Monday
10 Dec 2018

വ്യക്തിബന്ധ അപഗ്രഥന സമ്മേളനം കൊച്ചിയില്‍

By: Web Desk | Tuesday 7 August 2018 4:34 PM IST

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വ്യക്തിബന്ധ അപഗ്രഥന അന്തര്‍ദേശീയ സമ്മേളനം ‘ഐടിഎഎ – എസ്എഎടിഎ’ ( ITAA- SAATA ) ഓഗസ്റ്റ് 17 മുതല്‍ 19 വരെ കൊച്ചി ഹോട്ടല്‍ അബാദ് പ്ലാസയില്‍ നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നായി കൗണ്‍സിലര്‍മാര്‍, മനോരോഗ ചികിത്സകര്‍, പരിശീലകര്‍, ആഗോള സംഘടന ഭാരവാഹികള്‍ തുടങ്ങി നാനൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഡാന്‍സ് ഓഫ് കള്‍ച്ചര്‍ എന്ന പ്രമേയത്തിലാണ് ദി ഇന്റര്‍നാഷണല്‍ ട്രാന്‍സാക്ഷനല്‍ അനാലിസിസ് അസോസിയേഷന്റെ (ഐടിഎഎ) ഈ അന്തര്‍ദേശീയ സമ്മേളനം നടക്കുക. സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഓഫ് ട്രാന്‍സാക്ഷനല്‍  അനാലിസിസ് ന്റെ (എസ്എഎടിഎ) ആഭിമുഖ്യത്തിലാണ് സമ്മേളനം.
ട്രാന്‍സാക്ഷനല്‍  അനാലിസിസും സോഷ്യല്‍ സൈക്കോളജിയുമായി ബന്ധപ്പെട്ട പ്രധാന ആശയങ്ങള്‍ വ്യക്തികളെയും പ്രത്യേകിച്ച് വിദ്യാര്‍ഥികളെയും ജീവിത വിജയത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സമ്പര്‍ക്ക രീതികള്‍ മാറ്റുവാന്‍ ഏറെ സഹായിക്കുമെന്ന് എസ്എഎടിഎ പ്രസിഡന്റ് സൂസന്‍ ജോര്‍ജ്ജ് പറഞ്ഞു.
വ്യക്തിത്വ, വ്യക്തിബന്ധ വികാസനങ്ങള്‍ക്ക് സഹായകമായ ട്രാന്‍സാക്ഷനല്‍  അനാലിസിസ്, അതു വഴിയുള്ള പ്രഫഷണല്‍, സംഘടനാശക്തി, മാനേജ്‌മെന്റ് എന്നിവയുടെ വളര്‍ച്ച പ്രധാനമായും ലക്ഷ്യമിടുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കും പ്രഫഷണലുകള്‍ക്കും സംരംഭകര്‍ക്കും സംഘടന പ്രവര്‍ത്തകര്‍ക്കുമെല്ലാം സമ്മേളനം പ്രയോജനപ്പെടുമെന്ന് സൂസന്‍ ജോര്‍ജ്ജ് പറഞ്ഞു.
ട്രാന്‍സാക്ഷണല്‍  അനാലിസിസ് നിരന്തരമായ മാറ്റത്തിന് വിധേയമായ ഒരു സംസ്‌കാരമാണ്. ഈ മേഖലയിലെ പ്രധാന ആശയങ്ങള്‍ കാലികമായ സിദ്ധാന്തങ്ങളും രീതികളുമായി സംയോജിപ്പിച്ച് വ്യക്തിത്വ വികസനത്തിനും മാനവവിഭവശേഷി വര്‍ധിപ്പിക്കുന്നതിനും ഫലപ്രദമായ മാതൃകകള്‍ സൃഷ്ടിക്കാനും സമ്മേളനം ലക്ഷ്യമിടുന്നുണ്ട്.

ട്രാന്‍സാക്ഷനല്‍  അനാലിസിസിന് ഇന്ത്യ നല്‍കിയ സംഭാവനകളും ഈ മേഖലയിലെ നൂതന സംസ്‌കാരങ്ങളെയും സംബന്ധിച്ച് പ്രശസ്ത ട്രാന്‍സാക്ഷനല്‍ അനാലിസ്റ്റ് മിസ് ജൂലി ഹേ (യു.കെ) ആഗസ്റ്റ് 17ന് ഉദ്ഘാടന സെഷനില്‍ സംസാരിക്കും. ഡോ.ഫിലിപ്പ് ജോണ്‍,എം.ഡി, സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്,നിംഹാന്‍സ്, ഡോ.വര്‍ഗീസ് പുദുശ്ശേരി, പ്രസിഡന്റ് ഓഫ് കേരള കൗണ്‍സിലേഴ്‌സ് ഫോറം, ഫൗണ്‍ഡിംഗ് ഡയറക്ടര്‍ ഓഫ് സാന്ത്വന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സിലിങ്ങ് ആന്റ് സൈക്കോതെറാപ്പി, എറണാകുളം എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കും.

പതിനഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ നയിക്കുന്ന സെഷനുകളും ഏഴു സമാന്തര വേദികളിലായി അറുപത് ശില്‍പ്പശാലകളും ഉള്‍ക്കൊള്ളുന്നതാണ് മൂന്നു ദിവസത്തെ സമ്മേളനം. വ്യക്തിത്വ വികസനം, സാമൂഹിക രംഗത്തെ മുന്നേറ്റം എന്നിവയില്‍ തല്‍പ്പരരായ മാനേജര്‍മാര്‍, ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍, മാനസിക രോഗ വിദഗ്ധര്‍, ഗവേഷകര്‍, പരിശീലകര്‍ തുടങ്ങി വ്യത്യസ്ത മേഖലയിലുള്ളവര്‍ക്ക് സമ്മേളനത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ പ്രയോജനപ്പെടും.