Tuesday
17 Jul 2018

ഐ എസ് റിക്രൂട്ട്മെന്‍റ്: യാസ്മിന് ഏഴുവര്‍ഷം കഠിനതടവും പിഴയും

By: Web Desk | Saturday 24 March 2018 12:14 PM IST

ഐഎസ് റിക്രൂട്ട്‌മെന്‍റ് കേസിലെ പ്രതിയായ ഹൈദരാബാദ് സ്വദേശിനി യാസ്മിന്‍ മുഹമ്മദ് സാഹിദിന് (29) ഏഴ് വര്‍ഷം കഠിനതടവ് ശിക്ഷയും 25000 രൂപ പിഴയും വിധിച്ചു. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് വിധി.

കാസര്‍കോട് സ്വദേശികളായ 15 യുവാക്കളെ ഭീകര സംഘടനയായ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പങ്കാളിയായി എന്നാണ് ഇവര്‍ക്ക് എതിരെ ചുമത്തിയ കുറ്റം. കാസര്‍കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് യാസ്മിന്‍. ഇവരുടെ ഭര്‍ത്താവും കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയുമായ അബ്ദുല്‍ റാശിദാണ് കേസിലെ ഒന്നാംപ്രതി. ഇയാള്‍ നേരത്തേ തന്നെ അഫ്ഗാനിസ്ഥാനിലേക്ക് കടന്നിരുന്നു. ഐഎസ് റിക്രൂട്ട്‌മെന്‍റുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആദ്യ കോടതിവിധി കൂടിയാണ് ഇന്നലത്തേത്.

ഭര്‍ത്താവിന്‍റെയടുത്ത് എത്തുന്നതിന് കാബൂളിലേക്ക് പോകുന്നതിനായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ 2016 ജൂലൈ 30നാണ് യാസ്മിനെ കേരളാ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യാസ്മിനും അബ്ദുല്‍ റാശിദിനും എതിരെ ഭീകര വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യുഎപിഎ) ചുമത്തുകയായിരുന്നു.

ഒരു പ്രമുഖ സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യവെ പരസ്പരം അടുപ്പത്തിലായ റാശിദും യാസ്മിനും ചേര്‍ന്നു കാസര്‍കോട് സ്വദേശികളായ പതിനഞ്ചോളം യുവാക്കളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്ത് അഫ്ഗാനിസ്ഥാനിലേക്ക് കടത്തി എന്നാണ് കേസ്. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് യാസ്മിന്‍റെ പക്കല്‍നിന്ന് 20,000 രൂപയും 620 ഡോളറും മൊബൈലും ലാപ്‌ടോപ്പും പിടിച്ചെടുത്തിരുന്നു.

ആദ്യം കേരള പൊലീസ് അന്വേഷിച്ച് കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറുകയായിരുന്നു.
അന്വേഷണം പൂര്‍ത്തിയാക്കി എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 52 പ്രോസിക്യൂഷന്‍ സാക്ഷികളെയും ഒരു പ്രതിഭാഗം സാക്ഷിയെയും വിസ്തരിച്ചു. ജാസ്മിന്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോടതി യുഎപിഎ നിയമം മുപ്പത്തിയെട്ടാം വകുപ്പ് അനുസരിച്ച് ഏഴുവര്‍ഷവും 39 വകുപ്പ് അനുസരിച്ച ഏഴുവര്‍ഷവും നാല്‍പതാം വകപ്പ് അനുസരിച്ച് ഏഴുവര്‍ഷവും കഠിന തടവ് ശിക്ഷ വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ മൊത്തം ഏഴു വര്‍ഷമാണ് തടവ് അനുഭവിക്കേണ്ടിവരിക. 25,000 രൂപ പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.

Related News