Monday
20 Aug 2018

ഇസ്രത്ത് ജഹാന്‍ കേസിലെ പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥ പിള്ള വാഹനാപകടത്തില്‍ മരിച്ചു. 

By: Web Desk | Friday 13 April 2018 2:27 PM IST

അഹമ്മദാബാദില്‍ 2004 ജൂണില്‍ നടന്ന ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ രംഗം,(ഫയൽ ചിത്രം)

കായംകുളം: കോളിളക്കം സൃഷ്ടിച്ച ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പരാതിക്കാരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളായ ജാവേദ് ഗുലാം ഷെയ്ഖ് എന്ന പ്രാണേഷ് കുമാറിന്റെ പിതാവുമായ ഗോപിനാഥ പിള്ള (78) ദുരൂഹസാഹചര്യത്തിൽ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ നൂറനാട്  താമരക്കുളം കൊട്ടക്കാട്ടുശേരി മണലാടി തെക്കതില്‍ ഗോപിനാഥന്‍പിള്ള ഇന്ത്യ മുഴുവൻ ശ്രദ്ധിച്ച നിയമപോരാട്ടം പാതിവഴിയിൽ ഉപേക്ഷിച്ചാണ് പോകുന്നത്. ഏതൊരു കുടുംബവും തകർന്നടിയുമായിരുന്ന സാഹചര്യത്തിൽ തന്റെ മകൻ തീവ്രവാദിയല്ലെന്ന്  ഉറക്കെ വിളിച്ചുപറഞ്ഞു നിയമത്തിന്റെ വഴിയിൽ അവസാനം വരെ പതറാതെ നിൽക്കുകയായിരുന്നു ഈ പിതാവ്.  

ചൊവ്വാഴ്ച ആലപ്പുഴ തങ്കിപ്പള്ളിയ്ക്ക് സമീപം  ബുധനാഴ്​ച രാവിലെയായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച കാറി​​​ന്റെ പിന്നില്‍ ടാങ്കര്‍ ഇടിക്കുകയായിരുന്നു.  കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം  ഇന്നു പുലര്‍ച്ചെ രണ്ടരയോടെ മരണത്തിനു കീഴടങ്ങി. മൃതദേഹം സംസ്കാരത്തിനായി ആലപ്പുഴയിലേക്ക് കൊണ്ടുപോയി.

2004 ജൂണില്‍ അഹമ്മദാബാദില്‍ നടന്ന ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ നിലവില്‍ സിബിഐ അന്വേഷിക്കുന്ന കേസാണ്. ജാവേദ് ഗുലാം ഷെയ്ഖും (പ്രാണേഷ് കുമാർ) ഇസ്രത്ത് ജഹാനും ഉള്‍പ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ വംശീയ തുടച്ചുനീക്കലിന്റെ ഭാഗമായിരുന്നു ഈ വ്യാജ ഏറ്റുമുട്ടൽ. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൊലപ്പെടുത്താൻ ഒരു നീല ഇൻഡിക  കാറിൽ ഒരു സംഘം വരുന്നുവെന്ന  സന്ദേശം കിട്ടിയെന്നു പറഞ്ഞു ഗുജറാത്ത് പോലീസ് ഇവരെ വെടിവച്ചു കൊല്ലുകയായിരുന്നു. എന്നാൽ ഈ സന്ദേശം വ്യാജമായിരുന്നുവെന്നു പിന്നീട് വ്യക്തമായി. മരിച്ച 4 പേർക്കും തീവ്രവാദ ബന്ധം ഉള്ളതായി തെളിഞ്ഞില്ല.

1991-ലാണ് പ്രാണേഷ് കുമാര്‍ പൂനയില്‍ ജോലിയുണ്ടായിരുന്ന പിതാവ് ഗോപിനാഥന്‍പിള്ളക്കൊപ്പം എത്തുന്നത്. ഇവിടെ വച്ചാണ് അയല്‍വാസിയായിരുന്ന മുസ്ലിം വിശ്വാസിയായ സജിതയെ പ്രണയിക്കുകയും വിവാഹം കഴിക്കാനായി ജാവേദ് ഗുലം മുഹമ്മദ് ശൈഖ് എന്ന പേരിൽ ഇസ്​ലാം മതം സ്വീകരിക്കുന്നത്. ഇതോടെ ഗോപിനാഥന്‍പിള്ളയുമായി അകന്ന ജാവേദ് 97-ലാണ് പിന്നെ നാടുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഭാര്യ സജിത, മക്കളായ അബൂബക്കര്‍ സിദ്ദീഖ്, സദഫ്, മൂസാ ഖലീലുല്ല എന്നിവരുമായി നിരവധി തവണ നാട്ടിലെത്തി. മകന്‍ മരിച്ച ശേഷവും മരുമകളും കുടുംബവുമായി ഇൗടുറ്റബന്​ധം തന്നെ നിലനിര്‍ത്തി മാതൃകയാകാനും ഗോപിനാഥന്‍പിള്ളക്കു കഴിഞ്ഞു. മൂന്ന്​ മാസം മുമ്പ് ​ പൂനെയിലെത്തി രണ്ടാഴ്​ചയോളം പ്രാണേഷ് കുമാറിന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ ശേഷമാണ്​ മടങ്ങിയത്​.