Saturday
26 May 2018

ഇറ്റ്‌ഫോക്ക്: നാടക സംഘങ്ങള്‍ക്ക് ഊഷ്മള സ്വീകരണം

By: Web Desk | Wednesday 17 January 2018 10:19 PM IST

തൃശൂര്‍: പത്താമത് ഇറ്റ്‌ഫോക്ക് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആവേശത്തിലേക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ രണ്ടു വിദേശ നാടക സംഘങ്ങളെത്തി. ആദ്യ നാടകാവതരണ സംഘമായ പലസ്തീന്‍, രണ്ടാമത്തെ അവതരണ സംഘമായ ചിലി എന്നിവിടങ്ങളിലെ കലാകാരന്മാരാണ് ബുധനാഴ്ച ഉച്ചയോടെ എത്തിയത്. ഇവര്‍ക്ക് കേരള സംഗീത നാടക അക്കാദമിയില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.
നാദസ്വരത്തിന്റെ അകമ്പടിയോടെയും കേരളത്തനിമയാര്‍ന്ന രീതിയിലുമാണ് രണ്ടു നാടക സംഘങ്ങളെയും സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ സ്വീകരിച്ചത്. ഉദ്ഘാടന ദിവസസമയം 20 ന് രാത്രി 8.30ന് കെ ടി മുഹമ്മദ് സ്മാരക തിയറ്ററില്‍ അരങ്ങേറുന്ന പലസ്തീന്‍ നാടകമായ ‘പലസ്തീന്‍ ഇയര്‍ സീറോയിലെ എട്ടംഗ സംഘാംഗങ്ങളായ എയ്‌നാത്ത് വിസ്മാന്‍ (സംവിധായിക), ജോര്‍ജ്ജ് ഇബ്രഹിം, റബേക്ക ടെലാമേ അയാസ് നഥോര്‍, ഹസാന്‍ അഷ്‌കര്‍, അംജദ് ബാദക്, സല്‍മ, സലീം ഷഹാദ എന്നിവരും 21ന് 7.30ന് ഭരത് മുരളി തിയറ്ററില്‍ അരങ്ങേറുന്ന ചിലിയന്‍ നാടകമായ ‘മുണ്‍ഡോ മൊസാര്‍ട്ടി’ലെ മാനുവല്‍ ലയോള (സംവിധായകന്‍), മഗ്ദലേന വാരാസ്, റോബര്‍ത്തോ റോവ, ജൂലിയോ ഓലീവ്, മനോജ് പി മത്തായി എന്നിവരുമാണ് എത്തിയത്.
വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയെക്കുറിച്ചും ഇന്ത്യന്‍ നാടകങ്ങളെപ്പറ്റിയും കൂടുതല്‍ അറിയാന്‍ താത്പ്പര്യമുണ്ടെന്ന് പലസ്തീന്‍ ഇയര്‍ സീറോ സംവിധായിക ഐനാത്ത് വിസ്മാന്‍ സ്വീകരണയോഗത്തില്‍ സംസാരിക്കവേ പറഞ്ഞു. പലസ്തീനില്‍ നടത്തിയ ഇസ്രയേല്‍ കുടിയൊഴിപ്പിക്കലുകളുടെ കഥയാണ് പലസ്തീന്‍ ഇയര്‍ സീറോ. ഇന്ത്യയെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിലെ നാടക പാരമ്പര്യത്തെപ്പറ്റി ഇനിയും കേള്‍ക്കാനായിട്ടില്ല. നാടകത്തിലും മികച്ച നിലവാരം പുലര്‍ത്താന്‍ ഇന്ത്യക്കാര്‍ക്കു സാധിക്കുമെന്നാണ് പ്രതീക്ഷ. ഇറ്റ്‌ഫോക്കില്‍ ആദ്യമായാണ് വരുന്നത്. കേരളത്തിന്റെ ആതിഥ്യമര്യാദ നല്ല രീതിയില്‍ തന്നെയുള്ള അംഗീകരിക്കലാണെന്നും ഐനാത്ത് വിസ്മാന്‍ കൂട്ടിച്ചേര്‍ത്തു.
സ്വീകരണയോഗത്തില്‍ അക്കാദമി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി മധു, ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ ജലീല്‍ ടി കുന്നത്ത്, അക്കാദമി നിര്‍വ്വാഹകസമിതി അംഗങ്ങളായ വിദ്യാധരന്‍ മാസ്റ്റര്‍, വി ഡി പ്രേംപ്രസാദ്, അക്കാദമി പ്രോഗ്രാം ഓഫീസര്‍ എ വി രാജീവന്‍, അക്കാദമി ജീവനക്കാര്‍ എന്നിവരും സന്നിഹിതരായിരുന്നു.