കേരളത്തിലെ ചക്ക വിപണി കണ്ടത്‌ തമിഴ്‌നാട്ടിൽ

കേരളത്തിലെ ചക്ക വിപണി കണ്ടത്‌ തമിഴ്‌നാട്ടിൽ
May 18 04:45 2017

കെ കെ ജയേഷ്‌
കേരളത്തിന്റെ തനത്‌ രുചികളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചക്ക, മലയാളികളുമായുള്ള ബന്ധം അരക്കിട്ടുറപ്പിച്ചിട്ട്‌ കാലം കുറെയായി. നാടൻ വിഭവമെന്നും അപാര രുചിയുമെന്നുമൊക്കെ പറയുമെങ്കിലും അതിന്റെ പിന്നാലെ കളയുന്ന സമയനഷ്ടമാണ്‌ ചക്കയെ ഇന്ന്‌ അടുക്കളത്തിണ്ണയിൽ നിന്ന്‌ മാറ്റി നിർത്തുന്നത്‌. ജോലിക്കാരായ വീട്ടമ്മാരെ സംബന്ധിച്ചാണെങ്കിൽ ഒട്ടും സമയമില്ലതന്നെ.
ചക്കയും മാങ്ങയും കൊണ്ട്‌ മൂന്ന്‌ മാസം തള്ളിനീക്കുന്ന കാലമൊക്കെ പോയി. രുചികരവും പോഷകഗുണമുള്ളതുമായ ചക്കയെ മലയാളികൾ കൈയ്യൊഴിയുമ്പോൾ തമിഴ്‌നാട്ടിലെ വിപണികളിൽ ചക്കയ്ക്ക്‌ പ്രചാരം വർദ്ധിക്കുന്നതായാണ്‌ പുതിയ വിവരങ്ങൾ. നല്ല മധുരമുള്ള ചക്കകൾ ആർക്കും വേണ്ടാതെ കേരളത്തിൽ നശിക്കുമ്പോഴാണ്‌ തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ചക്കപ്പഴം വലിയ വിലയ്ക്ക്‌ വിറ്റുപോകുന്നത്‌. പഴനി, കൊടൈക്കനാൽ, കോയമ്പത്തൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡരികിൽ വലിയ തോതിലുള്ള ചക്ക വിൽപ്പന കാണാം. എന്നാൽ കേരളത്തിലിപ്പോഴും ചക്കയുടെ വിപണി സാധ്യത ആരും തിരിച്ചറിഞ്ഞിട്ടില്ല.
കൊടൈക്കനാലിൽ നാല്‌ പഴുത്ത ചക്കച്ചുളയ്ക്ക്‌ പത്ത്‌ രൂപയാണ്‌ വില. തേനിയിൽ നിന്നാണ്‌ കൊടൈക്കനാലിലേക്ക്‌ ചക്കയെത്തുന്നതെന്ന്‌ കൊടൈക്കനാൽ തടാകത്തിനടുത്തുള്ള വിൽപ്പനക്കാരി പനിമലർ പറയുന്നു. തേനിയിൽ നിന്നെത്തുന്ന ചക്ക മൊത്തക്കച്ചവടക്കാരിൽ നിന്ന്‌ വാങ്ങിയാണ്‌ പനിമലർ ഉൾപ്പെടെയുള്ളവർ പത്തുരൂപയ്ക്ക്‌ നാലെണ്ണം വീതം വിൽക്കുന്നത്‌. ഇതേസമയം തേനിയിലേക്ക്‌ വ്യാപകമായി ചക്കയെത്തുന്നതാവട്ടെ കേരളത്തിൽ നിന്നും. സീസണിൽ ലോഡുകണക്കിന്‌ ചക്കകളാണ്‌ കേരളത്തിൽ നിന്ന്‌ തേനി ഉൾപ്പെടെയുള്ള പ്രദേശത്തേക്കെത്തുന്നതെന്ന്‌ കച്ചവടക്കാരനായ അറുമുഖൻ പറയുന്നു. കമ്പം, തേനി ഭാഗങ്ങളിലേക്കാണ്‌ ചക്കകൾ എത്തുന്നത്‌. കുറഞ്ഞ തുകയ്ക്ക്‌ കേരളത്തിൽ നിന്ന്‌ വാങ്ങുന്ന ചക്കകൾക്ക്‌ തേനിയിലെ കച്ചവടക്കാർ നൂറ്‌ രൂപയിലധികം ഈടാക്കിയാണ്‌ ചില്ലറ കച്ചവടക്കാർക്ക്‌ നൽകുന്നത്‌. ചക്കയുടെ ലഭ്യത കുറയുന്ന സമയത്ത്‌ ചുളയ്ക്ക്‌ അഞ്ച്‌ രൂപ വരെ ഈടാക്കാറുമുണ്ട്‌.
ചക്കയുടെ എല്ലാ വശങ്ങളും ഉപയോഗമുള്ളവയാണ്‌. ചക്കക്കുരു സൂക്ഷിച്ച്‌ വെച്ച്‌ സീസൺ അല്ലാത്തപ്പോൾ ഉപയോഗിക്കുകയും ചെയ്യുന്നത്‌ പണ്ട്‌ പതിവായിരുന്നു. എന്നാൽ ജീവിത സാഹചര്യങ്ങൾ മാറിയതോടെ കേരളത്തിൽ ഉണ്ടാവുന്ന ചക്കയുടെ മുപ്പത്‌ മുതൽ അമ്പത്‌ ശതമാനം വരെ നശിച്ചുപോകുകയാണെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. പ്രതിവർഷം 30 കോടിയോളം ചക്ക ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്താണ്‌ മായമില്ലാത്ത ഈ ഉൽപന്നം വ്യാപകമായി നശിച്ചുപോകുന്നത്‌.
