Wednesday
22 Nov 2017

ഐടി @ സ്‌കൂള്‍ ഇനി ‘കൈറ്റ്’

By: Web Desk | Monday 7 August 2017 6:07 PM IST

 

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയില്‍ ഐടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐടി@സ്‌കൂള്‍ പ്രോജക്ട് സര്‍ക്കാര്‍ കമ്പനിയായി മാറി. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കെ ഐ ടി ഇ -കൈറ്റ്) എന്ന പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ആദ്യ സര്‍ക്കാര്‍ കമ്പനിയുടെ രൂപീകരണം പൂര്‍ത്തിയായി. കമ്പനിയുടെ ലോഗോ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥിന്റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ വകുപ്പിലെ ഐടി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്ന കൈറ്റിന്റെ പ്രവര്‍ത്തനമേഖല ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. നവകേരള മിഷന്‍ പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം രൂപീകൃതമാകുന്ന ആദ്യത്തെ എസ് പി വിയും ‘കൈറ്റ്’ ആണ്.
2001-ലാണ് സംസ്ഥാനത്തെ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഐടി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഐടി@സ്‌കൂള്‍ പ്രോജക്ട് രൂപീകരിക്കുന്നത്. 2005ലെ എസ് എസ് എല്‍ സിയില്‍ ഐടി പാഠ്യവിഷയമായതും എഡ്യൂസാറ്റ് സംവിധാനവും, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നടപ്പാക്കിയതും ഐടി@സ്‌കൂളിനെ ശ്രദ്ധേയമാക്കി.
സര്‍ക്കാര്‍ കമ്പനിയാകുന്നതോടെ കേവലം ഒരു പ്രോജക്ട് എന്ന പരിമിതിയില്‍ നിന്നും കൂടുതല്‍ വിശാലമായ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ കൈറ്റിന് കഴിയും. വിദ്യാഭ്യാസ വകുപ്പിന്റെ 4775 സ്‌കൂളുകളിലെ 45000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്ന 493.5 കോടിയുടെ പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം ലഭിക്കുകയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസാണ് കൈറ്റിന്റെ സിഎംഡി ഐടി@സ്‌കൂള്‍ ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് വൈസ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍ കുമാറും ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാണ്. ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗവും കൂടി. സ്‌കൂളുകളുടെയും കോളജുകളുടെയും ഐടി കാര്യങ്ങള്‍ നിലവിലുള്ള ഐടി@സ്‌കൂള്‍ വിഭാഗത്തെ വിപുലീകരിച്ചുകൊണ്ട് കൈകാര്യം ചെയ്യുമ്പോള്‍ മറ്റു പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു വിഭാഗം കൈറ്റില്‍ രൂപം കൊള്ളും.
ഉന്നത വിദ്യാഭ്യാസ മേഖലയിലും പൂര്‍ണമായും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ഐടി മുന്നേറ്റത്തിന് അവസരമൊരുക്കാനും, വിക്ടേഴ്‌സ് ചാനല്‍ വിപുലപ്പെടുത്താനും പുതിയ സംവിധാനം ഉപകരിക്കുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് പറഞ്ഞു. ഐടി@സ്‌കൂള്‍ പുതിയ കമ്പനിയുടെ ഒരു ബ്രാന്‍ഡ് നെയിം ആയിത്തന്നെ തുടരും.

Related News