Tuesday
22 Jan 2019

ഗഗന്‍യാന്‍ 2021 ല്‍ പറക്കുമെന്ന് ഐഎസ്ആര്‍ഒ

By: Web Desk | Friday 11 January 2019 10:44 PM IST

ന്യൂഡല്‍ഹി: മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന സ്വപ്‌ന പദ്ധതിയായ ഗഗന്‍യാന്‍ 2021 ഡിസംബറില്‍ ചിറകിലേറി പറക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ അറിയിച്ചു. മനുഷ്യരില്ലാത്ത പേടകങ്ങളെ 2021 ജൂലൈയോടെ ബഹിരാകാശത്തേക്ക് എത്തിച്ചതിന് ശേഷമാകും മനുഷ്യരുമായി ഗഗന്‍യാന്‍ എത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗളൂരുവില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് പേരടങ്ങുന്ന സംഘത്തെ ഏഴ് ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയക്കുന്ന ചരിത്രദൗത്യമായ ഗഗന്‍യാന് 10,000 കോടി സര്‍ക്കാര്‍ ഇതിനോടകം അനുവദിച്ചിട്ടുണ്ട്.
മലയാളിയായ ഡോ. ഉണ്ണിക്കൃഷ്ണനാണ് ദൗത്യത്തിന്റെ ചുമതല. 30,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ മനുഷ്യനില്ലാത്ത പേടകം ബഹിരാകാശത്ത് ഇറക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

മനുഷ്യരില്ലാതെ 2020 ഡിസംബറിലും 2021 ജൂലൈയിലും രണ്ട് ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കും. ദൗത്യങ്ങള്‍ക്കുള്ള ആദ്യ പരിശീലനം ഇന്ത്യയിലും രണ്ടാംഘട്ട പരിശീലനം റഷ്യയിലും നല്‍കും. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍2 ഏപ്രിലില്‍ വിക്ഷേപിക്കും എന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

മാര്‍ച്ച് 25നും ഏപ്രില്‍ അവസാനത്തിനുമിടയ്ക്ക് ദൗത്യം നടപ്പാക്കുമെന്നാണ് അറിയിച്ചതെങ്കിലും ഏപ്രില്‍ പകുതിയില്‍ നടപ്പാകുമെന്നാണ് കരുതുന്നതെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ശിവന്‍ അറിയിച്ചു.

ചരിത്ര ദൗത്യം പൂര്‍ത്തിയാകുന്നതോടെ മനുഷ്യരെ ബഹിരാകാശത്തെത്തിച്ച അമേരിക്ക,റഷ്യ,ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുമെത്തും. ക്ര്യൂ മൊഡ്യൂള്‍, സര്‍വീസ് മൊഡ്യൂള്‍, ഓര്‍ബിറ്റല്‍ മൊഡ്യൂള്‍ എന്നിവ വഹിച്ച് ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലാണ് ഗഗന്‍യാന്‍ കുതിക്കുക. തിരിച്ച് ഇറങ്ങാന്‍ വേണ്ടത് 36 മിനിട്ടാണ്. അറബിക്കടലില്‍ ഗുജറാത്ത് തീരത്തിന് സമീപം ഇറങ്ങും. ഇനി സാങ്കേതിക തടസമുണ്ടായാല്‍ തിരിച്ചിറങ്ങുന്നത് ബംഗാള്‍ ഉള്‍ക്കടലിലായിരിക്കും. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും റഷ്യയുടെ ഫെഡറല്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസ് സ്ലെയിറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ സ്‌പേസ് ആക്ടിവിറ്റീസും ഒരുമിച്ചാണ് ഗഗന്‍യാന്‍ പദ്ധതിക്ക് വേണ്ടി പ്രവര്‍ത്തിക്കുക.