Friday
25 May 2018

മലയാളി ചക്കയ്ക്ക് ഉപ്പുനോക്കാന്‍ അന്യസംസ്ഥാനത്തുനിന്നും ആളുവരും

By: Web Desk | Monday 5 February 2018 4:45 PM IST

കോട്ടയം: ഏറെ ഔഷധഗുണമുള്ള ചക്കയെ മലയാളി ഇന്ന് പാടേ അവഗണിച്ച മട്ടാണ്. ഒരുകാലത്ത് മലയാളയിയുടെ തീന്‍മേശയിലെ പ്രധാനവിഭവമായിരുന്നു ചക്കയും ചക്കക്കുരുവും. ഇന്ന് പക്ഷേ, ചക്കയ്ക്ക് ആവശ്യക്കാര്‍ തമിഴരാണ്.
കാരണം തമിഴരുടെ ആരോഗ്യമേഖലയില്‍ പ്രമേഹത്തിനും പൈല്‍സിനുമെല്ലാം അടിവരയിടുന്ന ഭക്ഷണം മലയാളിയുടെ സ്വന്തം ചക്കവിഭവങ്ങള്‍ തന്നെയാണ്. ഇപ്പോള്‍ തന്നെ തമിഴ്‌നാട്ടില്‍നിന്ന്‌വാഹനങ്ങളെത്തി പ്ലാവിന്‍ തൈകള്‍ക്ക് ബുക്കിങ് ചാര്‍ജ് നല്‍കിയാണ് മടക്കം. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലേക്കാണ് ചക്ക കൂടുതല്‍ കയറിപ്പോകുന്നത്.
അന്യസംസ്ഥാനക്കാര്‍ക്ക് ഇതിന്റെ രുചി പിടിച്ചതോടെയാണ് നാട്ടിന്‍പുറങ്ങളില്‍ അത്ര പ്രിയമല്ലാത്ത ചക്കയുടെ രുചിഭേദങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. കുടുംബശ്രീയുടെയും സാംസ്‌കാരിക സംഘടനകളുടെയുമെല്ലാം ആഭിമുഖ്യത്തില്‍ ചക്കകൊണ്ട് വിഭവങ്ങള്‍ ഉണ്ടാക്കുന്ന മത്സരങ്ങള്‍ ആരംഭിച്ചാണ് ചക്ക വിപണി സജീവമാക്കിയത്. ചക്കഅട, ചക്കപ്പുഴുക്ക്, കട്‌ലറ്റ്, ചക്കപ്പായസം, ചക്ക അലുവ, ചക്കവറ, ചക്ക കേക്ക് എന്നിവയാണ് വിപണിയെ കീഴടക്കിയിരിക്കുന്നത്. തട്ടുകടകളിലും കള്ളുഷാപ്പുകളിലും കപ്പയ്ക്ക് പകരം ചക്കയ്ക്കും പോട്ടിക്കുമാണ് ഇപ്പോള്‍ ഡിമാന്‍ഡ്. കേരളത്തില്‍നിന്ന് ഒരു ചക്കയ്ക്ക് 20 രൂപ മുതല്‍ 40 രൂപ വിലയ്ക്ക് വാങ്ങി കൊണ്ടുപോകുന്ന ഇടനിലക്കാര്‍ മറ്റു സംസ്ഥാനങ്ങളില്‍ വില്‍പന നടത്തി വന്‍ നേട്ടമാണ് കൊയ്യുന്നത്.
മികച്ച വില ലഭിക്കുന്നതുകൊണ്ടുതന്നെ ചക്ക ഇപ്പോള്‍ മലയാളിക്ക് വില്‍പ്പനച്ചരക്ക് തന്നെയായിക്കഴിഞ്ഞു. മഴ സജീവമാകുന്നതിനു മുമ്പുതന്നെ ചക്ക മുഴുവന്‍ വില്‍പ്പന നടത്താനുള്ള നീക്കത്തിലാണ് മലയാളികള്‍. ബംഗാള്‍, ഒറീസ എന്നിവിടങ്ങളില്‍ നിന്നെത്തി പണിയെടുക്കുന്ന തൊഴിലാളികളുടേയും ഇഷ്ട വിഭവമായി ചക്ക മാറിക്കഴിഞ്ഞു. ബേക്കറികളില്‍ മൈദയുടെയും അരിയുടെയും ഹല്‍വകള്‍ക്കുപകരം ചക്ക ഹല്‍വകളും കായ് വറകള്‍ക്കുപകരും
ചക്ക ചിപ്‌സുകള്‍ക്കും ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. തിരക്കേറിയതോടെ പല ബേക്കറികളിലും ഇത് കിട്ടാക്കനിയായി. മേയ് മാസം തീരുന്നതുവരെ ചക്ക വിഭവങ്ങള്‍ക്ക് വലിയ ഡിമാന്റ് ആണ്. ഇതിനുശേഷം മഴ എത്തിയാല്‍ ചക്കയും വിഭവങ്ങളും മാര്‍ക്കറ്റില്‍ നിന്നും അപ്രത്യക്ഷമാകും. ഇതിനിടയില്‍ പരമാവധി ഡിമാന്റ് ഉപയോഗിച്ച് വരുമാനം കൊയ്യാനുള്ള ഒരുക്കത്തിലാണ് ബേക്കറി ഉടമകളും മറ്റും.