Tuesday
11 Dec 2018

ചരിത്ര നേട്ടത്തിലേക്കുള്ള കുതിപ്പിനായി ഐഎസ്ആര്‍ഒ 

By: Web Desk | Wednesday 10 January 2018 2:53 PM IST

ന്യൂഡല്‍ഹി:

ഐഎസ്ആര്‍ഒ ചരിത്ര നേട്ടത്തിലേക്കുള്ള കുതിപ്പിനായി ഒരുങ്ങുകയാണ്.ഇന്ത്യയുടെ നൂറാം ഉപഗ്രഹം ജനുവരി 12 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരും.  30 ഉപഗ്രഹങ്ങളാണ് ഈ ഒരോറ്റ ദൗത്യത്തിലൂടെ പിഎസ്എല്‍വി ബഹിരാകാശത്തെത്തിക്കുന്നത്.

വിദേശ ഉപഗ്രഹങ്ങളില്‍ 25 നാനോ സാറ്റലൈറ്റുകളും മൂന്നു മൈക്രോ സാറ്റലൈറ്റുകളും ഉള്‍പ്പെടുന്നു. ഇതുവരെ 97 ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചിട്ടുള്ളത്. നൂറാമത്തെ ഉപഗ്രഹവും ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് ഐഎസ്ആര്‍ഒ  ഡയറക്ടര്‍ എം. അണ്ണാദുരൈ പറഞ്ഞു.

ദൗത്യത്തിലെ പ്രധാനതാരം റിമോട്ട് സെന്‍സിങ്ങിനു വേണ്ടിയുള്ള കാര്‍ട്ടോസാറ്റ് 2, പരമ്പരയിലെ 710 കിലോ ഭാരമുള്ള മൂന്നാം ഉപഗ്രഹമാണ്. ശേഷിക്കുന്ന 30 ഉപഗ്രഹങ്ങളുടെയും മൊത്തം ഭാരം ഇതിനേക്കാള്‍ കുറവാണ് 613 കിലോ. ബഹിരാകാശത്തുനിന്ന് ഉന്നത നിലവാരമുള്ള ‘സ്‌പോട്ട്’ ചിത്രങ്ങളെടുക്കുകയാണു കാര്‍ട്ടോസാറ്റ് രണ്ടിന്റെ ലക്ഷ്യം. പാന്‍ക്രോമാറ്റിക്, മള്‍ട്ടി സ്‌പെക്ട്രല്‍ ക്യാമറകള്‍ ഇതിന്റെ ഭാഗമാണ്. പാന്‍ക്രോമാറ്റിക് ക്യാമറയ്ക്ക് ഒറ്റയടിക്ക് 9.56 കിലോമീറ്റര്‍ ദൂരം സ്‌കാന്‍ ചെയ്യാനാകും. ഒരു മീറ്ററാണ് റെസലൂഷന്‍.

ഐഎസ്ആര്‍ഒയുടെ തൊട്ടുമുന്‍പു നടന്ന പിഎസ്എല്‍വി ദൗത്യം സി 39, താപകവചം പൊട്ടിമാറാതിരുന്നതിനെ തുടര്‍ന്നു പരാജയപ്പെട്ടിരുന്നു. അതിനാല്‍ തുടര്‍ച്ചയായ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് പുതിയ ദൗത്യത്തിലേക്കു കടക്കുന്നത്.