Friday
20 Jul 2018

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സൂപ്പര്‍മാനോ: സുപ്രിം കോടതി

By: Web Desk | Thursday 12 July 2018 10:13 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കാത്തതില്‍ ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രിം കോടതി. മാലിന്യ സംസ്‌കരണം പ്രാദേശിക ഭരണകൂടത്തിന്റെ ചുമതലയാണെന്ന ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ പരാമര്‍ശത്തെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു. . തനിക്കാണ് അധികാരമെന്നും താന്‍ സൂപ്പര്‍മാനാണെന്നും നിങ്ങള്‍ പറയുന്നു. എന്നിട്ടും ഒന്നും ചെയ്യുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. മാലിന്യം നീക്കം ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട് എത്ര നിര്‍ദേശങ്ങള്‍ ലെഫ്. ഗവര്‍ണര്‍ പുറപ്പെടുവിച്ചു? ഈ ക്രമക്കേട് പരിഹരിക്കാന്‍ നിങ്ങള്‍ എത്ര സമയമെടുക്കും?കോടതി ആരാഞ്ഞു. ഖര മാലിന്യ സംസ്‌കരണം തന്റെ അധികാരപരിധിയിലാണെന്ന് വ്യക്തമാക്കി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെയാണ് ജസ്റ്റിസ് മഥന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബഞ്ച് ഗവര്‍ണറെ വിമര്‍ശിച്ചത്.
വിഷയത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുറ്റപ്പെടുത്താന്‍ ലെഫ്.ഗവര്‍ണറിന് സാധിക്കില്ലെന്നും കോടതി പറഞ്ഞു.
ലെഫ്.ഗവര്‍ണര്‍ക്കാണോ സര്‍ക്കാരിനാണോ കൂടുതല്‍ അധികാരമെന്ന വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായ വിധിയായിരുന്നു സുപ്രിം കോടതിയില്‍നിന്നുണ്ടായത്. ഇതിനു പിന്നാലെയാണ് ലെഫ്. ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രിം കോടതി വീണ്ടും രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഒഖ്‌ല, ഭല്‍സ്വ, ഘാസിപുര്‍ എന്നിവിടങ്ങളിലെ ‘മൂന്നുമാലിന്യമല’കള്‍ നീക്കം ചെയ്യുന്നത് ആരുടെ ഉത്തരവാദിത്തമാണെന്ന് അറിയിക്കണമെന്ന് ചൊവ്വാഴ്ച കോടതി ലെഫ്. ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. മാലിന്യം നീക്കം ചെയ്യാതെ കിടക്കുന്നതു മൂലം ഡല്‍ഹി നിവാസികള്‍ക്ക് ഡെങ്കി, മലേറിയ, ചിക്കന്‍ ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ ബാധിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി.

Related News