സീസൺ കാലങ്ങളിൽ തമിഴ്‌നാട്‌ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നെത്തുന്ന ഇടനിലക്കാരാണ്‌ ചക്ക കച്ചവടം ചെയ്യുന്നത്‌. ആർക്കും വേണ്ടാതെ നശിച്ചുപോകുന്നതുകൊണ്ട്‌ കിട്ടുന്ന തുകയ്ക്ക്‌ കേരളീയർ ചക്ക ഇവർക്ക്‌ നൽകുകയാണ്‌ പതിവ്‌. തമിഴ്‌നാട്ടിലെ വലിയ കച്ചവടക്കാരാണ്‌ കേരളത്തിൽ ഏജന്റുമാരെ നിർത്തി ചക്കകൾ വാങ്ങിക്കൊണ്ടുപോകുന്നത്‌. കേടുകൂടാതെ പറിച്ചെടുക്കുന്ന ചക്കയാണ്‌ നിസാര വില ഈടാക്കി ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ വാങ്ങിക്കൊണ്ടുപോകുന്നത്‌. ഡൽഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്കും കേരളത്തിൽ നിന്നുള്ള ചക്കകൾ വ്യാപകമായി എത്തുന്നുണ്ട്‌.
പഴുത്ത ചുള വിൽക്കുക മാത്രമല്ല ചക്കകൊണ്ട്‌ വിവിധ ഉൽപന്നങ്ങളുണ്ടാക്കി അത്‌ വിപണനം ചെയ്യുന്ന കാര്യത്തിലും തമിഴ്‌നാട്‌ മുമ്പിലാണ്‌. ചക്കകൊണ്ട്‌ അച്ചാർ, കട്ലറ്റ്‌, പായസം, ഹലുവ, കേക്ക്‌ തുടങ്ങിയവയെല്ലാം ഇവിടെ ഉത്പാദിപ്പിക്കുന്നു. മലയാളികൾ തന്നെയാണ്‌ ഇത്തരം വിഭവങ്ങൾ വലിയ തുക കൊടുത്ത്‌ വാങ്ങിക്കൊണ്ടുപോകുന്നതെന്നതാണ്‌ മറ്റൊരു കൗതുകം. ഇത്തരം ഉൽപന്നങ്ങൾ വ്യാപകമായി കയറ്റി അയക്കുന്നതാകട്ടെ കേരളത്തിലേക്കും.
തമിഴ്‌നാട്ടിലെ ബാറുകളിൽ ഉൾപ്പെടെ കപ്പയ്ക്ക്‌ പകരം ചക്ക വിഭവങ്ങൾ നൽകുന്നുണ്ട്‌. വലിയ ഡിമാന്റാണ്‌ ഇത്തരം വിഭവങ്ങൾക്ക്‌ അവിടെയുള്ളത്‌. ചക്ക പായസം ഉൾപ്പെടെയുള്ള വിഭവങ്ങൾ കൊടൈക്കനാൽ ഉൾപ്പെടെയുള്ള തമിഴ്‌നാട്ടിലെ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലെത്തുന്ന വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നു. എന്നാൽ ഇത്തരം സാധ്യതകളൊന്നും കേരളം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ല.
പഴനിക്കടുത്തുള്ള ചില ഗ്രാമങ്ങളിലും വലിയ തോതിൽ ഇപ്പോൾ ചക്ക കൃഷി ചെയ്തുവരുന്നുണ്ട്‌. ഇവിടുത്തെ മാർക്കറ്റിൽ അഞ്ഞൂറ്‌ രൂപയ്ക്ക്‌ വരെ ചക്ക ലേലത്തിൽ പോയിട്ടുണ്ടെന്ന്‌ കച്ചവടക്കാർ പറയുന്നു. ആയിരക്കണക്കിന്‌ ചക്കകളാണ്‌ സീസൺ സമയത്ത്‌ ഇവിടുത്തെ മാർക്കറ്റിൽ വിറ്റഴിയുന്നത്‌. തമിഴ്‌നാട്ടിലെ മറ്റ്‌ പ്രദേശങ്ങളിൽ നിന്നുള്ള കച്ചവടക്കാർ ഇവിടെയെത്തി ചക്ക വാങ്ങുന്നു. വിദേശത്തേക്ക്‌ ഉൾപ്പെടെ ഇവിടെ നിന്ന്‌ ചക്ക കയറ്റുമതി ചെയ്യുന്നുമുണ്ട്‌.
വിദേശരാജ്യങ്ങളിലും കേരളത്തിൽ നിന്നുള്ള ചക്കയ്ക്ക്‌ വലിയ ഡിമാന്റാണ്‌ ഉള്ളത്‌. പ്രകൃതിദത്ത ഉൽപന്നങ്ങളുടെ പട്ടികയിൽ ഉള്ളതുകൊണ്ട്‌ തന്നെ വിദേശരാജ്യങ്ങളിൽ മറ്റ്‌ രാജ്യങ്ങളിൽ നിന്നുള്ള ചക്കയേക്കാൾ പ്രചാരം കേരളത്തിലെ ചക്കയ്ക്ക്‌ തന്നെയാണ്‌. കീടനാശിനിയും വളവുമൊന്നും ഉപയോഗിക്കാത്തതാണ്‌ കേരളത്തിലെ ചക്കയ്ക്ക്‌ പ്രാധാന്യം കൈവരാൻ കാരണം. സമയക്കുറവ്‌ കാരണം കൈവിട്ട്‌ പോകുന്ന നാടൻ രുചികൾ അടുത്ത തലമുറയ്ക്ക്‌ ഓർമ്മകളാകാതിരിക്കട്ടെ.

  Categories:
view more articles

About Article Author