച്ചു. മുഴുവന്‍ സമയം ഓഫിസില്‍ ചിലവഴിക്കേണ്ടി വരുമെന്നതിനാലും റൈഡില്‍ കേന്ദ്രീകരിക്കാന്‍ കഴിയാതിരുന്നതിനാലുമാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചത്.  അതിനുശേഷം മുഴുവനായും ബുള്ളറ്റ് റൈഡിലേക്ക് തിരിഞ്ഞു. ഇത് മാത്രമല്ല മ്യൂറല്‍ പെയിന്‍റിങിലും ഷൈനി കയ്യൊപ്പ് ചാര്‍ത്തി.

ഇന്ത്യയിലെ മികച്ച അഞ്ഞൂറ് റൈഡര്‍മാരില്‍ ഒരാളായി ഷൈനി മാറിക്കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള ഏക വനിത എന്ന ക്രെഡിറ്റും ഷൈനിക്ക് സ്വന്തമാണ്. അയണ്‍ ബട്ടണ്‍ എന്ന മറ്റൊരു പേരിലും ഷൈനി അറിയപ്പെടുന്നു.

ഡ്രൈവിങ്ങില്‍ അത്രയും പ്രാവീണ്യമുള്ളവര്‍ക്ക് മാത്രമേ അങ്ങനെയൊരു പട്ടം കിട്ടുകയുള്ളു. ഇതിനുവേണ്ടി മൂന്ന് വര്‍ഷം കഠിനമായി പ്രയത്‌നിച്ചു. ആദ്യമൊക്കെ പേടിയായിരുന്നു, പിന്‍മാറേണ്ടി വരും എന്നൊക്കൊയായിരുന്നു തോന്നല്‍.

പുരുഷന്മാര്‍പോലും ഓടിക്കാന്‍ ഭയപ്പെടുന്ന ഇന്ത്യന്‍ എന്‍ഡുറന്‍സ് ബൈക്കേഴ്‌സ് അസോസിയേഷന്‍റെ 24 മണിക്കൂര്‍ ‘ബാപ്പുബ’ ചലഞ്ചാണ് (ബംഗളൂരു- പുണെ- ബംഗളൂരു) 23 മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയാക്കി ഈ തിരുവനന്തപുരത്തുകാരി ചരിത്രം സൃഷ്ടിച്ചത്.

ഭര്‍ത്താവിന്‍റെ പ്രേരണ മൂലമാണ് ബുള്ളറ്റ് പ്രേമികളായ സ്ത്രീകള്‍ക്കായി ഡോണ്ട്‌ലെസ് റോയല്‍ എക്‌സ്‌പ്ലോറര്‍ എന്ന ക്ലബ് ഷൈനി കേരളത്തില്‍ രൂപീകരിച്ചത് .

“എനിക്ക് മാത്രം ഓടിക്കാവുന്ന ഒന്നല്ല ബുള്ളറ്റ്, മറ്റു സ്ത്രീകളെ പഠിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന ആശയം മുന്നോട്ടുവെച്ചത് ഭര്‍ത്താവാണ്. അതോടെയാണ് മറ്റുള്ളവരെ ബുള്ളറ്റ് ഓടിക്കാന്‍ പഠിപ്പിച്ച് തുടങ്ങിയത്” – ഷൈനിയുടെ വാക്കുകള്‍.

സ്ത്രീകള്‍ നയിക്കുന്ന കേരളത്തിലെ ആദ്യത്തെ രജിസ്റ്റേര്‍ഡ് ബുള്ളറ്റ് ക്ലബ് ആയിരിക്കും ഷൈനിയുടേത്. ഷൈനിക്ക് സ്വന്തമായി 5 ബുള്ളറ്റുകളുണ്ട്. ക്ലബ്ബില്‍ 40 ഓളം അംഗങ്ങള്‍ ഉണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മോട്ടോര്‍ സൈക്കിള്‍, ഓള്‍ഡ് മോഡല്‍ (2), സ്റ്റാന്‍ഡേര്‍ഡ് മോഡല്‍, ക്ലാസിക് ഹിമാലയന്‍ എന്നിവയാണവ.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കുകയെന്ന ഒരൊറ്റ സന്ദേശമാണ് ഓരോ യാത്രകള്‍ക്കും പിന്നിലുള്ളത്.  അതിനാല്‍ ഇതിനെതിരെ ‘ആസാദി’ എന്നപേരില്‍ ബുള്ളറ്റ് യാത്ര നടത്തിയിരുന്നു. സംസ്ഥാന ടൂറിസം വകുപ്പായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കുടുംബം ഷൈനിക്ക് നല്‍കുന്ന സപ്പോര്‍ട്ട് ഏറെയാണ്”.

വനിതാ ദിനമായ മാര്‍ച്ച് എട്ടിന് കൊച്ചിയിലും വനിതാ ബുള്ളറ്റ് ക്ലബ്ബ് ആരംഭിച്ചു. ഇനി ഈ വര്‍ഷം കോഴിക്കോടും ആരംഭിക്കാനുള്ള തിരക്കിലാണിപ്പോള്‍. തിരുവനന്തപുരത്തുനിന്ന് തുടങ്ങി കശ്മീരിലെ കര്‍ഖുംഗ്ലവരെ ഷൈനി 42 ദിവസം കൊണ്ട് സഞ്ചരിച്ചു. കേരളത്തില്‍ ഹിമാലയന്‍ ബുള്ളറ്റ് സ്വന്തമാക്കിയ ആദ്യ റൈഡര്‍ കൂടിയാണ് ഷൈനി.

 

സ്ത്രീകളെക്കൊണ്ട് ഒരിക്കലും കഴിയില്ലെന്ന് സമൂഹം കരുതിയ ഇത്തരം വെല്ലുവിളികള്‍ വിജയകരമായി പൂര്‍ത്തീകരിച്ച സന്തോഷത്തിലാണ് ഷൈനി.

ഷൈനിയുടെ യാത്ര ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ഇനിയും യാത്രകള്‍ തുടരും. ബുള്ളറ്റില്‍ പോകാന്‍ കഴിയുന്ന പുറം രാജ്യങ്ങളിലേക്കും പോകണമെന്നാണ് ഷൈനിയുടെ ഇനിയുള്ള ആഗ്രഹം.