Thursday
22 Nov 2018

മികച്ചതാര്? നെയ്മറോ എംബാപ്പെയോ

By: Web Desk | Wednesday 12 September 2018 7:52 PM IST

ലോകഫുട്‌ബോളിലെ തന്നെ ഏറ്റവും മൂല്യം കൂടിയ രണ്ടു താരങ്ങള്‍ കളിക്കുന്ന ക്ലബാണ് പിഎസ്ജി. നെയ്മറും എംബാപ്പയുമാണ് ഈ രണ്ടു താരങ്ങള്‍. ഇവരില്‍ ആരാണു മികച്ചവനെന്ന തര്‍ക്കം ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, അത്‌ലറ്റികോ മാഡ്രിഡിന്റെ അര്‍ജന്റീനിയന്‍ പരിശീലകന്‍ സിമിയോണിയുടെ അഭിപ്രായത്തില്‍ നെയ്മര്‍ തന്നെയാണ് എംബാപ്പയെക്കാള്‍ മികച്ച താരം. നെയ്മര്‍, എംബാപ്പെ എന്നിവരില്‍ ഏതു താരത്തെയാണു ടീമിലേക്കു കൊണ്ടുവരാന്‍ താല്‍പര്യപ്പെടുകയെന്ന സ്പാനിഷ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സിമിയോണി.

കളിക്കളത്തില്‍ നെയ്മര്‍ നടത്തുന്ന ഗംഭീര പ്രകടനത്തെ കുറിച്ച് ആര്‍ക്കും സംശയമില്ലെങ്കിലും ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി കിരീടം ഫ്രാന്‍സിനു നേടിക്കൊടുക്കുന്നതില്‍ പത്തൊന്‍പതുകാരനായ എംബാപ്പെ വഹിച്ച പങ്കാണ് താരത്തെ സൂപ്പര്‍താര പരിവേഷത്തിലേക്ക് ഉയര്‍ത്തിയത്.

ലോകകപ്പിനു മുന്‍പു വരെ മെസി, റൊണാള്‍ഡോ എന്നിവര്‍ക്കു ശേഷം മൂന്നാമന്‍ നെയ്മറാണെന്നു പറഞ്ഞിരുന്നെങ്കിലും അതിലും ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ടെന്നത് തീര്‍ച്ചയാണ്. എംബാപ്പെ, ഗ്രീസ്മന്‍, ഹസാര്‍ഡ് എന്നിവരാണ് ഇപ്പോള്‍ ഈ കൂട്ടത്തിലേക്ക് ഉയര്‍ന്നു വന്നിരിക്കുന്നത്.

നെയ്മറാണ് എംബാപ്പയെക്കാള്‍ മികച്ച താരമെന്നും ലൂയിസ് എന്റിക്വയുടെ ബാഴ്‌സലോണ ടീമില്‍ താരത്തിന്റെ വര്‍ക്ക് റേറ്റ് അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും സിമിയോണി പറഞ്ഞു. നേരെ മറിച്ച് സ്വയം കേന്ദ്രീകരിച്ചു കളിക്കുന്ന രീതിയാണ് എംബാപ്പയുടേതെന്നും ടീമില്‍ ഒരു പ്രത്യേക റോള്‍ താരത്തിനില്ലെന്നും സിമിയോണി പറഞ്ഞു. അതേ സമയം നെയ്മര്‍ക്ക് കൃത്യമായ ഒരു റോളും ഒരു പൊസിഷനുമുണ്ടെന്നും അതില്‍ എല്ലായ്‌പോഴും തിളങ്ങാന്‍ താരത്തിനു കഴിയുമെന്നും സിമിയോണി പറഞ്ഞു.

നിലവില്‍ പിഎസ്ജിയില്‍ ഇരുതാരങ്ങളും ഉറുഗ്വായ് താരം കവാനിയുമടങ്ങുന്ന സഖ്യം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ആദ്യ മൂന്നു മത്സരങ്ങളിലും മൂന്നു ഗോളിലധികം നേടിയുള്ള വിജയം പിഎസ്ജിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. ഇവര്‍ക്കു പുറമേ അര്‍ജന്റീനിയന്‍ താരം ഡി മരിയയും ടീമിനു വേണ്ടി ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് കിരീടവും ബാലണ്‍ ഡി ഓറും സ്വന്തമാക്കണമെന്ന ആഗ്രഹത്തോടെ പിഎസ്ജിയിലെത്തിയ നെയ്മര്‍ക്ക് അതു സ്വന്തമാക്കാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. അതേ സമയം നെയ്മറെ മറികടക്കുന്ന പ്രകടനം കാഴ്ച വെച്ച് വ്യക്തിഗത നേട്ടങ്ങള്‍ എംബാപ്പെ സ്വന്തമാക്കിയാലും അതില്‍ അത്ഭുതപ്പെടാനില്ല.